സംസാരിക്കുന്ന സ്‌കൂട്ടര്‍, ഹൈടെക് ക്രൂയിസ് കണ്‍ട്രോള്‍; കൗതുകം നിറഞ്ഞ പ്രഖ്യാപനങ്ങളുമായി ഏഥര്‍

ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കിയ ആളുകളെ സംബന്ധിച്ച് അവരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വര്‍ഷം തോറും നടക്കുന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ. പുതിയ വാഹനങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍ എല്ലാം പ്രഖ്യാപിക്കുന്ന ഒരു ദിവസം കൂടിയാണിത്. ഏഥര്‍ കമ്മ്യൂണിറ്റി ഡേയുടെ മൂന്നാം പതിപ്പായ എസിഡി 2025-ല്‍ പുതിയ മോഡലിനായി കാത്തിരുന്ന ഉപയോക്തക്കളെ എല്ലാം ഞെട്ടിച്ച് കൊണ്ട് പുതിയ പ്രഖ്യാപനങ്ങളാണ് ഏഥര്‍ നടത്തിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നതിനൊപ്പം ഹൈടെക് സ്‌കൂട്ടറുകള്‍ എന്ന ടാഗാണ് ഈ പ്രഖ്യാപനത്തോടെ ഏഥറിന് ലഭിച്ചിരിക്കുന്നത്.
2024-ലെ കമ്മ്യൂണിറ്റി ഡേയിലാണ് ഏഥര്‍ റിസ്റ്റ എന്ന ഫാമിലി സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ഒരുവര്‍ഷത്തിനിപ്പുറം പുതിയ സ്‌കൂട്ടര്‍ എന്നതിനപ്പുറം നിലവിലുള്ള മോഡലുകളെ കുറച്ചുകൂടി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ഏഥര്‍. ക്രൂയിസ് കണ്‍ട്രോള്‍, ഏഥര്‍ സ്റ്റാക്ക് 7, ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പുറമെ, പല വലിപ്പത്തിലുള്ള വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കാന്‍ സാധിക്കുന്ന ഇഎല്‍ പ്ലാറ്റ്‌ഫോമുകളും ഇ.എല്‍ 01 എന്ന കണ്‍സെപ്റ്റ് മോഡലുമാണ് ഏഥര്‍ കമ്മ്യൂണിറ്റ ഡേ 2025-ന്റെ താരങ്ങളായത്.
ഇന്‍ഫിനിറ്റ് ക്രൂയിസ്
ഇന്‍ഫിനിറ്റി ക്രൂയിസ് എന്ന പേരിലാണ് ഏഥര്‍ 450 ഏപെക്‌സ് മോഡലില്‍ ക്രൂയിസ് കണ്‍ട്രോള്‍ നല്‍കിയിരിക്കുന്നത്. ആഡംബര ബൈക്കുകളില്‍ നല്‍കിയിട്ടുള്ള ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്നതാണ് ഇന്‍ഫിനിറ്റി ക്രൂയിസിന്റെ സവിശേഷത. ക്രൂയിസ് കണ്‍ട്രോള്‍ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ബ്രേക്ക് ചെയ്യുകയോ വാഹനത്തിന്റെ വേഗത കൂട്ടുകയോ ചെയ്താല്‍ ഇത് തനിയെ പ്രവര്‍ത്തന രഹിതമാകുന്നതാണ് സാധാരണ വാഹനങ്ങളില്‍ കാണുന്നത്.
എന്നാല്‍, ഏഥറില്‍ നല്‍കിയിട്ടുള്ള ഇന്‍ഫിനിറ്റി ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്താല്‍ പിന്നീട് വാഹനത്തിന്റെ വേഗത വര്‍ധിപ്പിക്കുകയോ ബ്രേക്ക് ചെയ്ത് വേഗത കുറയ്ക്കുകയോ ചെയ്താലും ക്രൂയിസ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് തടസ്സപ്പെടാതെ തന്നെ പുതിയ വേഗതയിലേക്ക് മാറുമെന്നതാണ് ശ്രദ്ധേയം. 10 കിലോമീറ്റര്‍ വരെ വേഗതയില്‍ ക്രൂയിസ് കണ്‍ട്രോള്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നതും ഏഥറിന്റെ സാങ്കേതിക മികവിന്റെ തെളിവാണ്. വൈകാതെ തന്നെ ഇത് ഏഥര്‍ 450 എക്‌സിലും നല്‍കും.
ഇഎല്‍ പ്ലാറ്റ്‌ഫോം
പുതിയ കുതിപ്പിലേക്കുള്ള ഏഥറിന്റെ തുടക്കമായി വിശേഷിപ്പിക്കുന്ന ഒന്നാണ് ഇഎല്‍ പ്ലാറ്റ്‌ഫോം. ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും ഘടനയിലുമുള്ള വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാന്‍ സാധിക്കും. 26 ലക്ഷം കിലോമീറ്റര്‍ ഫീല്‍ഡ് ഡാറ്റയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം ഏഥര്‍ വികസിപ്പിച്ചിരിക്കുന്നത്. പല വലിപ്പത്തിലുള്ള ടയറുകള്‍ മോണോ ഷോക്ക് ഉള്‍പ്പെടെയുള്ള സസ്‌പെന്‍ഷന്‍ സംവിധാനത്തിലുമുള്ള വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങും.
പുതിയ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന വാഹനങ്ങളില്‍ വലിയ സുരക്ഷ സംവിധാനങ്ങളാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. ബ്രേക്കിങ് ഡിസ്റ്റന്‍സ് കുറയ്ക്കാന്‍ സഹായിക്കുന്ന അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. ഇതിനുപുറമെ, ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിക്കുന്ന ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ കണ്‍ട്രോള്‍ സംവിധാനം ഒരുക്കുന്നതിലൂടെ പോര്‍ട്ടബിള്‍ ചാര്‍ജറുമായി യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍.
ഏഥര്‍ സ്റ്റാക്ക് 7
വാഹനങ്ങളിലെ സാങ്കേതിക മികവ് ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ച ഏഥര്‍ സ്റ്റാക്ക് 7 ആയിരുന്നു ഈ കമ്മ്യൂണിറ്റി ഡേയിലെ മറ്റൊരു ആകര്‍ഷണം. സ്‌കൂട്ടറുമായി സംസാരിക്കാന്‍ സാധിക്കുമെന്നതാണ് സ്റ്റാക്ക് 7-ന്റെ പ്രധാന ഹൈലൈറ്റ്. ലൊക്കേഷന്‍ ഷെയറിങ്, നാവിഗേഷന്‍, ടയര്‍ പ്രഷര്‍, മോശം റോഡുകള്‍, ട്രാഫിക് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ സംബന്ധിച്ച് റൈഡറുമായി ആശയ വിനിമയം നടത്തുന്നതിനൊപ്പം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മുന്‍കൂട്ടി നല്‍കിയിട്ടുള്ള മൂന്ന് നമ്പറുകളിലേക്ക് അലേര്‍ട്ട് നല്‍കുന്നതുമാണ് പ്രധാന പുതുമകള്‍.
Content Highlights: Ather Unveils Advanced E-Scooter Technology at Community Day 2025