ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കലാസൃഷ്ടികളുമായി മ്യൂസിയം വരുന്നു; 215 ചിത്രങ്ങൾ കൈമാറും

കൊച്ചി: കേരളീയ കലാപൈതൃകം അടയാളപ്പെടുത്തുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുമായി പാലക്കാട് യാക്കരയില്‍ മ്യൂസിയം ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി.
യാക്കരയിലെ വി.ടി. ഭട്ടതിരിപ്പാട് സമുച്ചയത്തില്‍ ശീതീകരണ സംവിധാനവും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളോടെയുമായിരിക്കും മ്യൂസിയം സജ്ജീകരിക്കുക.
രേഖാചിത്രകാരന്‍, ചിത്രകാരന്‍, ഡിസൈനര്‍, കാര്‍ട്ടൂണിസ്റ്റ്, കലാ സംവിധായകന്‍, ശില്പി എന്നിങ്ങനെ വിവിധ മേഖലകളില്‍ മുദ്ര പതിപ്പിച്ച മഹാപ്രതിഭയായ നമ്പൂതിരിയുടെ സംഭാവനകള്‍ കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കും നേരിട്ടറിയാന്‍ മ്യൂസിയം അവസരമൊരുക്കും.
കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന സ്മാരകം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ശ്രമം. നമ്പൂതിരി വരച്ച 215-ലേറെ ചിത്രങ്ങളാണ് കുടുംബാംഗങ്ങള്‍ കേരള ലളിതകലാ അക്കാദമിക്ക് കൈമാറുക.
ഇതിന്റെ തുടക്കമായി പ്രതീകാത്മകമായി നമ്പൂതിരി വരച്ച ഒരു ചിത്രം സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരത്തുവെച്ച് നമ്പൂതിരിയുടെ മകന്‍ വാസുദേവനില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു.
ചിത്രങ്ങള്‍ കൈമാറുന്നതിന്റെ ധാരണാപത്രം വൈകാതെ തയ്യാറാക്കും. ഇതിനൊപ്പം വിപുലമായ പ്രദര്‍ശനവും തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും ഈ പരിപാടികളില്‍ സഹകരിക്കുന്നുണ്ട്.
വിഖ്യാതമായ സാഹിത്യകൃതികള്‍ നമ്പൂതിരിയുടെ ചിത്രങ്ങളോടൊപ്പമാണ് കേരളത്തിലെ പല തലമുറകള്‍ വായിച്ചുവളര്‍ന്നത്. ആ രേഖാചിത്രങ്ങള്‍ അതിന്റെ സാഹിത്യ പശ്ചാത്തലത്തോടെ ഇവിടെ ഉണ്ടാകും.
അരവിന്ദന്റെയും മറ്റും സിനിമകള്‍ക്കായി വരച്ച ചിത്രങ്ങളും കോഴിക്കോട്, തിരുവനന്തപുരം, ഫോര്‍ട്ട്‌കൊച്ചി തുടങ്ങിയ സ്ഥലങ്ങളുടെ ആകാശക്കാഴ്ചകളും ശേഖരത്തിലുണ്ട്. ഒപ്പം 15 പെയിന്റിങ്ങുകളുമുണ്ട്.
അച്ഛന്റെ കലാപ്രവര്‍ത്തനങ്ങളെ കേരളം ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നമ്പൂതിരിയുടെ മകനും കലാസംവിധായകനുമായ വാസുദേവന്‍ പറഞ്ഞു. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ തുടങ്ങിയ എ. രാമചന്ദ്രന്‍ സ്മാരക മ്യൂസിയത്തിന്റെ മാതൃക പിന്‍തുടര്‍ന്നാണ് നമ്പൂതിരി മ്യൂസിയം സ്ഥാപിക്കുന്നതെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് പറഞ്ഞു.
Content Highlights: A new museum dedicated to the iconic Artist Namboodiri`s creations is set to open in Palakkad, Kerala.