കാനയില്ലാതെ റോഡുപണി; പുന്നയ്ക്കൽക്കാർക്ക് ദുരിതം

തുറവൂർ : തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് പുന്നയ്ക്കൽ പ്രദേശത്തുള്ള ആറു കുടുംബങ്ങൾ റോഡുനിർമാണംമൂലം ദുരിതക്കയത്തിലായി. വളരെ താഴ്‌ന്ന പ്രദേശമാണ് പുന്നയ്ക്കൽ. ഒരു ചെറിയ മഴപെയ്താൽപ്പോലും ഇവിടം മുഴുവൻ വെള്ളം നിറയും. പെയ്‌ത്തുവെള്ളം ഒഴുകിപ്പോകാൻ യാതൊരു മാർഗവുമില്ലാത്തതാണിതിനു കാരണം. കഴിഞ്ഞമാസമുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന്, പുന്നയ്ക്കൽ ജോസഫിന്റെ മകൾ ജോസിലി ജസ്‌നയുടെ വിവാഹംപോലും മറ്റൊരിടത്തുവെച്ച് നടത്തേണ്ടിവന്നു. പെയ്‌ത്തുവെള്ളം ഒഴുക്കിവിടാനായി കാന പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യം നിലനിൽക്കേയാണ് നിലവിൽ പുതിയ റോഡിന്റെ നിർമാണം തുടങ്ങിയത്. ഈ റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വീടുകളുടെ മൂന്നുഭാഗവും
റോഡുകളാൽ ചുറ്റപ്പെടും. പെയ്‌ത്തുവെള്ളം ഒരുകാരണവശാലും ഒഴുകിപ്പോകാൻ പറ്റാത്ത സാഹചര്യമുണ്ടാകും.അതുകൊണ്ടുതന്നെ വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തുകയും പഞ്ചായത്തിൽ പരാതി നൽകുകയും ചെയ്തു.
റോഡുനിർമാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പഞ്ചായത്തംഗം പരാതിക്കാരനായ യുവാവിനെതിരേ കുത്തിയതോട് പോലീസിൽ പരാതി നൽകി. എന്നാൽ, പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് കേസെടുക്കാൻ പോലീസ് തയ്യാറായില്ല. വീടുകളുടെ 300 മീറ്റർ അകലെവരെ കാനനിർമാണം എത്തിനിൽക്കുന്നുണ്ട്. ഈ കാനയുമായി പുതിയ കാന പണിത് ബന്ധപ്പെടുത്തിയാൽ വെള്ളക്കെട്ടിനു പരിഹാരമാകും. എന്നാൽ, അതിനാവശ്യമായ ശ്രമങ്ങളൊന്നും നടത്താൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് വീട്ടുകാർ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ പഞ്ചായത്തംഗം തയ്യാറായിട്ടില്ല. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് സുധർമണി ബാബുരാജ് പറഞ്ഞു.