ഓഫ്‌റോഡുകളിലെ താരമാകാന്‍ കെടിഎം '390 അഡ്വഞ്ചര്‍' എത്തി; വില 2.99 ലക്ഷം
ഇന്ത്യയിലെ സാഹസിക പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്ക് കെടിഎം 390 അഡ്വഞ്ചര്‍ വിപണിയിലെത്തി. 2.99 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യു ജി310 ജിഎസ്, കവാസാക്കി വെര്‍സിസ് X-300 എന്നീ നേക്കഡ് ബൈക്കുകളാണ് കെടിഎം 390 അഡ്വഞ്ചറിന്റെ പ്രധാന എതിരാളികള്‍. എന്നാല്‍, വിലയില്‍ ഇവരാണ് മുമ്പില്‍.
കെടിഎം കുടുംബത്തിലെ മുതിര്‍ന്ന 790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലിയും പുതിയ 390 അഡ്വഞ്ചര്‍ പിന്തുടര്‍ന്നിട്ടുണ്ട്. സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് 390 അഡ്വഞ്ചറിലുള്ളത്.
സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മിലാണ് അഡ്വഞ്ചര്‍ പതിപ്പും. 858 എംഎം ആണ് വാഹനത്തിന്റെ സീറ്റ് ഹൈറ്റ്. മികച്ച റൈഡിങ് പൊസിഷനും 390 അഡ്വഞ്ചറില്‍ കെടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്. റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം (158 കിലോഗ്രാം) ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടും. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍.
373.2 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് അഡ്വഞ്ചര്‍ മോഡലിനും കരുത്തേകുക. 44 എച്ച്പി പവറും 37 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും ഇതിലുണ്ട്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 43 എംഎം ഡുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. സ്വിച്ചബിള്‍ എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്.
Content Highlights: