ഉത്പാദനം ഇടിഞ്ഞിട്ടും വില കൂടാതെ റബ്ബർ; കടുത്ത മാന്ദ്യത്തിൽ വിപണി

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോട്ടയം: ഉത്പാദനം ഇടിഞ്ഞിട്ടും വില കൂടാതെ റബ്ബർ. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കിലോഗ്രാമിന് ജൂലായിൽ 214 രൂപവരെ കിട്ടിയിരുന്നു. പക്ഷേ, പിന്നീട് തകർച്ചയുടെ നാളുകളായിരുന്നു. ദിവസങ്ങളായി 180-ന് താഴെയാണ്.

ശക്തമായ മഴയും ഇലകൊഴിച്ചിലും കാരണം ടാപ്പിങ് കാര്യമായി നടക്കുന്നില്ല. കടകളിലേക്ക് ഷീറ്റുവന്നിട്ട് ദിവസങ്ങളായെന്ന് വ്യാപാരികളും പറയുന്നു. നേരത്തേ ടാപ്പിങ് നടത്തിയവർ ഷീറ്റ് പിടിച്ചുവെച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പിനോടടുത്ത് സംസ്ഥാന സർക്കാർ താങ്ങുവില 200 രൂപയാക്കുമെന്ന പ്രതീക്ഷയാണ് പലർക്കും. നിലവിൽ 180 ആണ്. സെപ്റ്റംബറിലെ വൻ ഇറക്കുമതിയുണ്ടാക്കിയ ആഘാതത്തിൽനിന്ന് മേഖല തിരിച്ചുകയറിയിട്ടില്ല. സെപ്റ്റംബറിൽമാത്രം 69,000 ടൺ റബ്ബറും 25,000 ടൺ കോമ്പൗണ്ട് റബ്ബറുമാണ്‌ എത്തിയത്. ഇത് കൈവശമിരിക്കുന്നതിനാൽ ടയർക്കമ്പനികൾ ചരക്കെടുപ്പ് പതുക്കെയാക്കിയിരിക്കയാണ്. കമ്പോളവിലയിൽനിന്ന് ശരാശരി മൂന്നുരൂപവരെ കുറച്ചാണ് പലയിടത്തും വ്യാപാരം. ടയർക്കമ്പനികളും മാർജിൻ കുറച്ചാണ് ചരക്കെടുക്കുന്നത്.

ആഗോളവില താഴ്ന്നതിനാൽ ടയർക്കമ്പനികൾ വരുംമാസങ്ങളിലേക്കും ചരക്ക് ഉറപ്പാക്കിയിട്ടുണ്ട്. ബാങ്കോക്ക് വിപണിയിൽ 178 രൂപയാണ് ആർഎസ്എസ് നാലിനുള്ളത്.

Content Highlights: rubber market faces a severe slump. Production dips due to rain and leaf fall, yet prices remain stagnant, impacting growers. Import surge blamed for low prices.