നെല്ലുസംഭരണരീതി അഴിച്ചുപണിയും;ബേബികമ്മിറ്റി, കേന്ദ്ര ശുപാര്‍ശകള്‍ ഇന്ന് പരിഗണിക്കും

കോട്ടയം: നെല്ലുസംഭരണത്തില്‍ കേന്ദ്രം നിര്‍ദേശിച്ചതും സംസ്ഥാനം നിയോഗിച്ച ഡോ. വി.കെ. ബേബി കമ്മിറ്റിയുടെ ശുപാര്‍ശകളും ഏതാണ്ട് ഒന്നായിരിക്കെ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍. 10 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രോത്സാഹന വിഹിതം സംസ്ഥാനം നല്‍കുന്നതിന്റെ കുറവും പരിഹരിക്കേണ്ടതുണ്ട്.
ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി വിഷയം ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
കേന്ദ്രനിര്‍ദേശം
• നെല്ലുസംഭരണരീതി അഴിച്ചുപണിയണം. ഏജന്‍സികള്‍ പാടത്തുപോയി വാഹനങ്ങളില്‍ നെല്ല് സംഭരിക്കുന്ന രീതി അവസാനിപ്പിച്ച് പ്രാദേശിക സംഭരണകേന്ദ്രങ്ങള്‍ തുറക്കണം
• ഗോഡൗണ്‍ തുറക്കാനും പരിപാലിക്കാനുമുള്ള ചെലവ് സര്‍ക്കാര്‍ നല്‍കണം
• അരി, റേഷന്‍ സംവിധാനത്തിലേക്ക് നല്‍കുന്നതിനുപകരം കര്‍ഷകനും സംഘത്തിനും ഗുണഭോക്താവിനും യോജ്യമായ വില നിശ്ചയിച്ച് വില്‍ക്കാമോയെന്ന് നോക്കണം
• കൃഷിക്കാര്‍ക്ക് കടത്തുകൂലി കേന്ദ്രവിഹിതത്തില്‍നിന്ന് ഉറപ്പാക്കാം
• നഷ്ടത്തിലുള്ള സംഘമാണ് പാടശേഖരത്തിന് സമീപമുള്ളതെങ്കില്‍ അവര്‍ക്ക് പ്രത്യേകസഹായം
ബേബികമ്മിറ്റി ശുപാര്‍ശ
• പഞ്ചായത്തുതോറും സംഭരണകേന്ദ്രങ്ങള്‍ വേണം. ഇതിന് സംഘങ്ങളെയോ കര്‍ഷക കൂട്ടായ്മകളെയോ ചുമതലപ്പെടുത്തണം. റൊക്കം പണം നല്‍കണം
• സര്‍ക്കാര്‍ കണക്കില്‍ ഒരു കിലോഗ്രാം അരിയുണ്ടാക്കാന്‍ 80.4 രൂപയാണ് ചെലവിടുന്നത്. വിപണിവിലയുടെ ഇരട്ടിയാണിത്. ഇത് കുറയ്കണം
• സപ്ലൈകോയ്ക്ക് കീഴില്‍ സ്വതന്ത്ര വിഭാഗം സംഭരണത്തിനു വരണം
• പി.ആര്‍.എസ്. (കൈപ്പറ്റ് രസീത്) നല്‍കിയാലുടന്‍ പണം അക്കൗണ്ടില്‍ എത്തണം
• സംഭരണത്തിന് സംഘങ്ങള്‍, കൃഷിക്കൂട്ടങ്ങള്‍, ലൈസന്‍സുള്ള സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയെയും പരിഗണിക്കാം
• നെല്ലെടുപ്പ് മുതല്‍ റേഷന്‍കട വരെയുള്ള നീക്കം ട്രാക്ക് ചെയ്യണം
അരിവില കൂടുന്നു, കൃഷിക്കാരന് ഗുണമില്ല
അരിക്ക് പൊതുവിപണിയില്‍ കിലോഗ്രാമിന് 50 രൂപയ്ക്ക് മേലെയാണ് വില. കൃഷിക്കാരന് കിട്ടുന്നത് 28.20 രൂപയും. കേരളം കേന്ദ്രത്തിന് ആനുപാതികമായി വിഹിതം കൂട്ടിയാല്‍ താങ്ങുവില 35 രൂപയെങ്കിലുമാക്കാം. 2014-'15-ല്‍ സംഭരണവില 19 രൂപയായിരുന്നു. കേന്ദ്രതാങ്ങുവില 13.60 രൂപയും കേരളവിഹിതം 5.4 രൂപയും. 2024-'25-ല്‍ കേന്ദ്രതാങ്ങുവില 23 രൂപ. സംസ്ഥാനം 5.2 രൂപ. കേരളം ഇരുപത് പൈസ കുറച്ചു. ഇത് അപര്യാപ്തമാണെന്ന് കേരളാ കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി പ്രതികരിച്ചു. സംഭരണവില 40 രൂപയാക്കണമെന്ന് കൃഷിക്കാരനും നടനുമായ കൃഷ്ണപ്രസാദ് പറഞ്ഞു.
Content Highlights: Kerala government to decide on rice procurement. Central & state committee recommendations align