ആകാശവാണി കോഴിക്കോട് പ്രോഗ്രാം മേധാവി കെ.വി. ശരത്ചന്ദ്രൻ വിരമിക്കുന്നു

കോഴിക്കോട്: റേഡിയോ നാടക രംഗത്ത് നവീന പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ ആകാശവാണി കോഴിക്കോട് പ്രോഗ്രാം മേധാവി കെ.വി. ശരത്ചന്ദ്രൻ വിരമിക്കുന്നു. നൂതനവും വൈവിധ്യവുമാർന്ന നാടകങ്ങളിലൂടെ റേഡിയോ എന്ന മാധ്യമത്തിന്റെ സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയ നാടകകൃത്താണ് അദ്ദേഹം. പ്രമേയത്തിലും പരിചരണത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾ വേറിട്ടുനിന്നു.
സമീപകാലത്ത് നടന്ന അഖിലകേരള റേഡിയോ നാടകോത്സവത്തിൽ ശരത്ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ആകാശവാണി കോഴിക്കോട് അവതരിപ്പിച്ച 'കാൺകടലിനെ... കൺതുറക്കാതെ' എന്ന നാടകം ശ്രദ്ധ നേടിയിരുന്നു. നിർമിതബുദ്ധി ഉപയോഗിച്ച് മൺമറഞ്ഞ തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ എന്നിവരുടെ ശബ്ദങ്ങൾ നാടകത്തിനുവേണ്ടി പുനഃസൃഷ്ടിച്ചു.
പ്രമേയപരിചരണത്തിൽ എന്നും നവീന ആശയങ്ങൾകൊണ്ടുവന്ന നാടകകൃത്താണ് കെ.വി. ശരത്ചന്ദ്രൻ. നടൻ തിലകൻ മാത്രം ശബ്ദം നൽകിയ ഏകപാത്രനാടകം 'ഒറ്റ', നടൻ സിദ്ദിഖ് ആറ് വ്യത്യസ്ത വേഷങ്ങൾ ചെയ്ത 'വിതയ്ക്കുന്നവന്റെ ഉപമ', എൻ.എഫ്. വർഗീസ് പ്രധാന കഥാപാത്രമായ 'ശാന്തസമുദ്രം', സയനോര ഫിലിപ്പ് ശ്രദ്ധേയ ഭാഗം അവതരിപ്പിച്ച 'രക്തം സാക്ഷി' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ നാടകങ്ങളാണ്.
നാലുതവണ ആകാശവാണി ദേശീയ പുരസ്‌കാരവും മൂന്നുതവണ റേഡിയോ നാടകോത്സവ പുരസ്‌കാരവും അദ്ദേഹത്തിന്റെ നാടകങ്ങൾ നേടി. പിയാനോ, ഹത്യ, എന്റെ വീട് 2500 സ്‌ക്വയർഫീറ്റ് തുടങ്ങിയവാണ് പ്രധാന നാടകങ്ങൾ.
റേഡിയോ നാടകങ്ങൾക്കു പുറമെ സംഗീതാധിഷ്ഠിത പരിപാടികളിലും ശരത്ചന്ദ്രൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാസംഗീത ചരിത്രം അവതരിപ്പിച്ച 'ഗാനലോകവീഥികളിൽ', പിന്നണി ഗായകരുടെ സംഗീതജീവിതം ചിത്രീകരിച്ച 'ഓർമകളുടെ സംഗീതം' തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായിരുന്നു. ഉത്തരകേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ അവതരിപ്പിച്ച 'ഓലച്ചൂട്ട്' എന്ന പരമ്പരയും ശ്രോതൃസ്വീകാര്യത നേടി.
ദേശീയ പുരസ്‌കാരങ്ങൾക്കു പുറമെ കേരള സർക്കാരിന്റെ മാധ്യമ പുരസ്‌കാരം, വി.ടി. കുമാരൻ അവാർഡ്, ഇടശ്ശേരി അവാർഡ് എന്നിവയും കെ.വി. ശരത്ചന്ദ്രന് ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ സ്വദേശിയായ അദ്ദേഹം നിലവിൽ നീലേശ്വരത്താണ് താമസം. ഭാര്യ പ്രീത, മക്കൾ ചാരുദത്തൻ, ശന്തനു.
Content Highlights: KV Sarathchandran retires as Program Head of AIR Kozhikode. Pioneered AI-driven voice recreation for legendary figures like Thikkodiyan. Recipient of four National Awards and multiple state-level honors. Renowned for innovative radio dramas and musical documentaries like 'Ganalokaveethikalil'