ഒരു വര്‍ഷം, ഒരുലക്ഷം 'കുടുംബത്തിന്' യാത്ര; ഒരു വയസ്സ് പൂര്‍ത്തിയാക്കി ഏഥര്‍ റിസ്റ്റ

Photo: Ather Energy
Photo: Ather Energy

ന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥറിന്റെ വാഹനനിരയിലേക്ക് ഫാമിലി സ്‌കൂട്ടര്‍ സ്റ്റാറ്റസുമായി എത്തിയ റിസ്റ്റ ഒരു വയസിന്റെ നിറവിലാണ്. നിരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയായി എന്നതിനെക്കാള്‍ നിര്‍മാതാക്കള്‍ ആഘോഷമാക്കുന്നത് ഒരുലക്ഷം കൂടുംബങ്ങളുടെ യാത്ര മാര്‍ഗമാകാന്‍ റിസ്റ്റ എന്ന ഇലക്ട്രിക് സ്‌കൂട്ടറിന് സാധിച്ചുവെന്നതാണ്. 2024 ഏപ്രില്‍ മാസത്തിലാണ് ഏഥര്‍ റിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 

കുടുംബങ്ങള്‍ക്കായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ആശയവുമായി നിര്‍മിച്ച റിസ്റ്റ ഒരുലക്ഷം എന്ന നാഴികക്കല്ല് മറികടക്കുകയും ഏഥറിന്റെ മൊത്ത വില്‍പ്പനയ്ക്ക് മുതല്‍കൂട്ടാവുകയും ചെയ്തുവെന്നാണ് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ അഭിപ്രായപ്പെടുന്നത്. റിസ്റ്റ എന്ന മോഡലിന്റെ വരവോടെ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഏഥറിന്റെ വിപണി വിഹിതത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. 

രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 1.10 ലക്ഷം രൂപ മുതല്‍ 1.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ തന്നെ ഏറ്റവും വലിപ്പമുള്ള സീറ്റുകളും ഏറ്റവും ഉയര്‍ന്ന സ്റ്റോറേജ് സ്പേസും ഉള്‍പ്പെടുത്തിയാണ് റിസ്റ്റ ഒരുക്കിയിട്ടുള്ളത്. സീറ്റിനുള്ളില്‍ 34 ലിറ്ററിന്റെയും മുന്നില്‍ 22 ലിറ്ററിന്റെ സ്റ്റേറേജ് സ്പേസ് ഈ സ്‌കൂട്ടര്‍ ഉറപ്പാക്കുന്നുണ്ട്. സ്‌കിഡ് പ്രൊട്ടക്ഷന്‍, ഫോള്‍ സേഫ്റ്റി, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളോടെയാണ് റിസ്റ്റ എത്തിയിരിക്കുന്നത്. 

ഏഥര്‍ സ്‌കൂട്ടറുകളുടെ പരമ്പരാഗത ഡിസൈനില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റിസ്റ്റ ഒരുക്കിയിട്ടുള്ളത്. ഏപ്രണിന്റെ താഴെയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പാണ് ഈ വാഹനത്തെ ഏഥറിന്റെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വീതിയുള്ള ഫെന്‍ഡര്‍, ഗ്ലോസി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വൈസര്‍, വിശാലമായ സീറ്റ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ബാക്ക്റെസ്റ്റ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ് യൂണിറ്റ് എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്. 

ഫീച്ചറുകളുടെ കാര്യത്തില്‍ ഏഥര്‍ 450 എസിന്റെ പിന്‍മുറക്കാരനാണ് റിസ്റ്റയും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിലുള്ളത്. കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കൊപ്പം മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയുമായി ഇത് പ്രവര്‍ത്തിക്കുന്നു. എമര്‍ജന്‍സി ലെക്കേഷന്‍ ഷെയറിങ്ങ്, വാട്സ്ആപ്പ്, കോള്‍ റിജക്ട് വിത്ത് മെസേജ് തുടങ്ങിയ സംവിധാനങ്ങളും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ നിന്ന് സാധ്യമാകും. 18 വോള്‍ട്ടിന്റെ യു.എസ്.ബി. ചാര്‍ജിങ്ങ് യൂണിറ്റാണ് സീറ്റിനടിയില്‍ നല്‍കിയിട്ടുള്ളത്. 

രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഏഥറിന്റെ മറ്റ് മോഡലുകളുമായി പങ്കിട്ടാണ് റിസ്റ്റയും എത്തിയിട്ടുള്ളത്. 2.9 കിലോവാട്ട്, 3.7 കിലോവാട്ട് എന്നിങ്ങളെയാണ് ബാറ്ററി പാക്കുകളുടെ ശേഷി. ഇവ യഥാക്രമം 123, 160 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ഇന്ത്യന്‍ ഡ്രൈവിങ്ങ് സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഇക്കോ, സിപ്പ് എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡലുകളാണ് റിസ്റ്റയില്‍ ഏഥര്‍ നല്‍കിയിട്ടുള്ളത്.

Content Highlights: Ather Rizta electric scooter celebrates its 1st anniversary having sold over 100,000 units