സി.എന്‍.ജി. ബൈക്കുമായി ബജാജ്, ലോകത്തില്‍ തന്നെ ആദ്യം; ഡിസൈന്‍ ബ്ലൂപ്രിന്റ് പുറത്ത്

പ്രതീകാത്മക ചിത്രം | Photo: Bajaj
പ്രതീകാത്മക ചിത്രം | Photo: Bajaj

ന്ത്യയിലെ ഇരുചക്ര വാഹനമേഖലയില്‍ വലിയ വിപ്ലവത്തിനൊരുങ്ങുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജ്. സി.എന്‍.ജി. ഇന്ധനമായി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ബൈക്ക് പുറത്തിറക്കിയാണ് ബജാജ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. ജൂണ്‍ 18-ന് ഈ ബൈക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ബൈക്ക് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനിടയിലും ഇതിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ബ്ലൂ പ്രിന്റെ് പുറത്തായിരിക്കുകയാണ്. 

പെട്രോള്‍ ടാങ്കും സി.എന്‍.ജി. സിലണ്ടറും ഇതില്‍ നല്‍കുന്നുണ്ട്. ഡബ്ബിള്‍ ക്രാഡില്‍ ഫ്രെയിമിലായിരിക്കും ഈ ബൈക്ക് നിര്‍മിക്കുന്നത്. സീറ്റിന് താഴെയായി സി.എന്‍.ജി.സിലണ്ടര്‍ നല്‍കുന്നതിനായി പെട്രോള്‍ ടാങ്കിന്റെ ഉള്‍പ്പെടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പിന്നിലെ സ്വിങ് ആമിന് സമാന്തരമായാണ് സി.എന്‍.ജി. സിലണ്ടര്‍ നല്‍കിയിരിക്കുന്നതെന്നാണ് ഡിസൈന്‍ ബ്ലൂ പ്രിന്റ് നല്‍കുന്ന സൂചന. 

സി.എന്‍.ജി. ടാങ്ക് താങ്ങിനിര്‍ത്തുന്നതിനായി ഒരു സബ് ഫ്രെയിം നല്‍കിയിട്ടുള്ളതും ഡിസൈനില്‍ കാണം. മുന്‍ വെളിപ്പെടുത്തല്‍ അനുസരിച്ച് ബൈക്കിന്റെ രൂപകല്പനയില്‍ സി.എന്‍.ജി. ടാങ്ക് തയ്യാറാക്കുന്നതായിരുന്നു വലിയ വെല്ലുവിളിയെന്നായിരുന്നു ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞത്. എന്നാല്‍, ഈ പ്രതിസന്ധിയെ ഏറ്റവും മികച്ച രീതിയില്‍ മറികടക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചുവെന്നാണ് ഈ ഡിസൈന്‍ സൂചിപ്പിക്കുന്നത്. 

Image: Bikewale 

മലിനീകരണം കുറഞ്ഞ സി.എന്‍.ജി.യില്‍ ഓടുന്ന (സമ്മര്‍ദിത പ്രകൃതിവാതകം) ബൈക്കില്‍ ഇന്ധനച്ചെലവ് പകുതിയായി കുറയ്ക്കാനാകുമെന്നാണ് ബജാജ് അഭിപ്രായപ്പെട്ടത്. അതേസമയം, വാഹനത്തിന്റെ ഉത്പാദനച്ചെലവ് പെട്രോള്‍ ബൈക്കിനെക്കാള്‍ കൂടുതലാണെന്നും അറിയിച്ചിരുന്നു. 110 സി.സി. മോഡലിനെ അടിസ്ഥാനമാക്കിയാണ് സി.എന്‍.ജി. ബൈക്ക് ഒരുങ്ങുന്നത്. സി.എന്‍.ജിക്ക് പുറമെ, എല്‍.പി.ജി, എഥനോള്‍ ചേര്‍ന്ന ഇന്ധനങ്ങള്‍ എന്നിവയിലും ഇരുചക്രവാഹനങ്ങള്‍ കമ്പനിയുടെ പരിഗണനയിലുണ്ട്.

ബ്രൂസര്‍ ഓഫ് ഇ101 എന്ന കോഡ്‌നെയിമിലാണ് ഈ സി.എന്‍.ജി. മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നതെന്ന് വിവരങ്ങളുണ്ടായിരുന്നു. 110 സി.സി. സെഗ്മെന്റില്‍ വരുന്ന സി.എന്‍.ജി. ബൈക്കുകളുടെ പ്രോട്ടോടൈപ്പുകള്‍ ഇതിനോടകം തന്നെ ബജാജ് നിര്‍മിച്ചിട്ടുണ്ട്. സി.എന്‍.ജി. കരുത്തില്‍ എത്തുന്ന വാഹനം ഏതാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ലെങ്കിലും സി.ടി. സീരീസിലെ മോഡലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Source

Content Highlights: Bajaj first ever cng bike design blue print revealed