ചൂടിൽ തളർന്ന് റബ്ബർ; ഉത്പാദനം താഴേക്ക്; 54,000 റബ്ബർക്കർഷകർ ആശങ്കയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

വടക്കഞ്ചേരി: “എൽ നിനോ പ്രതിഭാസത്തെത്തുടർന്നുള്ള കാലാവസ്ഥാമാറ്റം കൃഷിയെ ബാധിക്കുമെന്ന് റബ്ബർ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉത്പാദനം ഇത്രപെട്ടെന്ന് താഴോട്ടുപോകുമെന്ന് പ്രതീക്ഷിച്ചില്ല. ഈ സ്ഥിതി തുടർന്നാൽ ടാപ്പിങ് നിർത്തേണ്ടിവരും” -മംഗലംഡാം കടപ്പാറയിലെ റബ്ബർക്കർഷകർ ബെന്നി ജോസഫിന്റെ ആശങ്കയാണിത്.

മികച്ച ഉത്പാദനം കിട്ടേണ്ട സമയമായിട്ടും കനത്തചൂട് റബ്ബറിനെ തളർത്തിയതോടെ ജില്ലയിലെ 54,000 റബ്ബർക്കർഷകർ ആശങ്കയിലാണ്. രാവിലെയുള്ള തണുപ്പ് പാലുത്പാദനത്തിന് അനുകൂലമാണെങ്കിലും ഒൻപതുമണിമുതൽ ചുട്ടുപൊള്ളുന്ന വെയിലിലേക്കു മാറുന്നത് റബ്ബറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കൊന്നയ്ക്കൽകടവിലെ കർഷകനായ പി.കെ. ബിജു പറഞ്ഞു.

പത്ത്‌ മരത്തിൽനിന്ന് ഒരു ഷീറ്റെന്നാണ് കണക്കെങ്കിലും 15 മരത്തിൽനിന്ന് ഒരു ഷീറ്റെന്ന രീതിയിൽ ഉത്പാദനം കുറഞ്ഞെന്ന് റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പ് ഉത്പാദനം കൂട്ടേണ്ടതാണെങ്കിലും ഇത്തവണ കാര്യമായ തണുപ്പുണ്ടാകില്ലെന്ന് റബ്ബർ ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കരുതൽ നിർദേശങ്ങൾ

• മരങ്ങളിൽ ടാപ്പ് ചെയ്തിറങ്ങിയ ഭാഗത്ത് ചൈനാ ക്ലേയോ ചുണ്ണാമ്പോ കുഴമ്പുരൂപത്തിലാക്കി തേച്ചുകൊടുക്കണം. ഇത് പൊള്ളലേൽക്കുന്നത് തടയും. പച്ചനിറത്തിലുള്ള ഇളംശിഖരങ്ങളിൽ ചൈനാ ക്ലേയോ ചുണ്ണാമ്പോ തേക്കരുത്.

• തോട്ടങ്ങളിലുള്ള മഴക്കുഴികൾ പുനരുജ്ജീവിപ്പിക്കുക, കല്ലു കൈയാലകൾ നവീകരിക്കുക.

• കുത്തനെ ചെരിവുള്ള പ്രദേശങ്ങളിൽ മഴക്കുഴികൾ നിർമിക്കരുത്.

• തൈകൾക്കുചുറ്റും ഉണങ്ങിയ ചപ്പുചവറുകളിട്ട് പുതയിടുക.

• ഈ വർഷം വെച്ച തൈകൾക്കുചുറ്റും ഓലവെച്ച് മറകെട്ടുക.