ക്ഷീരമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ; പാലിന് ന്യായവില ഉറപ്പാക്കുമെന്ന് സർക്കാർ, വിലവർദ്ധനവ് ഉടൻ

മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ | Photo: Sabha TV
മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ | Photo: Sabha TV

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധികൾ നിയമസഭയിൽ ഉന്നയിച്ച് തോമസ് കെ. തോമസ് എംഎൽഎ. കാലിത്തീറ്റയുടെ വിലവർദ്ധനവും പാലിന് ആനുപാതികമായ വില ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നുവെന്ന് എംഎൽഎ സഭയിൽ ചൂണ്ടിക്കാട്ടി. കർഷകർക്ക് പ്രയോജനകരമായ രീതിയിൽ പാൽ വില വർദ്ധിപ്പിക്കാൻ മിൽമ ഉടൻ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉറപ്പുനൽകി.

കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുമ്പോഴും, കന്നുകാലി വളർത്തൽ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കർഷകർക്ക് സാധിക്കുന്നില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. കാലിത്തീറ്റയുടെ അശാസ്ത്രീയമായ വിലവർദ്ധനവ് ഉത്പാദനച്ചെലവ് കൂട്ടുന്നുവെന്നും ഉത്പാദനച്ചെലവിന് ആനുപാതികമായ വില പാലിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കുക, പാലിന് ന്യായവില ഉറപ്പാക്കുക, കാലിത്തീറ്റ വില കുറച്ച് ലഭ്യമാക്കുക, എല്ലാ ക്ഷീരകർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. കുട്ടനാട്ടിലെ പക്ഷിപ്പനി ബാധിച്ച് നഷ്ടം സംഭവിച്ച താറാവ്, കോഴി കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിലെ ബാക്കി 20% തുക അടിയന്തരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാൽവില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്ന് 2011-ലെ ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ എത്തുന്നത് സംസ്ഥാനത്തെ വിപണിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, വിഷയം പഠിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ശുപാർശ പ്രകാരം കർഷകർക്ക് പ്രയോജനകരമായ രീതിയിൽ മിൽമ ഉടൻ വിലവർദ്ധനവ് നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും ഉയർന്ന പാൽവില നൽകുന്നത് കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടനാട്ടിലെ കർഷകർക്കുള്ള നഷ്ടപരിഹാരത്തിന്റെ 80% തുക ആറുമാസം മുൻപ് നൽകിക്കഴിഞ്ഞെന്നും ബാക്കി 20% നൽകാനുള്ള നടപടികൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. 

ക്ഷീരകർഷകരെ സഹായിക്കുന്നതിനും പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി സഭയെ അറിയിച്ചു. അതിദരിദ്ര കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും, യുവാക്കൾക്കായി സ്മാർട്ട് ഡയറി ഫാമുകൾ സ്ഥാപിക്കാനും, തോട്ടം, മത്സ്യ, കയർ മേഖലയിലെ തൊഴിലാളികൾക്കുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അഞ്ചോ പത്തോ പശുക്കളെ വാങ്ങുന്നവർക്ക് ബാങ്ക് വായ്പയിൽ പലിശയിളവ് നൽകുന്നുണ്ട്. ഒരു കർഷകന് ഒരു ലക്ഷം രൂപ വരെ വാർഷിക പലിശയിളവ് ലഭിക്കുന്ന പദ്ധതിയാണിത്. 50 കിടാരികൾ വീതമുള്ള കിടാരി പാർക്ക് പദ്ധതി, ഗർഭിണികളായ പശുക്കൾക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി, വയനാട് ജില്ലയ്ക്ക് പ്രത്യേക ക്ഷീരവികസന പാക്കേജ് എന്നിവയും നടപ്പാക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.

Content Highlights: Kerala Assembly addresses dairy farmer crisis, assures fair milk prices & support measures