ഭേദപ്പെട്ട വിലയുണ്ട്, ആവശ്യക്കാരും; പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായത് സവാള വിലക്കയറ്റം

കോട്ടയം: കൈതച്ചക്കയ്ക്ക് ഭേദപ്പെട്ട വിലയുണ്ട്, ആവശ്യക്കാരും. പക്ഷേ, കൊണ്ടുപോകാന്‍ ലോറി കിട്ടാനില്ല. സവാള വില ഉയര്‍ന്നതോടെ ചരക്കെടുപ്പിന് വടക്കേ ഇന്ത്യയിലേക്ക് ലോറികള്‍ പോകാതായതാണ് പ്രശ്‌നം. കൈതച്ചക്കയുമായി പോകുന്ന ലോറികളില്‍ വലിയൊരു വിഭാഗമാണ് സവാളയുമായി കേരളത്തിലേക്ക് വന്നിരുന്നത്.
മഹാരാഷ്ട്രയില്‍ സവാളയ്ക്ക് ചില്ലറവില കിലോഗ്രാമിന് 120 രൂപ വരെയാണ്. മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊത്തവില 85 രൂപയാണ്. ഒക്ടോബറിലെ കനത്ത മഴയാണ് സവാളയെ ബാധിച്ചത്. ഇതോടെ വരവ് അഞ്ചിലൊന്നായി. ഡിസംബറിലാണ് ഇനി വിളവെടുപ്പ്. അപ്പോഴേ ലോറി നീക്കം സജീവമാകൂ.
ദീപാവലി പ്രമാണിച്ച് ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ ജോലിക്കെത്താഞ്ഞതും പ്രശ്‌നമായെന്ന് കൈതച്ചക്ക കൃഷിക്കാരനായ എന്‍.എ. സോമന്‍ പറഞ്ഞു. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് പൈനാപ്പിള്‍ കൊണ്ടുപോയിരുന്നത്.
പഴുത്ത കൈതച്ചക്കയ്ക്ക് കിലോഗ്രാമിന് 46 രൂപയും പച്ചയ്ക്ക് 40 രൂപയുമുണ്ട്. സെപ്റ്റംബറില്‍ 55 രൂപ വരെയെത്തിയിരുന്നു. ന്യായവിലയാണ് ഇപ്പോഴുമുള്ളതെന്ന് കൃഷിക്കാര്‍ കരുതുന്നു.
മാര്‍ച്ച്, ഏപ്രില്‍ മാസത്തിലെ കനത്ത വേനല്‍കാരണം ഉത്പാദനം 40 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ വിപണിയില്‍ ആവശ്യം വര്‍ധിച്ചതും വില കൂടാന്‍ കാരണമായി. കൈതയുടെ തൈയ്ക്കും ക്ഷാമമുണ്ട്.
Content Highlights: Kottayam: pineapple Price High, But No Lorries to Transport