ലുക്കില്‍ സ്‌പോര്‍ട്ടിയായി ഹോണ്ട ഗ്രാസിയ സ്‌പോര്‍ട്‌സ് എഡിഷന്‍; വില 82,564 രൂപ മുതല്‍

ഹോണ്ട ഗ്രാസിയ സ്‌പോര്‍ട്‌സ് എഡിഷന്‍ | Photo: Honda 2Wheelers India
ഹോണ്ട ഗ്രാസിയ സ്‌പോര്‍ട്‌സ് എഡിഷന്‍ | Photo: Honda 2Wheelers India

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട പുറത്തിറക്കിയിട്ടുള്ള 125 സി.സി. അര്‍ബന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുടെ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 82,564 രൂപ എക്‌സ്‌ഷോറും വിലയുള്ള ഈ സ്‌പോര്‍ട്‌സ് എഡിഷന്‍ സ്‌കൂട്ടര്‍ പേള്‍ നൈറ്റ് സ്റ്റാര്‍, സ്‌പോര്‍ട്‌സ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് നിരത്തുകളില്‍ എത്തുന്നത്. 

ലുക്കില്‍ സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് ഗ്രാസിയയുടെ ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്. പുത്തന്‍ നിറങ്ങള്‍ക്കൊപ്പം ഗ്രാഫിക്‌സുകളും നല്‍കിയാണ് ബോഡി അലങ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം, എഡ്ജി ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലൈറ്റ് എന്നിവ ഗ്രാസിയയുടെ സ്‌പോര്‍ട്‌സ് പതിപ്പിന്റെ പ്രത്യേകതയാണ്.

റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളില്‍ നല്‍കിയിട്ടുള്ള റിയര്‍ സസ്‌പെന്‍ഷനും ഈ സ്‌കൂട്ടറിന് സ്‌പോര്‍ട്ടി ഭാവം പകരുന്നുണ്ട്. ഗ്രാസിയയുടെ പുതിയ ലോഗോയാണ് ഈ വാഹനത്തിലെ മറ്റൊരു പുതുമ. മുന്നിലെ ആര്‍ക്കിലും ഗ്രാബ് റെയിലിലും ഒരേ നിറം നല്‍കി അലങ്കരിച്ചുമാണ് ഗ്രാസിയ സ്‌പോര്‍ട്‌സ് പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 

യാത്രക്കാരന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി ഇന്റഗ്രേറ്റഡ് പാസ് സ്വിച്ച്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പുതുക്കിയ ഗ്ലോവ് ബോക്‌സ് എന്നിവ ഒരുക്കിയിട്ടുണ്ട്. 16 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്തിയതിനൊപ്പം ടെലിസ്‌കോപിക്ക് സസ്‌പെന്‍ഷനും നല്‍കിയിട്ടുണ്ട്. അലോയി വീലുകളാണ് ഗ്രാസിയ സ്‌പോര്‍ട്‌സ് എഡിഷനിലുള്ളത്. 

ഹോണ്ട ഇക്കോ ടെക്‌നോളജിയിലുള്ള 125 സി.സി. പി.ജി.എം.-എഫ്.ഐ. എന്‍ജിനാണ് ഗ്രാസിയ സ്‌പോര്‍ട്‌സിന് കരുത്തേകുന്നത്. 8.29 പി.എസ്. പവറും 10.3 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഹോണ്ടയുടെ എ.സി.ജി. സ്റ്റാര്‍ട്ടര്‍, ഐഡിലിങ്ങ് സ്‌റ്റോപ്പ് സാങ്കേതിക സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്.

Content Highlights: Honda launches all new Grazia Sports Edition

Content Highlights: