ഇന്ന് കർഷകദിനം; സർക്കാർ ആഘോഷത്തില്‍, നെൽക്കർഷകർ സമരത്തില്‍; 98 കോടി വിതരണം ചെയ്‌തെന്ന് മന്ത്രി

#കെ.കെ. ശ്രീരാജ്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

തൃശ്ശൂര്‍: ഞായറാഴ്ച കര്‍ഷകദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ സമരത്തിലേക്ക്. നാലുമാസംമുന്‍പ് നല്‍കിയ നെല്ലിന്റെ ബാക്കി തുകയായ 450 കോടിയോളംരൂപ വിതരണം ചെയ്യണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണിത്. 

പ്രതിഷേധസൂചകമായി ഇത്തവണ കൃഷിയിറക്കേണ്ടെന്ന തീരുമാനത്തിലേക്കും ചിലയിടത്ത് കര്‍ഷകര്‍ എത്തിയിട്ടുണ്ട്. തൃശ്ശൂരിലെ പല കോള്‍കര്‍ഷകരും കൃഷി നിര്‍ത്തിവെക്കാനുള്ള നീക്കത്തിലാണ്.

ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കാനൊരുങ്ങുകയാണ് പുന്നയൂര്‍ക്കുളം പരൂര്‍ പടവിലെ കര്‍ഷകര്‍. കര്‍ഷകസമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ 20-ന് പാലക്കാട്ട് നടക്കും.

വിപുലമായ രീതിയിലാണ് സര്‍ക്കാര്‍ കര്‍ഷകദിനപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണ് നെല്‍വില വിതരണം ചെയ്യാനാകാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടായിരം കോടിയോളം രൂപ ഈയിനത്തില്‍ ലഭിക്കാനുണ്ടെന്നാണ് കൃഷിവകുപ്പ് പറയുന്നത്.

കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പല കര്‍ഷകര്‍ക്കും ഇനിയും നെല്‍വില കിട്ടിയിട്ടില്ല. പാലക്കാട്ട് 200 കോടിയാണ് നല്‍കാനുള്ളത്. തൃശ്ശൂരില്‍ 26 കോടി ലഭിക്കാനുണ്ട്.

മന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയിലും തീരുമാനമായില്ല

തൃശ്ശൂര്‍ കോള്‍പ്പടവിലെ പ്രശ്‌നം മുന്‍നിര്‍ത്തി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, ആര്‍. ബിന്ദു എന്നിവര്‍ പങ്കെടുത്തു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഇന്‍ഷുറന്‍സ് എന്നു ലഭിക്കുമെന്നും നെല്‍വില എന്നു കിട്ടുമെന്നതിനെക്കുറിച്ചും ഉറപ്പൊന്നും നല്‍കിയില്ല.

ഉദ്ഘാടനച്ചടങ്ങ്

ഘോഷയാത്രയില്‍ ആനയും വെഞ്ചാമരവും കലാരൂപങ്ങളും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡ് ജേതാക്കള്‍ക്കും കലാകാരര്‍ക്കും ഫോര്‍സ്റ്റാര്‍, ത്രീ സ്റ്റാര്‍ റൂമുകള്‍. 2000 പേര്‍ക്ക് ഇരിക്കാവുന്ന വേദി, എല്‍ഇഡി വാള്‍, 2600 പേര്‍ക്ക് ഭക്ഷണം.

കര്‍ഷകര്‍ക്ക് വേണ്ടത്; നെല്‍വില ഉടന്‍ നല്‍കുക, ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്യുക, രാസവള വിലവര്‍ധന പിന്‍വലിക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, നെല്‍വില വര്‍ധിപ്പിക്കുക. 

നെല്ലുസംഭരണം; സബ്‌സിഡിയായി 98 കോടി വിതരണം ചെയ്‌തെന്ന് മന്ത്രി 

തിരുവനന്തപുരം: നെല്ലുസംഭരണത്തിനുള്ള സബ്സിഡിയായി 98 കോടി രൂപ വിതരണംചെയ്‌തെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍വഴി തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി എന്നിവയില്‍ 1100 കോടി രൂപയോളം സംസ്ഥാനത്തിന് കിട്ടാനുണ്ട്. കേന്ദ്രം നല്‍കാതിരുന്നിട്ടും സബ്‌സിഡി വിതരണം സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിഹിതത്തിന് ണ്ടകാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്കു വില നല്‍കുന്നതാണ് ഇവിടത്തെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. 

Content Highlights: kerala farmers protest delayed rice payments other demands during state farmers day celebration