കരകയറി പൈനാപ്പിൾ, വില ഇനിയും ഉയരും; പക്ഷേ കർഷകർക്ക് പ്രയോജനമില്ല

#ആദർശ് ആനന്ദ്
പെെനാപ്പിൾ | ഫോട്ടോ:മാതൃഭൂമി
പെെനാപ്പിൾ | ഫോട്ടോ:മാതൃഭൂമി

കറുകച്ചാൽ: വിലയിടിവിൽനിന്ന് പൈനാപ്പിൾ വീണ്ടും കരകയറുന്നു. കഴിഞ്ഞ മാസം 20 രൂപയിൽ താഴെയെത്തിയ സ്‌പെഷ്യൽ ഗ്രേഡ് പൈനാപ്പിളിന് 50 രൂപയും, പച്ചയ്ക്ക് 48 രൂപയും പഴത്തിന് 30 രൂപയുമായി വില. എന്നാൽ തോട്ടങ്ങളിൽ വിളവെടുപ്പിന് പാകമായ പൈനാപ്പിൾ ഇല്ലാത്തതിനാൽ കർഷകർക്ക് പ്രയോജനമില്ല. സ്ഥിതി തുടർന്നാൽ വില ഇനിയും വർധിക്കും.

മാർച്ച് അവസാനം 55-60 രൂപയായിരുന്നു പഴത്തിന്റെ വില. ഏപ്രിൽ തുടക്കത്തിലും 50 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നു. എന്നാൽ വില ഘട്ടംഘട്ടമായി പെട്ടെന്ന് ഇടിഞ്ഞു. മേയ് ആദ്യവാരം വില മൂന്നു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. സ്‌പെഷ്യൽ ഗ്രേഡ് പൈനാപ്പിൾ 18-20 രൂപയ്ക്കാണ് കഴിഞ്ഞ മാസം തോട്ടങ്ങളിൽനിന്ന് ശേഖരിച്ചത്. പച്ച 15-18 രൂപയ്ക്കും പഴം 15 രൂപയിൽ താഴെ വിലയ്ക്കും കർഷകർക്ക് വിൽക്കേണ്ടി വന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഉത്പാദനംകൂടിയതിനാൽ കിട്ടിയ വിലയ്ക്ക് പലരും വിറ്റഴിക്കുകയായിരുന്നു.

സംസ്ഥാനത്ത് രണ്ടായിരം ടൺ വരെ കയറ്റുമതിചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 300-400 ടൺ വരെയാണ് പ്രതിദിന കയറ്റുമതി. വേനൽമഴ ലഭിച്ചതോടെ മുൻ വർഷത്തെ അപേക്ഷിച്ച് ഉത്പാദനം ഇരട്ടിയായതാണ് ഇക്കുറി വിലയിടിയാൻ പ്രധാന കാരണമായി പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പറയുന്നത്. ഓഗസ്റ്റ് പാതിയോടെ മാത്രമേ ഉത്പാദനം സാധാരണനിലയിലേക്ക് എത്താൻ സാധ്യതയുള്ളൂ എന്ന് കർഷകരും വ്യാപാരികളും പറയുന്നു.

വില ഇനിയും ഉയരും

നിലവിൽ ആവശ്യത്തിന് പൈനാപ്പിൾ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. രണ്ടുമാസമെങ്കിലും കാത്തിരുന്നാലേ പൈനാപ്പിൾ കാര്യമായി വിപണിയിലെത്തൂ. ആവശ്യകതകൂടിയതിനാൽ വില വരുംദിവസങ്ങളിൽ ഇനിയും ഉയരും. പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പറഞ്ഞു.


വിലയിടിവിന്റെ കാരണങ്ങൾ

  • മുൻ വർഷത്തെ അപേക്ഷിച്ച് ഉത്പാദനത്തിലുണ്ടായ വർധന
  • ഉത്തരേന്ത്യൻ വിപണിയിൽ പൈനാപ്പിളിന്റെ ആവശ്യകത കുറഞ്ഞു.
  • മാമ്പഴത്തിന്റെ ഉത്പാദനംകൂടിയത് തിരിച്ചടിയായി.
  • പഹൽഗാം ആക്രമണത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു.
  • കർഷകരിൽനിന്ന് പൈനാപ്പിൾ വാങ്ങാൻ കച്ചവടക്കാർ മടിച്ചു.

വില ഉയരാനുള്ള കാരണങ്ങൾ

  • പാകമായ പൈനാപ്പിൾ തോട്ടങ്ങളില്ല.
  • മാമ്പഴത്തിന്റെ വരവ് കുറഞ്ഞു.
  • വിളവെടുക്കാൻ ഇനി രണ്ടുമാസത്തോളം കാത്തിരിക്കണം.

Content Highlights: Pineapple prices surge after a steep fall in Kerala.