റബ്ബർ താങ്ങുവില വർധിപ്പിച്ചിട്ടും കർഷകർക്ക് പ്രയോജനമില്ല: വെബ്സൈറ്റ് തുറക്കാതെ റബ്ബർ ബോർഡ്

വടക്കഞ്ചേരി: റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിച്ചെങ്കിലും അപേക്ഷിക്കാനുള്ള വെബ് സൈറ്റ് തുറന്നില്ല. ആനൂകൂല്യത്തിനായി അപേക്ഷിക്കേണ്ടതും റബ്ബർ വിറ്റതിന്റെ ബില്ലുകൾ സമർപ്പിക്കേണ്ടതും റബ്ബർ ബോർഡിന്റെ വെബ് സൈറ്റ് മുഖാന്തരമാണ്.
വിപണിവിലയും താങ്ങുവിലയായ 200 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സർക്കാർ അനുവദിക്കുക. നേരത്തെ 180 രൂപയായിരുന്നു താങ്ങുവില. നവംബർ ഒന്ന് മുതലാണ് 200 രൂപയായി ഉയർത്തിയത്. ഈ വർഷം റബ്ബറിന് ശരാശരി 184 രൂപ വിപണിവിലയുണ്ടായിരുന്നതിനാൽ കർഷകർ പുതുതായി റബ്ബർ ഉത്‌പാദന പ്രോത്സാഹനപദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയോ രജിസ്റ്റർ ചെയ്തവർ പുതുക്കുകയോ ചെയ്തിട്ടില്ല.
ജൂലായ് മുതൽ ഒക്ടോബർ വരെയാണ് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം. ഇത് കഴിഞ്ഞതിനാൽ ഈ വർഷത്തെ ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. സംസ്ഥാനത്ത് 5,61,733 കർഷകരാണ് കഴിഞ്ഞ വർഷംവരെ രജിസ്റ്റർ ചെയ്തത്. കർഷകർക്ക് ആശങ്ക വേണ്ടെന്നും ഉടൻ വെബ് സൈറ്റ് തുറക്കുമെന്നും റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു.
Content Highlights: Despite a government price hike for rubber, farmers cannot apply for support as the Rubber Board website remains inaccessible. Learn about the delay and farmer concerns.