ഭാവി കർഷകർക്കായി 'കതിര്'; പരിസ്ഥിതി ദിനത്തിൽ സംസ്ഥാന വ്യാപകമായി ഹരിത യജ്ഞം

തിരുവനന്തപുരം: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യ ബന്ധം ഓർമ്മപ്പെടുത്തിക്കൊണ്ട് ജൂൺ 5-ന് കേരളം, പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുന്നു. അതിതീവ്ര മഴ, വനനശീകരണം, മണ്ണിടിച്ചിൽ തുടങ്ങിയ ആഗോള-പ്രാദേശിക വെല്ലുവിളികൾ കാർഷിക മേഖലയ്ക്ക് വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ദിനാചരണം നടക്കുന്നത്. "പ്രകൃതിയാൽ പ്രചോദിതം; കാലാവസ്ഥയ്ക്കും നമ്മുടെ ഭാവിക്കും" എന്ന പ്രമേയത്തിന് ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സംസ്ഥാനതല ഫലവൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 വെള്ളിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അങ്കണത്തിൽ വെച്ച് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്യും. കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം തലസ്ഥാനത്തെ അഞ്ച് പ്രമുഖ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ചടങ്ങിൽ പങ്കാളികളാകും.
കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച അഞ്ച് കുട്ടി കർഷകരെ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി ആദരിക്കും. കൂടാതെ, ഭാവിയിൽ വിദ്യാലയ മുറ്റങ്ങൾ ഹരിതാഭമാക്കുന്നതിനായി പങ്കെടുക്കുന്ന സ്കൂളുകൾക്ക് ഫലവൃക്ഷത്തൈകളും ഗുണമേന്മയുള്ള പച്ചക്കറി വിത്തുകളും അടങ്ങുന്ന പ്രത്യേക 'ഹരിത കിറ്റുകൾ' വിതരണം ചെയ്യും. കൃഷി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഈ ബൃഹത് യജ്ഞം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറികളും പൂക്കളും സ്വന്തം വീട്ടുവളപ്പിൽ നിന്നും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ എന്ന സമഗ്ര കാർഷിക യജ്ഞത്തിനും ഇതോടൊപ്പം തുടക്കമാകും. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ തയ്യാറാക്കുന്ന മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.
വിദ്യാർത്ഥികളിൽ കാർഷിക അവബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്നതിനായി കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് “കതിര്” (KATHIRU). കാർഷിക സാങ്കേതികവിദ്യ, പാരമ്പര്യ അറിവുകൾ, നവീന ആശയങ്ങൾ എന്നിവ ഏകോപിപ്പിച്ച് വിദ്യാർത്ഥികളെ മികച്ച പൗരന്മാരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ദൗത്യം. കുട്ടികളിലെ മാനസ്സിക പിരിമുറുക്കം കുറയ്ക്കുന്നതിനായി 'ഹോർട്ടികൾച്ചറൽ തെറാപ്പി' പോലുള്ള ആധുനിക രീതികളും, അവർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വാട്സ്ആപ്പ് മുഖേനയുള്ള മിനി മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളും ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.
കതിര് പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 2500 സ്കൂളുകളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ഇതിനായി കൃഷി വകുപ്പ് 2.5 കോടി രൂപയുടെ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിനും സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനായി 10,000 രൂപ വീതം ധനസഹായം നൽകും. എൽ.പി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള ഓരോ സ്കൂളിലും 20 മുതൽ 25 വരെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബുകൾ രൂപീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെ വിപുലമായ മോണിറ്ററിംഗ് കമ്മിറ്റികൾ ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കും.
Content Highlights: Kerala celebrates Environment Day 2026 with the 'Kathiru' initiative for students. Join the green mission and Onam vegetable cultivation drive.