ഹീറോയെ നയിക്കാൻ ഹർഷവർദ്ധൻ ചിത്തലെ; ഇന്ത്യയിലെ ഇരുചക്രവാഹന ഭീമന് പുതിയ CEO

ഹർഷവർദ്ധൻ ചിത്തലെയെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിച്ചെന്ന് പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ്. 2026 ജനുവരി അഞ്ച് മുതലാകും നിയമനം പ്രാബല്യത്തിൽ വരിക. നിരഞ്ജൻ ഗുപ്തയുടെ രാജിയെ തുടർന്ന് 2025 മേയ് മുതൽ ആക്ടിങ് സിഇഒ ആയി സേവനമനുഷ്ഠിച്ചുവരുന്ന വിക്രം കസ്ബേക്കറിന് പകരമായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
ഹർഷവർദ്ധൻ ചിത്തലെ 2026 ജനുവരി അഞ്ച് മുതൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നതോടെ, ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം വിക്രം കസ്ബേക്കർ ഒഴിയും എന്ന് കമ്പനി റെഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചു. എന്നാൽ, ഹീറോ മോട്ടോകോർപ്പിന്റെ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും ചീഫ് ടെക്നോളജി ഓഫീസറായും കസ്ബേക്കർ തുടരും.
വ്യാവസായിക ഓട്ടോമേഷൻ, ലൈറ്റിങ്, ഐടി സേവനങ്ങൾ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നിവയുൾപ്പെടെ ബി2ബി, ബി2സി മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ നേതൃത്വപരിചയം ചിത്തലെയ്ക്കുണ്ട്. ഇവി, ക്ലീൻ എനർജി, ഹെൽത്ത് ടെക്, അഗ്രി-ടെക് തുടങ്ങിയ മേഖലകളിൽ സജീവ നിക്ഷേപകൻ കൂടിയാണ് അദ്ദേഹം.
ലൈറ്റിങ് സൊല്യൂഷനുകളിലെ ആഗോള പ്രമുഖരായ സിഗ്നിഫൈയുടെ നാല് ബില്യൺ യൂറോയുടെ പ്രൊഫഷണൽ ബിസിനസിന്റെ ഗ്ലോബൽ സിഇഒ ആയാണ് അടുത്തിടെ അദ്ദേഹം സേവനമനുഷ്ഠിച്ചത്. 70 രാജ്യങ്ങളിലായി 12,000 ജീവനക്കാരെ നയിക്കുകയും, നിർമാണം, വിതരണ ശൃംഖല, ഉൽപന്ന വികസനം, ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. ഇതിന് മുൻപ് എച്ച്‌സിഎൽ ഇൻഫോസിസ്റ്റംസ്, ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ എന്നിവിടങ്ങളിൽ നേതൃ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ഡൽഹിയിലെ പൂർവ വിദ്യാർഥിയായ ചിത്തലെ, ഡയറക്ടേഴ്സ് ഗോൾഡ് മെഡൽ ജേതാവാണ്.
Content Highlights: Harshavardhan Chitale to succeed Vikram Kasbekar as CEO of Hero MotoCorp from January 5, 2026.