യുകെയിലും ഇനി ‘ഹീറോ’, ആദ്യ വാഹനം Hunk 440, മോട്ടോജിബിയുമായി കൂട്ടുകെട്ട്

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളിൽ ഒന്നായ ഹീറോ മോട്ടോകോർപ്പ്, മോട്ടോ ജിബിയുമായി സഹകരിച്ച് യുകെയിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് ബ്രാൻഡ് ഈ വിപുലീകരണം പ്രഖ്യാപിച്ചത്. ഹങ്ക് 440 ആണ് ആദ്യ മോഡലായി കമ്പനി അവതരിപ്പിച്ചത്.
മാവ്രിക് 440-യിൽ കണ്ടതിന് സമാനമായ ഡിസൈനോടുകൂടിയ ഈ മോട്ടോർസൈക്കിളിന് രണ്ട് വർഷത്തെ വാറന്റിയുണ്ട്. ട്വിലൈറ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഹങ്ക് 440 ലഭ്യമാണ്. ഹാർലി-ഡേവിഡ്‌സണുമായി സഹകരിച്ച് ബ്രാൻഡ് വികസിപ്പിച്ചെടുത്ത വാഹനമാണിത്.
A2 പെർഫോമൻസ് വിഭാഗത്തിലാണ് ഹീറോ ഹങ്ക് 440 വരുന്നത്. 27 ബിഎച്ച്പി കരുത്തും 36 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 440 സിസി എൻജിനാണ് ഇതിലുള്ളത്. ഹൈ-ടെൻസൈൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, 320 എംഎം ഫ്രണ്ട്, 240 എംഎം റിയർ ഡിസ്ക് ബ്രേക്കുകളോടു കൂടിയ ഡ്യുവൽ-ചാനൽ എബിഎസ്, കെവൈബിയുടെ യുഎസ്ഡി കാട്രിഡ്ജ് ഫോർക്കുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷനോടു കൂടിയ ഡിജിറ്റൽ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു.
3,499 പൗണ്ട് (ഏകദേശം 4.08 ലക്ഷം ഇന്ത്യൻ രൂപ) ആണ് വില. ഓൺ-റോഡ് വിലയിലേക്ക് വരുമ്പോൾ 200 പൗണ്ട് (ഏകദേശം 23,357 ഇന്ത്യൻ രൂപ) അധികമായി നൽകണം.
ഇറ്റലിയിലും സ്പെയിനിലും അടുത്തിടെ നടത്തിയ വിപുലീകരണത്തിന് ശേഷമാണ് ഹീറോയുടെ യുകെയിലെ ഈ പ്രവേശനം. ഇതോടെ യൂറോപ്പിലെ മൂന്ന് വിപണികളിൽ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. ന്യൂഡൽഹി ആസ്ഥാനമായുള്ള കമ്പനി ഇപ്പോൾ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 51 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
മോട്ടോർസൈക്കിൾ രംഗത്ത് 40 വർഷത്തിലേറെ പരിചയമുള്ള ലങ്കാഷെയർ ആസ്ഥാനമായുള്ള മോട്ടോജിബി, പ്രാരംഭഘട്ടത്തിൽ 25 സെയിൽസ് ആൻഡ് സർവീസ് കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ ഹീറോ മോട്ടോകോർപ്പ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും. 2026-ഓടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 35 ആയി ഉയർത്താനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.
Content Highlights: Hero MotoCorp expands to the UK with the new Euro 5+ Hunk 440, co-developed with Harley-Davidson. Features 440cc engine, KYB USD forks, TFT display, and dual-channel ABS.