അച്ഛന്റെ പാതയില്‍ മകനും; പരബ്രഹ്‌മസന്നിധിയില്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ കഥ പറയാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം

കാഥികന്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ ഓച്ചിറ ക്ഷേത്രത്തില്‍ കഥപറയാന്‍ തുടങ്ങിയിട്ട് മുപ്പതുവര്‍ഷം. ഒരിക്കലും മുടക്കം വരുത്താതെ പരബ്രഹ്‌മത്തിനു കാണിക്കയായിട്ടാണ് ഓരോ കഥയും സമര്‍പ്പിക്കുന്നത്. എല്ലാ വര്‍ഷവും പതിനൊന്നാം ഉത്സവരാത്രിയിലാണ് സ്ഥിരമായി കഥാപ്രസംഗം അവതരിപ്പിക്കുക. ഇക്കുറിയും 27-ന് (പതിനൊന്നാം ഉത്സവം) രാത്രി 9.30-നാണ് കഥാപ്രസംഗം അരങ്ങേറുന്നത്.
വിശ്വസാഹിത്യകൃതികള്‍ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന മഹാദൗത്യം ഏറ്റെടുത്ത അനശ്വരകാഥികന്‍ വി. സാംബശിവന്റെ പാത പിന്തുടര്‍ന്ന് മകന്‍ ഡോ. വസന്തകുമാറും ഇക്കുറി അവതരിപ്പിക്കുന്നത് ഒരു വിശ്വസാഹിത്യകൃതിയുടെ കഥാപ്രസംഗാവിഷ്‌കാരമാണ്. ആംഗലേയ മഹാകവി ജോണ്‍ കീറ്റ്‌സിന്റെ 'ഇസബെല്ല' അല്ലെങ്കില്‍ 'ദി പോട്ട് ഓഫ് ബേസില്‍' എന്ന കഥാകാവ്യമാണ് 'ഇസയുടെ തുളസിക്കൊടി' എന്ന പേരില്‍ വേദിയില്‍ എത്തുന്നത്. ഡോ. വസന്തകുമാര്‍ സാംബശിവന്‍തന്നെയാണ് കൃതി കഥാപ്രസംഗരൂപത്തില്‍ ചിട്ടപ്പെടുത്തിയത്.
പരബ്രഹ്‌മഭക്തയായ സാംബശിവന്റെ അമ്മ ശാരദയുടെ ആഗ്രഹപ്രകാരം നേര്‍ച്ചയായിട്ടാണ് സാംബശിവന്‍ പതിറ്റാണ്ടുകളോളം വൃശ്ചികോത്സവനാളുകളില്‍ ഒരു ദിവസം ഓച്ചിറയില്‍ കഥാപ്രസംഗം അവതരിപ്പിച്ചുവന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന മകന്‍ 1996 മുതല്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1996-ല്‍ അച്ഛനൊപ്പമായിരുന്നു ഓച്ചിറയില്‍ കഥ അവതരിപ്പിച്ചത്. 1997-ല്‍ സാംബശിവന്റെ മരണത്തിനുശേഷം ആ ദൗത്യം വസന്തകുമാര്‍ ഏറ്റെടുത്തു.
'കഥാപ്രസംഗം അവതരിപ്പിക്കുന്നതിന് അച്ഛനും ഞാനും ഇതുവരെ പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല. തരുന്നത് ദക്ഷിണയായി സ്വീകരിച്ചു മടങ്ങുകയാണ് പതിവ്.' - വസന്തകുമാര്‍