കർക്കടകം പിറന്നിട്ടും മഴയില്ല; വിത്തിറക്കും മുൻപേ വിണ്ടുകീറി പാടങ്ങൾ, പ്രതിസന്ധിയിൽ കർഷകർ

#ഷാൻ ജോസഫ്
മഴയില്ലാത്തതിനാൽ പാടം വിണ്ടുകീറിയനിലയിൽ
മഴയില്ലാത്തതിനാൽ പാടം വിണ്ടുകീറിയനിലയിൽ

അമ്പലവയൽ: ‘‘വിത്തുവിതയും നാട്ടിയും മിഥുനത്തിൽ തീർക്കേണ്ടതാണ്. ഇത്തവണയത് കർക്കടകത്തിലേക്ക് നീളും. ഇങ്ങനെപോയാൽ നെൽക്കൃഷി എന്താകുമെന്ന് ഒരു പിടിയും കിട്ടുന്നില്ല’’ -ഉഴുതിട്ട നെൽപ്പാടം വിണ്ടുകീറുന്നതുകണ്ട് സങ്കടത്തോടെ കർഷകൻ സുനിൽകുമാർ പറയുന്നു. കർക്കടകം പിറന്നിട്ടും കാര്യമായ മഴകിട്ടാത്തതിനാൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ജില്ലയിലെ നെൽക്കർഷകർ.

തിരിമുറിയാതെ മഴപെയ്യേണ്ട കർക്കടകം പിറന്നിട്ടും തെളിഞ്ഞ അന്തരീക്ഷമാണ് ജില്ലയിൽ. ഒരാഴ്ചയിലേറെയായി മഴ മാറിനിൽക്കുകയാണ്. ഇത് കർഷകരെയാണ് ഏറെ ബാധിച്ചത്. പ്രത്യേകിച്ച് നെൽക്കർഷകരെ. നഞ്ചക്കൃഷിക്കായി നിലമൊരുക്കിയിട്ട കർഷകർ ആധിയിലാണിപ്പോൾ. വയനാട്ടിൽ സാധാരണ മിഥുനമാസത്തിൽ നിലമുഴലും വിത്തിറക്കലും നാട്ടിപ്പണിയും തീരേണ്ടതാണ്.

എന്നാൽ, ഇതുവരെയും വിത്തിറക്കാൻ കഴിയാത്ത കർഷകരാണ് ഭൂരിഭാഗവും. ചിലയിടങ്ങളിൽ മഴപ്രതീക്ഷിച്ച് വിത്തിറക്കിയെങ്കിലും വരണ്ട കാലാവസ്ഥയിൽ നിരാശയായിരുന്നു ഫലം. മഴ ഇനിയുംവൈകിയാൽ പ്രധാനകൃഷിയായ നഞ്ചക്കൃഷി താളംതെറ്റുമെന്നാണ് ആശങ്ക.

പാറപോലെ ഉറച്ച് നെൽപ്പാടം

കർക്കടകം ആദ്യവാരത്തിൽ മഴകിട്ടിയാലേ കൃഷിയാരംഭിക്കാനാകൂ. വൈകിയാരംഭിക്കുന്നതിനാൽ അതിന്റെ പ്രശ്നങ്ങളും അനുഭവിക്കേണ്ടിവരുമെന്ന് പാരമ്പര്യ നെൽക്കർഷകനായ മാത്തൂർക്കുളങ്ങര സുനിൽകുമാർ പറഞ്ഞു. വളപ്രയോഗം കൂടുതലാകും. ചാഴിയുടെ ആക്രമണം, ഓലകരിച്ചിൽപോലുള്ള രോഗങ്ങൾ കൂടുതലാകും. വിളവിനെയും കാര്യമായി ബാധിക്കും. മറുനാടൻ ഉൾപ്പെടെ വർഷംതോറും പല നെല്ലിനങ്ങൾ പരീക്ഷിക്കുന്ന തനിക്ക് ഇത്തരമൊരു പ്രതിസന്ധി ആദ്യമാണെന്ന് സുനിൽകുമാർ പറയുന്നു.

