കാക്കനാട് മേൽപ്പാലം: പൈലിന്റെ ഭാരക്ഷമതാപരിശോധന 28-നു തുടങ്ങും

ചെട്ടികുളങ്ങര : കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ കാക്കനാട് റെയിൽവേ ഗേറ്റിലെ റോഡു മേൽപ്പാലത്തിനുള്ള പരീക്ഷണ പൈലിങ്ങിന്റെ ഭാരക്ഷമതാ പരിശോധന 28-നു തുടങ്ങും. രണ്ടുമാസംമുൻപ് പരീക്ഷണപൈലിങ് പൂർത്തിയാക്കിയിരുന്നു. പാലംനിർമാണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

നിർമാണസ്ഥലത്തെ മതിലുകൾ, വൃക്ഷങ്ങൾ എന്നിവ നീക്കംചെയ്ത് ഭൂമി നിരപ്പാക്കുകയും പാലത്തിന്റെ അരികിലൂടെയുള്ള ഓടനിർമാണം പുരോഗമിക്കുകയും ചെയ്യുന്നു. വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ നടക്കുന്നു. ജല അതോറിറ്റിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ തുടങ്ങി.

400 മീറ്റർ നീളവും 7.5 മീറ്റർ വീതിയും ഇരുവശവും 1.5 മീറ്ററിൽ നടപ്പാതയുമാണ് നിർമിക്കുന്നത്. 32.5 കോടിയാണ് നിർമാണച്ചെലവ്. പൂർണമായും ഇന്ത്യൻ റെയിൽവേയുടെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണച്ചുമതല കെ-റെയിൽ കോർപ്പറേഷനാണ്.