ബുള്ളറ്റുമായുള്ള അങ്കം തുടരാന്‍ ബെനെലി; ഇംപീരിയലെ 400-ന്റെ ബിഎസ്6 പതിപ്പ് വരുന്നു
ഇന്ത്യന്‍ നിരത്തുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെത്തിയ ഇറ്റാലിയന്‍ കമ്പനിയാണ് ബെനെലി. ഇംപീരിയലെ 400 എന്ന ഒറ്റ വാഹനത്തിലൂടെ യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ഈ ബൈക്കിന്റെ ബിഎസ്-6 പതിപ്പ് ഏപ്രില്‍ ആദ്യം നിരത്തുകളിലെത്തും.
ബിഎസ്-6 നിലവാരത്തിലുള്ള 374 സിസി ഫ്യുവല്‍ ഇഞ്ചക്ഷന്‍ എയര്‍കൂള്‍ഡ് എന്‍ജിനിലാണ് പുതിയ മോഡല്‍ എത്തുക. എന്നാല്‍, എന്‍ജിന്‍ കരുത്തില്‍ കാര്യമായ മാറ്റം വരുത്തില്ലെന്നും സൂചനയുണ്ട്. ബിഎസ്-4 എന്‍ജിന്‍ ഇംപീരിയലെ 21 പിഎസ് പവറും 29 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.
കഴിഞ്ഞ ഓക്ടോബറിലാണ് ഇംപീരിയലെ 400 ഇന്ത്യയിലെത്തിയത്. 1.69 ലക്ഷം രൂപയായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ഈ ബൈക്കിന്റെ വില. എന്നാല്‍, കഴിഞ്ഞ മാസം നിര്‍മാതാക്കള്‍ 20,000 രൂപയുടെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. അതുകാണ്ട് തന്നെ ബിഎസ്-6 മോഡലിന് വില ഉയരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പുതിയ എന്‍ജിന്‍ സ്ഥാനം പിടിക്കുന്നതൊഴിച്ചാല്‍ ഡിസൈനിലും മറ്റും മാറ്റങ്ങളാന്നും ഇംപീരിയലെയില്‍ വരുത്തുന്നില്ലെന്നാണ് സൂചന. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമായിരിക്കും പുതിയ മോഡലിനും അടിസ്ഥാനം. 2170 എംഎം നീളവും 820 എംഎം വീതിയും 1120 എംഎം ഉയരവും 1440 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
റെട്രോ ഡിസൈനാണ് ഇംപീരിയലെ 400-ലുള്ളത്. നീളമുള്ള ഹാന്‍ഡില്‍ ബാര്‍, ഹാന്‍ഡിലില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൗണ്ട് ഹെഡ് ലൈറ്റ്, ഒതുങ്ങിയ ടാങ്ക്, കട്ട് സീറ്റുകള്‍, ബോഡില്‍ നല്‍കിയിട്ടുള്ള ക്രോം ആവരണങ്ങള്‍ എന്നിവ പുതിയ മോഡലിലും തുടരും.
സുരക്ഷ ഒരുക്കുന്നതിനായി മൂന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം സ്റ്റാന്റേഡ് ഫീച്ചറായി തുടരുന്നുണ്ട്. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും സുഖയാത്ര ഒരുക്കും.
Content Highlights: Benelli Imperiale 400 BS6 Engine Model To Be Launch In April
Content Highlights: