പമ്പിങ് തുടങ്ങി; എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ വെള്ളമെത്താൻ വൈകും

തുറവൂർ : ജപ്പാൻ ശുദ്ധജലപദ്ധതിയുടെ ചോർച്ച കണ്ടെത്തിയ പൈപ്പിൽ രണ്ടിടങ്ങളിലെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ പമ്പിങ് തുടങ്ങി. രണ്ടിടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻവരുന്ന കാലതാമസംമൂലം എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ വെള്ളമെത്താൻ വൈകും. തൈക്കാട്ടുശ്ശേരിക്കായലിനു പടിഞ്ഞാറേക്കരയിലെ പഴയ ജങ്കാർ ജെട്ടിക്കു സമീപം, തുറവൂർ എൻ.സി.സി. കവല, എരമല്ലൂർ ജങ്‌ഷൻ, ചന്തിരൂർ മേഴ്സി സ്കൂളിനു സമീപം എന്നിവിടങ്ങളിലാണ് ചോർച്ച കണ്ടെത്തിയത്.
ഇതിൽ തൈക്കാട്ടുശ്ശേരിയിലും എൻ.സി.സി. കവലയിലും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചോർച്ചകൾ പരിഹരിച്ചു. പ്രതികൂല കാലവസ്ഥമൂലം എരമല്ലൂർ ജങ്‌ഷൻ, ചന്തിരൂർ മേഴ്സി സ്കൂളിനു സമീപം എന്നിവിടങ്ങളിൽ ശനിയാഴ്ചയോടുകൂടി മാത്രമേ അറ്റകുറ്റപ്പണി നടക്കൂ. ഉയരപ്പാത നിർമാണത്തിനിടെ തുറവൂരിൽ പൊട്ടിയ പൈപ്പുകൾ ചൊവ്വാഴ്ചതന്നെ കൂട്ടിയോജിപ്പിച്ചിരുന്നു.
പമ്പിങ് തുടങ്ങിയതോടെ വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിൽ വെള്ളിയാഴ്ച മുതൽ വെള്ളമെത്തുമെന്നും എഴുപുന്ന, അരൂർ പഞ്ചായത്തിലുള്ളവർ ശനിയാഴ്ചവരെ കാത്തിരിക്കണമെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു.