കാർമേഘം മൂടി കാർഷിക സോളാർ; മൂന്ന് വർഷത്തിൽ പമ്പിങ് ചെലവ് 65 കോടി

കോട്ടയം: കാർഷിക ആവശ്യത്തിനുള്ള വൈദ്യുതിക്കുവേണ്ടി വൻതുക മുടക്കുമ്പോഴും സോളാർ പിന്തുണയുള്ള പമ്പ് ഹൗസ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. സബ്സിഡിയുള്ള സോളാർ പദ്ധതി ഇതേവരെ പ്രയോജനപ്പെടുത്തിയത് 3544 കൃഷിക്കാർ മാത്രം. അതേസമയം മൂന്നുവർഷത്തിനിടെ പമ്പിങ്ങിനുള്ള വൈദ്യുതി ചെലവ് 65 കോടി രൂപയാണ്.
കാർഷികപമ്പുകൾ സൗരോർജ സഹായത്തോടെ പ്രവർത്തിപ്പിക്കുന്നതിന് അനർട്ടിന്റെ പിന്തുണയോടെ പി.എം. കുസും എന്ന പദ്ധതിയാണ് തുടങ്ങിയത്. 7.5 കുതിരശക്തി വരെയുള്ള ജലപമ്പുകൾ രണ്ടുമുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പാനൽ ഉപയോഗിച്ച് സോളാറിലേക്ക് മാറ്റാനാണ് സഹായം.
2021-22-ൽ 68 ഇടത്തുമാത്രമാണ് നടപ്പിലാക്കിയത്. 22-23 മുതൽ ഇതുവരെ 3544 കൃഷിയിടങ്ങളിലെ പമ്പിങ് സ്റ്റേഷനുകളിലെ സോളാർപാനൽ സ്ഥാപിക്കാനായുള്ളൂ. ഇതിൽ തന്നെ പ്രവർത്തിച്ചുതുടങ്ങിയത് 2417 ഇടത്ത് മാത്രവും.
എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ മാത്രമേ ചെറിയതോതിലെങ്കിലും ഇത് മുന്നേറിയിട്ടുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ നെല്ലറയായ കുട്ടനാട്ടിൽ ഇതേവരെ സാധ്യതാപരിശോധനപോലും നടന്നിട്ടില്ല. പദ്ധതിയുടെ 30 ശതമാനം കേന്ദ്രസർക്കാർ സബ്സിഡിയാണ്. ഈ തുക സോളാർപാനൽ സ്ഥാപിച്ച് തുടങ്ങുമ്പോൾ ഗുണഭോക്താവിന് കിട്ടും.
കോൾപാടങ്ങളിൽ ഉയർന്നശേഷിയുള്ള പമ്പുകൾകൂടി സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും അതിലും കാര്യമായ മുന്നേറ്റമില്ല. തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി 68 പമ്പിങ് സ്റ്റേഷനുകൾ മാത്രമാണ് ഇതിലേക്ക് എത്തിയത്. 30 മുതൽ 100 കുതിരശക്തി വരെയുള്ള പമ്പുകളാണ് ഇതിലുള്ളത്. ഇതിന് 30 മുതൽ 100 വാട് പീക്ക് വരെയുള്ള സോളാർപാനൽ യൂണിറ്റുകളാണ് വേണ്ടത്. ശേഷിയനുസരിച്ച് മൂവായിരംമുതൽ പതിനായിരം വരെ ചതുരശ്രഅടി നിഴൽരഹിത തുറസ് സ്ഥലം വേണ്ടിവരും. ഇതിന് പാടശേഖരത്തിൽ സ്ഥലം കണ്ടെത്തുന്നതിൽ പ്രയാസമുണ്ട്.
ബണ്ടുകളോ ഉപയോഗിക്കാതെ കിടക്കുന്ന പാടങ്ങളോ ആണ് ഇതിന് ഉപയോഗിക്കാവുന്നത്. പക്ഷേ, പലയിടത്തും കർഷകരുടെ പൂർണസമ്മതം കിട്ടാഞ്ഞതിനാൽ പരിപാടി നിർത്തി. തൃശ്ശൂരിൽ ഒരു കോൾപാടത്ത് മാത്രമേ ഇത് തുടങ്ങാനായുള്ളൂ.