ഹോണ്ട റെബല്‍ 500 ക്രൂസര്‍ വിപണിയില്‍, വില 5.12 ലക്ഷം; മൂന്ന് നഗരങ്ങളില്‍മാത്രം ലഭിക്കും

റെബല്‍ 500 ക്രൂസര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഹോണ്ട. 5.12 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ബിഗ് വിങ് ഡീലര്‍ഷിപ്പുകളില്‍ മാത്രമാകും ബൈക്ക് ലഭ്യമാകുക. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. 2025 ജൂണില്‍ വാഹനം നിരത്തിലിറങ്ങും. 471 സിസി, ലിക്വിഡ്-കൂള്‍ഡ്, ട്വിന്‍-സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. 45.59 എച്ച്പി കരുത്തും 43.3 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ഒപ്പമുള്ളത്.
മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളിലും പിന്നില്‍ ഷോവ ഡ്യുവല്‍-ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഉളളത്. 690 എംഎം ആണ് സീറ്റ് ഹൈറ്റ്. മുന്‍വശത്ത് 296 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ നല്‍കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ്സാണ് മറ്റൊരു സവിശേഷത. മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്ന ഒരൊറ്റ കളര്‍ ഓപ്ഷനില്‍ മാത്രമാണ് റെബല്‍ 500 ഒറ്റ വേരിയന്റില്‍ ലഭ്യമാകുന്നത്.
പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗും ഒരു ഇന്‍വെര്‍ട്ടഡ് എല്‍സിഡി ഡിസ്‌പ്ലേയും ഉണ്ട്. 5.76 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള കവാസാക്കി എലിമിനേറ്ററുമായാണ് പുതിയ റെബല്‍ 500 നേരിട്ട് മത്സരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ക്രൂയിസര്‍ ബൈക്കുകളായ ഷോട്ട്ഗണ്‍ 650, സൂപ്പര്‍ മീറ്റിയോര്‍ 650 എന്നിവയ്ക്കും വെല്ലുവിളി ഉയര്‍ത്തിയേക്കും.
Content Highlights: honda rebel 500 launched in india