താറാവിനുള്ള പ്രതിരോധവാക്‌സിൻ ഉത്‌പാദനം തുടങ്ങി; വിതരണം ജൂൺ, ജൂലായ്‌ മാസത്തോടെ

#ഹരി ആർ. പിഷാരടി
പ്രതീകാത്മക ചിത്രം | Photo-Gettyimages
പ്രതീകാത്മക ചിത്രം | Photo-Gettyimages

കോട്ടയം: പക്ഷിപ്പനി നിരോധനം പിൻവലിച്ചതിനെത്തുടർന്ന്‌, താറാവിൻകുഞ്ഞുങ്ങൾക്കുള്ള പ്രതിരോധവാക്‌സിൻ ഉത്‌പാദനം തുടങ്ങി. ഡക്ക് പ്ലേഗ്, പാസ്റ്ററല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധവാക്സിന്റെ ഉത്‌പാദനമാണ്‌ തുടങ്ങിയത്‌. ഡക്ക്‌ പ്ലേഗിന്‌ 20 ലക്ഷം ഡോസും പാസ്‌റ്ററല്ലയ്‌ക്ക്‌ 12 ലക്ഷം ഡോസുമാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലാണ്‌ വാക്സിൻ ഉത്പാദിപ്പിക്കുന്നത്‌.

വാക്‌സിൻ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്‌. ജൂൺ, ജൂലായ്‌ മാസത്തോടെ മൃഗാശുപത്രികളിൽ വാക്‌സിൻ എത്തിക്കാനാകുമെന്ന്‌ പാലോട്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അധികൃതർ അറിയിച്ചു. അഞ്ച്‌ ഘട്ടങ്ങളിലായി താറാവിൻ കുഞ്ഞുങ്ങളിൽ പരീക്ഷിച്ച്‌ ഫലം ഉറപ്പാക്കിയശേഷമേ വിതരണത്തിനെത്തിക്കൂ. പക്ഷിപ്പനിവ്യാപനത്തെത്തുടർന്ന് 2024 മേയിലാണ് ആലപ്പുഴ ജില്ലയിലും കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളിലും താറാവ് വളർത്തൽ നിരോധിച്ചത്. ഡിസംബർ 31 വരെയായായിരുന്നു ഇത്. ഇതോടെയാണ് വാക്‌സിൻ ഉത്‌പാദനവും നിർത്തിയത്.

കാരണം വാക്സിൻ നിശ്ചിതദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയൂ. സമയപരിധി കഴിഞ്ഞാൽ വാക്സിൻ ഉപയോഗിക്കാനാകില്ല. മാർച്ചിൽ നിരോധനം പിൻവലിച്ചു. നിരോധനം ഒഴിവാക്കിയശേഷം താറാവ്‌ വളർത്തൽ പുനരാരംഭിച്ചപ്പോൾ വാക്സിൻ കിട്ടാതെ കർഷകർ പ്രതിസന്ധിയിലായിരുന്നു. ജില്ലാ മൃഗാശുപത്രികളിൽനിന്ന്‌ കണക്ക് ശേഖരിച്ചശേഷമാണ്‌ വാക്‌സിൻ ഉത്‌പാദനം തുടങ്ങിയത്‌. 45 ദിവസം ആകുമ്പോഴാണ് താറാവിൻകുഞ്ഞുങ്ങൾക്ക്‌ വാക്‌സിൻ കൊടുത്തുതുടങ്ങേണ്ടത്‌. 2024-ൽ ഡക്ക്‌ പ്ലേഗിന്‌ 18.36 ലക്ഷം ഡോസും പാസ്‌റ്ററല്ലയ്‌ക്ക്‌ 11.06 ലക്ഷം ഡോസും വാക്‌സിനാണ്‌ നൽകിയത്‌. 2019-ലെ സെൻസസ്‌ പ്രകാരം സംസ്‌ഥാനത്ത്‌ 17.76 ലക്ഷം താറാവുകളുണ്ട്.

കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture

Content Highlights: Production of duck plague & Pasteurella vaccines has resumed in Kerala, following a ban lift