രൂപം മാറുമോ? ഡിസൈൻ സ്റ്റുഡിയോയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് KTM, പിന്നിൽ ബജാജിന്റെ നീക്കം

#Auto Desk
photo: ktm india
photo: ktm india

1990-കളുടെ തുടക്കം മുതൽ വിപണനത്തിൽ പ്രധാന പങ്കുവഹിച്ച ഡിസൈൻ സ്റ്റുഡിയോയായ KISKA-യുമായുള്ള ദീർഘകാല ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ച് കെടിഎം. ഈ വേർപിരിയലിന്റെ ഭാഗമായി, KISKA-യിലെ തങ്ങളുടെ ബാക്കിയുള്ള ഓഹരികൾ Loxone GmbH-ന് കെടിഎം വിറ്റു. കെടിഎമ്മിന്റെ മാതൃസ്ഥാപനമായ പിയറർ മൊബിലിറ്റിയെ ബജാജ് ഓട്ടോ ഏറ്റെടുത്തതിനെ തുടർന്നാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. ചെലവ് കുറയ്ക്കുകയും ഡിസൈൻ രീതികൾ സ്വന്തമായി ആവിഷ്ക്കരിക്കുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

കെടിഎമ്മിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതിൽ KISKA മൂന്നു പതിറ്റാണ്ടിലേറെയായി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മോട്ടോർസൈക്കിൾ ഡിസൈനിന് പുറമെ, ബ്രാൻഡിങ്, ആശയവിനിമയം, ഉപഭോക്തൃ അനുഭവം എന്നിവയിലും ഈ ഏജൻസി സംഭാവനകൾ നൽകി. യുവാക്കളുടെ ഹരമായി കെടിഎം ബൈക്കുകൾ മാറിയതിൽ KISKA ഏറെ സഹായിച്ചു.

കെടിഎമ്മിന് പുറമെ Adidas, Cardo's Beyond ഹെൽമെറ്റുകൾ, EICMA 2025-ൽ അനാവരണം ചെയ്ത BSA Thunderbolt പ്രോട്ടോടൈപ്പ് എന്നിവയ്ക്കായും KISKA പ്രവർത്തിച്ചിട്ടുണ്ട്. ഇതെല്ലാമുണ്ടായിരുന്നിട്ടും KISKAയുടെ ഏറ്റവും വലിയ ക്ലയിന്റും നിക്ഷേപകനും കെടിഎം തന്നെയായിരുന്നു. പിയറർ മൊബിലിറ്റിക്ക് KISKA-യുടെ ഷെയറുകളിൽ പകുതി വരെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. പിയറർ മൊബിലിറ്റിയെ ബജാജ് ഓട്ടോ ഏറ്റെടുത്തത് ഇതെല്ലാം മാറ്റിമറിച്ചു. KISKAയുടെ 71 ശതമാനം ഓഹരികൾ Loxone GmbH സ്വന്തമാക്കും. ബാക്കിയുള്ള 29 ശതമാനം ഏജൻസിയുടെ മാനേജ്‌മെന്റ് ടീമിന്റെ കൈവശം തന്നെയായിരിക്കും.

അതേസമയം, സാൾസ്ബർഗിൽ ഒരു സ്വന്തം ഡിസൈൻ സെന്റർ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കെടിഎം. കെടിഎമ്മിന്റെ ഡിസൈൻ രീതികളിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയില്ല. അത്തരം മോട്ടോർസൈക്കിളുകൾ വികസിപ്പിക്കാൻ വർഷങ്ങളെടുക്കും.

കെടിഎമ്മിനെ സ്നേഹിക്കുന്നവർക്ക്, അവർ സ്നേഹിക്കുന്ന ഡിസൈൻ ആശയങ്ങളോടുള്ള വിടപറയലല്ല ഇത്. മറിച്ച്, ആ ആശയങ്ങൾ രൂപപ്പെടുന്ന ഇടത്തിലെ മാറ്റമാണ്. പുറത്തുനിന്നുള്ള ഒരു പങ്കാളിയിൽനിന്ന്, പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരായ ഒരു ഇൻ-ഹൗസ് ടീമിലേക്കുള്ള മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.

Content Highlights: Bajaj Auto`s takeover of Pierer Mobility leads to a strategic restructure. Discover the key drivers: cost optimization and streamlined operations. Learn more!