കര്‍ണാടക പോലീസിന് ഹോണ്ടയുടെ വക 50 സിബി 350 ബൈക്കുകള്‍; ക്രമസമാധാനപാലനത്തിന് ഇനി വേഗമേറും

റോഡ് സുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച സഡക് സഹായക്: സുരക്ഷിത് മാര്‍ഗ്, സുരക്ഷിത് ജീവന്‍ ഉദ്യമത്തിന്റെ ഭാഗമായി കര്‍ണാടക പോലീസ് സേനയ്ക്ക് 50 ബൈക്കുകള്‍ സമ്മാനിച്ച് ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ. ഹോണ്ടയുടെ സിഎസ്ആര്‍ ആക്ടിവിറ്റിയുടെ ഭാഗമായാണ് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്റെ പേരിലാണ് വാഹന വിതരണം. സിബി 350 ബൈക്കുകള്‍ കൈമാറിയിരിക്കുന്നത്.
പോലീസ് സേനയുടെ ഉപയോഗത്തിന് ഉതകുന്ന മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയാണ് ബൈക്കുകൾ പുറത്തിറക്കിയത്. മുന്നില്‍ നല്‍കിയിട്ടുള്ള വൈസറില്‍ പോലീസ് എന്ന് എഴുതിയിരിക്കുന്നതിനൊപ്പം ഹാന്‍ഡില്‍ കവറുകളും നല്‍കിയിട്ടുണ്ട്. ഇരുവശങ്ങളിലും സ്‌റ്റോറേജിനുള്ള ബോക്‌സുകളും പിന്നില്‍ ഫ്‌ളാഷും ബ്ലിങ്കറുകളും നല്‍കിയിട്ടുണ്ട്.
കര്‍ണാടക പോലീസ് സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗമേകാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ബൈക്കുകള്‍ സഹായിക്കുമെന്നാണ് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നത്. നഗരത്തിന്റെ ഏത് കോണിലേക്ക് അതിവേഗത്തില്‍ എത്താനുള്ള കരുത്ത് ഈ ബൈക്കുകള്‍ക്കുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇപ്പോള്‍ കര്‍ണാടക പോലീസ് സേനയ്ക്ക് നല്‍കിയതിന് സമാനമായ ബൈക്കുകള്‍ ഈ വര്‍ഷം അവസാനത്തോടെ മറ്റ് ചില സംസ്ഥാനങ്ങള്‍ക്ക് കൂടി ഹോണ്ട നല്‍കും. 300 ബൈക്കുകളാണ് ഹോണ്ട ഇതിനായി ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ആയിരിക്കും ഈ ബൈക്കുകള്‍ നല്‍കുക. കര്‍ണാടകയില്‍ നല്‍കിയ 50 ബൈക്കുകള്‍ ഉള്‍പ്പെടെ 200 ബൈക്കുകള്‍ പല സംസ്ഥാനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.
മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ ഹോണ്ടയുടെ പ്രതിനിധിയാണ് സിബി 350. 348.66 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 20.7 ബിഎച്ച്പി കരുത്തും 29.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ബൈക്കിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റവും (ABS) ലഭിക്കുന്നു. ഓള്‍-എല്‍ഇഡി ലൈറ്റിങ്, ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
Content Highlights: Honda India gifts 50 CB350 bikes to Karnataka Police as part of CSR initiative, enhancing emergency response and road safety. Features police-specific modifications.