അന്താരാഷ്ട്രവിപണിയിൽ കുതിക്കുമ്പോഴും നാട്ടിൽ കിതപ്പ്: റബ്ബർ വിലയിൽ 11 രൂപയുടെ അന്തരം, നേട്ടമില്ലാതെ കർഷകർ

കോട്ടയം: റബ്ബറിന്റെ അന്താരാഷ്ട്രവിലയും ഇവിടത്തെ വിലയും തമ്മിൽ 11 രൂപയുടെ അന്തരം. അന്താരാഷ്ട്രവിപണിയിൽ വില മെല്ലെ ഉയരുമ്പോൾ ഇന്ത്യയിലെ വില മെച്ചമില്ലാതെ തുടരുന്നത് കർഷകർക്ക് ആശങ്കയായി.
ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് ബാങ്കോക്ക് വില 189.29 രൂപയാണ്. റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച തദ്ദേശീയ വില 186 രൂപ. കർഷകരിൽനിന്ന് വ്യാപാരികൾ വാങ്ങുമ്പോൾ നൽകുന്ന സ്പോട്ട് വില 175 മുതൽ 178 രൂപ വരെ മാത്രം.
ശക്തമായ മഴ കാരണം, ഗ്രേഡ് ഷീറ്റ് ഉത്പാദനം പ്രയാസമാണ്. അപ്പോൾ ഉണ്ടായിരുന്ന ചരക്കിന് ചെലവിനൊത്ത വില കിട്ടാത്തത് കർഷകരെ വലയ്ക്കുന്നു.
ആഗോളവിപണിയിൽനിന്ന് ചൈനീസ് കമ്പനികൾ ചരക്കെടുപ്പ് ഊർജിതമാക്കിയതാണ് വില അവിടെ മെച്ചമാകാൻ കാരണം. ഇന്ത്യയിൽ റബ്ബറിന് ആവശ്യമുണ്ടെങ്കിലും ഊർജിതമായ ഇറക്കുമതി കാരണം ടയർകമ്പനികൾ ചരക്കെടുപ്പിന് വലിയ ഉത്സാഹം കാട്ടുന്നില്ല.
2025 ഏപ്രിൽ മുതൽ ഓഗസ്റ്റുവരെ 1.29 ലക്ഷം ടൺ കോമ്പൗണ്ട് റബ്ബറാണ് ഇവിടേക്ക് ഇറക്കുമതി ചെയ്തത്. 2024-ൽ ഇതേ സമയത്ത് ഇറക്കുമതി 94221 ടൺ മാത്രമായിരുന്നു. 2023-24-നെ അപേക്ഷിച്ച് 44.5 ശതമാനം വർധനയുണ്ട്. ഇത് വലിയ ആഘാതം ഉണ്ടാക്കുന്നു.
ഇടവേളയ്ക്കുശേഷം ഫാക്ടറികൾ ചരക്കെടുപ്പിന് വന്നത് ഒട്ടുപാലിന്റെ വിലയിൽ നേരിയ മെച്ചമുണ്ടാക്കി. നിലവിൽ കിലോയ്ക്ക് ശരാശരി 120 രൂപയ്ക്കുമേലേ കിട്ടുന്നുണ്ട്.
Content Highlights: Indian rubber farmers face a significant price gap between international and domestic markets. Despite global price hikes, local prices remain stagnant, impacting farmer income and production.