വൈവിധ്യത്തിന്റെ മാന്തോപ്പിൽ പോലീസ് അക്കാദമി; നാട്ടുമാവിനങ്ങളുടെ സംരക്ഷിത തോട്ടം ഒരുക്കും

തൃശ്ശൂർ: കേരള പോലീസ് അക്കാദമിയിൽ കേരളത്തിലെ മുഴുവൻ നാട്ടുമാവിനങ്ങളും നട്ടുപിടിപ്പിച്ച് സംരക്ഷിത തോട്ടം ഒരുക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കണ്ടെത്തിയ പേരുള്ളതും പേരില്ലാത്തതുമായ മികച്ച നാട്ടുമാവിനങ്ങളാണ് നട്ടുപിടിപ്പിക്കുക. ആദ്യഘട്ടമായി 50 മാവിനങ്ങൾ നട്ടു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ സഹകരണത്തോടെയാണിത്. അക്കാദമി സ്പോർട്സ് ഗ്രൗണ്ടിന് ചുറ്റുമായി മാവുകൾ നട്ട് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ ഉദ്ഘാടനം ചെയ്തു.
തൈകൾ തയ്യാറാക്കാനുള്ള റൂട്ട് സ്റ്റോക്കുകൾ ഗ്രൗണ്ടിന് ചുറ്റുമായി നട്ടുപിടിപ്പിക്കും. രണ്ടുമാസത്തിനുശേഷം അതിലേക്ക് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കാണപ്പെടുന്ന കേരളത്തിന്റെ സ്വന്തം നാട്ടുമാവിനങ്ങൾ ഒട്ടിച്ചു ചേർക്കും. നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനെറ്റിക് റിസോഴ്സ് സാങ്കേതികസഹായം നൽകും.
നടുന്ന മാവിനങ്ങൾ
തിരുവനന്തപുരം ജില്ലയിൽനിന്ന് കോട്ടൂർക്കോണം, താളി, പഞ്ചാരവരിക, ചാമ്പവരിക, കപ്പമാങ്ങ, ചെമ്പഴന്തി, ഉണ്ട വരിക്ക, കൊല്ലം ജില്ലയിൽനിന്ന് മൈലാപ്പ്, പോളച്ചിറ കർപ്പൂരം, കോട്ടയത്തുനിന്ന് അട്ടനാറി, ഇടുക്കിയിൽനിന്ന് പ്ലാത്തി, എറണാകുളത്തുനിന്ന് കല്ലുകെട്ടി, ചുങ്കിരി, മൂവാണ്ടൻ, വലിയ കിളിച്ചുണ്ടൻ, ചെറിയ കിളിച്ചുണ്ടൻ,മല്ലുശ്ശേരി, തൃശ്ശൂരിൽനിന്ന് പ്രിയൂർ, കോട്ടപ്പറമ്പൻ, തൊലികയ്‌പ്പൻ, മുതലമൂക്കൻ, മലപ്പുറത്തുനിന്ന് മയിൽപ്പീലി, പാലക്കാട്ടുനിന്ന് ചിറ്റൂർ, ചീരി, കോഴിക്കോട്ടുനിന്ന് പണ്ടാരക്കണ്ടി, നീലപ്പറങ്ക, ഒളോർ, ചേലൻ, കണ്ണൂരിൽനിന്ന് കുറ്റ്യാട്ടൂർ, കുണ്ടൻ, കണ്ടമ്പേത്ത്, ബപ്പക്കായി, കാസർകോട്ടുനിന്ന് കുറുക്കൻ എന്നിവയാണ് മാവിനങ്ങൾ.
Content Highlights: Kerala Police Academy plants 50 native mango varieties, preserving Kerala`s diverse mango heritage