ഇന്ത്യന്‍ വാഹനലോകത്തെ മറ്റൊരു നേട്ടം; ഓസ്ട്രിയയുടെ കെടിഎം ഇനി ബജാജിന് മാത്രം സ്വന്തം

.
.

ദീര്‍ഘകാലത്തെ സഹകരണത്തിനൊടുവില്‍ ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാൻഡായ കെടിഎം  സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജ്. കെടിഎമ്മിന്റെ ഹോള്‍ഡിങ് കമ്പനിയായ പിയറര്‍ ബജാജ് എജിയുടെ (പിബിഎജി) 74.9 ശതമാനം ഓഹരിയാണ് ബജാജ് ഓട്ടോ ഏറ്റെടുത്തിരിക്കുന്നത്. ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് എജിയുടെ നേതൃത്വത്തിലായിരുന്നു ഈ ഏറ്റെടുക്കല്‍.

പിയറര്‍ ഇന്‍ഡസ്ട്രി എജിയില്‍ നിന്ന് 50100 ഓഹരികളാണ് ബജാജ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഈ ഓഹരികള്‍ ബജാജില്‍ എത്തിയതോടെ പിബിഎജിയില്‍ നിന്ന് പിയറര്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2025 മെയ് മാസത്തിലാണ് പിയറര്‍ ഇന്‍ഡസ്ട്രി എജിയില്‍ നിന്ന് ഓഹരികള്‍ വാങ്ങാന്‍ ബജാജ് സന്നദ്ധത അറിയിച്ചത്. ഇതിനുപിന്നാലെ ഓസ്ട്രിയന്‍ ടേക്ക് ഓവര്‍ കമ്മീഷനില്‍ നിന്നുള്ള അനുമതിയും യൂറോപ്യന്‍ കമ്മീഷനില്‍ നിന്നുള്ള അംഗീകാരവും നേടുകയായിരുന്നു.

നിരവധി വര്‍ഷങ്ങളായി ചെറിയ പങ്കാളിയായിരുന്ന ബജാജാണ് ഈ ഏറ്റെടുക്കലോടെ കമ്പനിയുടെ ഉടമസ്ഥസ്ഥാനത്തേക്ക് എത്തുന്നത്. പിയറര്‍ ബജാജ് എജിയില്‍ 49 ശതമാനം ഓഹരിയാണ് ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്ങിന് ഉണ്ടായിരുന്നത്. ബാക്കിയുണ്ടായിരുന്ന ഓഹരികള്‍ സ്റ്റെഫാന്‍ പിയററിന്റെ ഇന്‍ഡസ്ട്രിയുടെ കൈവശമായിരുന്നു.

ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പിയറര്‍ ബജാജ് എജി എന്ന കമ്പനിയെ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് എജി എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. എന്നാല്‍, സൂറിച്ചിലെ സിക്‌സ് സ്വിസ് എക്‌സ്‌ചേഞ്ചിലും വിയന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും പിയറര്‍ മൊബിലിറ്റി എജി എന്ന കമ്പനിയെ ബജാജ് മൊബിലിറ്റി എജി എന്നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ഉടമകള്‍ എത്തിയതോടെ മാനേജ്‌മെന്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ പുനസംഘടിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Content Highlights: Bajaj Auto has fully acquired Austrian motorcycle giant KTM, taking over the remaining 74.9% stake. Explore this major development in the Indian automotive world and what it means for KTM.