വൈകിയാലും പ്രശ്നങ്ങളേറെ

ജില്ലയിൽ നെൽക്കൃഷി കൂടുതലുള്ള പഞ്ചായത്തുകളിലൊന്നാണ് നെന്മേനി. നൂറേക്കറോളം നെൽക്കൃഷിയുള്ള ചീരാൽ കല്ലിങ്കര പാടശേഖരത്തിൽ നിലമുഴുതിട്ട് രണ്ടാഴ്ചയിലേറെയായി. അതിനുശേഷം ഒരുമഴപോലും ഈ പ്രദേശത്ത് പെയ്തിട്ടില്ല. പത്തേക്കർ വയലാണ് ഉഴുതിട്ടിരിക്കുന്നത്. ട്രാക്ടർ ഉപയോഗിച്ച് പൂട്ടിയിട്ട പാടം വിണ്ടുകീറി പാറപോലെ ഉറച്ച അവസ്ഥയിലാണിപ്പോൾ.

ഗുഡ്‌ബൈ പറഞ്ഞ് മറുനാട്ടുകാർ

കഴിഞ്ഞവർഷം കൃത്യമായ അളവിൽ മഴകിട്ടിയതിനാൽ ജില്ലയിൽ നെൽക്കൃഷി വിജയമായിരുന്നു. ഈ കർക്കടകത്തിൽ തൊഴിലാളിക്ഷാമം ഉൾപ്പടെയുള്ള പ്രതിസന്ധികളാണ് കർഷകരെ കാത്തിരിക്കുന്നത്. കൂലിവർധിപ്പിച്ചതോടെ തൊഴിലുറപ്പുതൊഴിലാളികളെ കൃഷിപ്പണിക്ക് കിട്ടില്ല. തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികളാണ് കഴിഞ്ഞവർഷംവരെ ഈ ക്ഷാമം പരിഹരിച്ചിരുന്നത്. എന്നാൽ, തമിഴ്‌നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റതോടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചു. സഹായധനമുൾപ്പെടെ കിട്ടാൻതുടങ്ങിയതോടെ തൊഴിലാളികൾ അതിർത്തികടന്ന് വരാതായി.

വയനാട് നമ്പർവൺ !

മഴക്കുറവിന്റെ കണക്കിൽ വയനാടാണ് സംസ്ഥാനത്ത് ഒന്നാമത്. കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 61 ശതമാനത്തിന്റെ മഴക്കുറവുണ്ട് വയനാട്ടിൽ. തെക്കുപടിഞ്ഞാറൻ കാലവർഷമാരംഭിച്ച ജൂൺ ഒന്നുമുതൽ ജൂലായ് 16 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1174.2 മില്ലിമീറ്റർ മഴപ്രതീക്ഷിച്ചപ്പോൾ കിട്ടിയത് വെറും 463.3 മില്ലിമീറ്റർ മാത്രമാണ്. മഴ മാറിനിൽക്കുന്നതിനാൽ മൂന്നുദിവസമായി വേനലിനെ വെല്ലുന്ന ചൂടാണ്.

ഒന്നിൽനിന്ന് തുടങ്ങണം

വിത്തിറക്കാൻ ചാണകവും അടിവളവും ചേർത്ത് മണ്ണൊരുക്കിയതാണ്. ഉറച്ചുപോയ മണ്ണ് വീണ്ടുമിളക്കി കൃഷിക്ക് പരുവമാക്കണം. ഇത് വലിയ നഷ്ടമുണ്ടാക്കും. നെല്ലിന് രോഗപ്രതിരോധശേഷിയും ഉത്പാദനക്ഷമതയും കുറയും. അടുത്തകാലത്തൊന്നും ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. നെൽക്കർഷകനായ അബ്ദുൾ അസീസ് ചേറൂർ പറയുന്നു.

മഴമാത്രമാണ് ആശ്രയം

എത്ര പ്രതിസന്ധിയിലും നഞ്ചക്കൃഷി നിർത്താറില്ല. പക്ഷേ, ഇത്തവണ വലിയപ്രയാസമാണ് നേരിടുന്നത്. മഴയില്ലെന്നതു മാത്രമല്ല, കടുത്ത വെയിലും. ജൂണിൽ കിട്ടിയ മഴയ്ക്കുശേഷം വയൽ ഒരുചാൽമാത്രമേ പൂട്ടാൻ സാധിച്ചുള്ളൂ. രണ്ടാമതൊരു ചാൽകൂടി പൂട്ടിയാലേ വിത്തിറക്കാൻ കഴിയൂ. മഴയെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാകില്ല. നെന്മേനി പഞ്ചായത്തംഗവും കർഷകയുമായ പ്രീതി സുരേന്ദ്രൻ പറഞ്ഞു.

Content Highlights: Wayanad paddy farmers face severe crisis as Karkidakam rains fail in 2026. Fields are parched and sowing is delayed.