വിത്തിലെ കലര്‍പ്പ് വിളവിനെയും ബാധിക്കുന്നു; സംഭരിക്കാനാവില്ലെന്ന് 17 കേന്ദ്രങ്ങളില്‍നിന്ന് അറിയിച്ചു

ആലത്തൂര്‍: വിത്തുഗുണം പത്തുഗുണം എന്നാണ് കൃഷിയുടെ അടിസ്ഥാനപാഠം. ഗുണമില്ലാത്ത വിത്ത് നെല്‍ക്കൃഷിയുടെ അടിവേരറക്കുന്ന സ്ഥിതിയിലേക്കാണു പോക്ക്. വിത്തിന്റെ ഗുണനിലവാരക്കുറവുമൂലം മുളയ്ക്കായ്കയും ഉത്പാദനക്കുറവും രോഗ-കീടബാധയും കര്‍ഷകരെ വലയ്ക്കുകയാണ്. ഉത്പാദിപ്പിക്കുന്ന നെല്ലില്‍ പലയിനങ്ങളുടെ കലര്‍പ്പും നേരിടുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ചുവന്ന മട്ടനെല്ലില്‍ വെള്ളനെല്ലിന്റെ കലര്‍പ്പ് 20 ശതമാനത്തിലും കൂടുതലായതിനാല്‍ ജില്ലയില്‍ 17 ഇടത്താണ് സപ്ലൈകോയ്ക്ക് അളക്കാന്‍ കര്‍ഷകര്‍ തയ്യാറാക്കിവെച്ച നെല്ല്, സംഭരണച്ചുമതലയുള്ള മില്ലുകള്‍ നിരസിച്ചത്. ഏക്കറിന് 2,500 കിലോഗ്രാംവരെ വിളവു ലഭിക്കേണ്ട സ്ഥാനത്ത് വിത്തിന്റെ ഗുണനിലവാരക്കുറവിനൊപ്പം കാലാവസ്ഥാ വ്യതിയാനംകൂടി വന്നതോടെ 2,000 കിലോഗ്രാംവരെയേ കിട്ടിയുള്ളൂ.
ഒരുവര്‍ഷംവേണ്ടത് 15,000 ടണ്‍ നെല്‍വിത്ത്
നാഷണല്‍ സീഡ് അതോറിറ്റി, കേരള സ്റ്റേഡ് സീഡ് ഡെവലപമെന്റ് അതോറിറ്റി, കാര്‍ഷിക സര്‍വകലാശാല, നെല്ലുഗവേഷണകേന്ദ്രം, ഗവ. സീഡ് ഫാമുകള്‍ എന്നിവയാണ് സംസ്ഥാനത്ത് നെല്‍വിത്ത് ലഭ്യമാക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. കേരളത്തില്‍ 1.95 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നെല്‍ക്കൃഷി. ഇവിടേക്ക് 15,000 ടണ്‍ നെല്‍വിത്ത് ആവശ്യമാണ്. ഇതിന്റെ 20 ശതമാനത്തോളം മാത്രമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്നത്.
ബാക്കിയെല്ലാം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്നതും കര്‍ഷകര്‍ പരസ്പരം കൈമാറുന്നതും പ്രാദേശിക കച്ചവടക്കാര്‍ ലഭ്യമാക്കുന്നതുമാണ്. ഇവിടെയാണ് ഗുണനിലവാരമില്ലാത്ത വിത്ത് കടന്നുകയറുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമുള്ളത്ര നെല്‍വിത്ത് സീഡ് കോര്‍പ്പറേഷനില്‍നിന്ന് ലഭ്യമാക്കാന്‍ കൃഷിവകുപ്പിന് ഫണ്ടില്ല.
വിത്തെന്നുപറഞ്ഞ് നല്‍കുന്നത് സാധാരണ നെല്ല്
അംഗീകൃത വിത്തുകര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന വിത്ത് കലര്‍പ്പും കളവിത്തും നീക്കി അങ്കുരണശേഷി ഉറപ്പാക്കി 'സര്‍ട്ടിഫൈഡ്' എന്നും 'ട്രൂത്ത്ഫുള്‍' എന്നുമുള്ള സീഡ് അതോറിറ്റിയുടെ ലേബലും ടാഗും സഹിതമാണ് അംഗീകൃത ഏജന്‍സികള്‍ നല്‍കുന്നത്. ടാഗ് ഇല്ലാത്ത വിത്ത് വില്‍ക്കാന്‍പാടില്ല. ഇതൊന്നും ബാധികമല്ലാത്ത മട്ടില്‍ നാട്ടിലെങ്ങും വിത്തുവില്‍പ്പനയ്ക്ക് എന്ന ബാനര്‍ കാണാം. സീഡ് ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലയുള്ള ബ്ലോക്കുതല കൃഷി അസി. ഡയറക്ടര്‍മാര്‍ നടപടിയെടുക്കുന്നുമില്ല.
പൊലിമയുള്ള സാധാരണനെല്ല് വിത്തായി വിറ്റാല്‍ കിലോഗ്രാമിന് 40 രൂപ കിട്ടും. നെല്ല് ഏജന്റുമാരാണ് ഇതിനുപിന്നില്‍. സപ്ലൈകോയ്ക്കുവേണ്ടി സംഭരിച്ച നെല്ല് വിത്തെന്നു പറഞ്ഞ് വില്‍ക്കുകയും പകരം വേറെനെല്ല് വെക്കുകയും ചെയ്യുന്നുമുണ്ട്. സീഡ് അതോറിറ്റി ഗുണനിലവാര പരിശോധനയില്‍ നിരസിച്ച വിത്തും വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്നും ടാഗുള്ളവിത്ത് എത്തുന്നുണ്ടെങ്കിലും ഗുണനിലവാരം ഉറപ്പില്ല. കൃഷിഭവനില്‍നിന്നും അഗ്രോ സര്‍വീസ് സെന്ററുകളില്‍നിന്നും കിട്ടിയ നെല്‍വിത്തും പലവട്ടം ചതിച്ചു.
Content Highlights: Poor quality rice seeds impacting Kerala`s rice production