യെസ്ഡി റോഡ്‌സ്റ്റര്‍, ജാവ 42 ബൈക്കുകള്‍ക്ക് പ്രീമിയം ഭാവം; പുതിയ പതിപ്പ് നിരത്തുകളിലേക്ക്

.
.

ഐതിഹാസിക മോട്ടോര്‍ സൈക്കിള്‍ ബ്രാന്റായിരുന്ന ജാവ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയിലൂടെ വീണ്ടും നിരത്തുകളില്‍ എത്തി തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. വില സ്വീകരണമായിരുന്നു രണ്ടാം വരവില്‍ ഈ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ വില്‍പ്പനയില്‍ എതിരാളികള്‍ക്കൊപ്പം എത്തിയിരുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍, കൂടുതല്‍ മോഡലുകള്‍ എത്തിച്ചതിലൂടെ വിപണിയില്‍ ശക്തമായ ആധിപത്യം നേടുകയാണ് ജാവ.

വിപണിയില്‍ കൂടുതല്‍ കരുത്തരാകുന്നതിനായി രണ്ട് ബൈക്കുകള്‍ മുഖം മിനുക്കി എത്തിച്ചിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോര്‍ സൈക്കിളുകള്‍. യെസ്ഡി റോഡ്‌സ്റ്റര്‍, ജാവ 42 എന്നീ ബൈക്കുകളുടെ മുഖം മിനുക്കിയ മോഡലുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നിലവിലെ മോഡലുകളുടെ പ്രീമിയം പതിപ്പുകളായി വിപണിയില്‍ എത്തിയിരിക്കുന്ന യെസ്ഡി റോഡ്‌സ്റ്ററിന് 2.08 ലക്ഷം രൂപയും ജാവ 42-ന് 1.98 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 

നിലവിലെ ജാവ 42-ന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയാണ് ജാവ 42 ഡ്യുവല്‍ ടോണ്‍ എന്ന പേരില്‍ പുതിയ മോഡല്‍ എത്തിച്ചിരിക്കുന്നത്. ക്ലിയര്‍ ലെന്‍സ് ഇന്റിക്കേറ്ററുകള്‍, ഷോര്‍ട്ട്ഹാങ്ങ് ഫെന്‍ഡറുകള്‍, പുതിയ ഡിംപിള്‍ഡ് ഫ്യുവല്‍ ടാങ്ക് എന്നിവയാണ് ഈ വാഹനത്തിന് പ്രീമിയം ഭാവം പകരുന്നത്. ഇതിനുപുറമെ, പുതിയ ഡയമണ്ട് കട്ട് അലോയി വീല്‍, രൂപമാറ്റം വരുത്തിയിട്ടുള്ള സീറ്റ്, ഹാന്‍ഡില്‍  ബാര്‍ മൗണ്ടഡ് മിററുകള്‍ തുടങ്ങിയവും ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലുക്കില്‍ മാറ്റം വരുത്തുകയും ഫീച്ചറുകള്‍ അധികമായി ഒരുങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും മെക്കാനിക്കലായി പുതുമകള്‍ വരുത്താതെയാണ് ജാവ 42 ഡ്യുവല്‍ ടോണ്‍ എത്തിച്ചിരിക്കുന്നത്. മുന്‍ മോഡലില്‍ കരുത്തേകിയിരുന്ന 294.7 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലുമുള്ളത്. ഈ എന്‍ജിന്‍ 27 ബി.എച്ച്.പി. പവറും 27.05 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എ.ബി.എസും വന്നിട്ടുണ്ട്.

യെസ്ഡി റോഡ്‌സ്റ്ററിലുമുണ്ട് ഡിസൈന്‍ അപ്‌ഡേറ്റുകള്‍. മികച്ച റൈഡിങ്ങ് ഉറപ്പാക്കുന്നതിനായി ഫുട്ട്‌പെഗ് മുന്നിലേക്ക് നീക്കുകയും വലിപ്പമുള്ള ഹാന്‍ഡില്‍ ബാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ടാങ്ക് ഗ്രില്ല്, അലോയി വീല്‍, ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പ്, ഹാന്‍ഡിലില്‍ നല്‍കിയിട്ടുള്ള മിറര്‍, മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങില്‍ തീര്‍ത്തിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് എന്നിവയ്‌ക്കൊപ്പം റെഷ് അവര്‍ റെഡ്, ഫോറസ്റ്റ് ഗ്രീന്‍, ലൂണാര്‍ വൈറ്റ്, ഷാഡോ ഗ്രേ എന്നീ പുതിയ നിറങ്ങളിലും യെസ്ഡി എത്തും. മെക്കാനിക്കലായി മാറ്റം ഈ മോഡലിലും വരുത്തിയിട്ടില്ല.

Content Highlights: Jawa Yezdi Motorcycles Introduce New Premium Avatars of The Jawa 42 & Yezdi Roadster