സാങ്കേതികവിദ്യയുടെ കരുത്തിൽ കൃഷി പുതുയുഗത്തിലേക്ക്; കർഷകർക്ക് ഡ്രോൺ പരിശീലനവും ലൈസൻസും നൽകും: കൃഷിമന്ത്രി

#ന്യൂസ് ഡെസ്ക്

വയനാട്: കാർഷിക മേഖലയിലെ പ്രതിസന്ധികൾ മറികടന്ന് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കൃഷിയെ കൂടുതൽ ലാഭകരമാക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകൾ വ്യാപകമായി പ്രയോജനപ്പെടുത്തുമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന 'അഗ്രി ടെക്നോളജി മീറ്റ് 2026'ൽ കർഷകർക്ക് ഡ്രോൺ പരിശീലനം ഉൾപ്പെടെയുള്ള സാങ്കേതിക പരിശീലനങ്ങളും ലൈസൻസും നൽകും. വയനാട്ടിൽ നടന്ന അഗ്രി ടെക്നോളജി മീറ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള നൂറോളം കർഷകർക്ക് അഗ്രി ടെക്നോളജി മീറ്റിന്റെ ഭാഗമായി ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകും. ഡിജിസിഎ ലൈസൻസുള്ള ഫ്യൂസലേജ് ഏവിയേഷനുമായി സഹകരിച്ചാണ് പരിശീലനം. കർഷകർക്കൊപ്പം കൃഷിമന്ത്രിയും ഡ്രോൺ പൈലറ്റിങ് പരിശീലനത്തിൽ പങ്കാളിയാകും. കാർഷിക ആവശ്യങ്ങൾക്കായി ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനും കർഷകർക്ക് സ്വന്തം നിലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമാണ് പദ്ധതി.

കാർഷിക യന്ത്രവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രാവിഷ്കൃത സ്മാം (SMAM) പദ്ധതിയിലൂടെയും വലിയ തോതിലുള്ള ധനസഹായം നൽകും. ജനറൽ വിഭാഗത്തിലെ കർഷക ഗ്രൂപ്പുകൾക്ക് 18 ലക്ഷം രൂപവരെ സാമ്പത്തിക സഹായം അനുവദിക്കും. 80 ശതമാനം സബ്സിഡിയോടെ 94 കർഷക ഗ്രൂപ്പുകൾക്കായി 6.68 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി ഉത്തരവായിട്ടുണ്ട്. എസ്സി വിഭാഗത്തിലെ 16 ഗ്രൂപ്പുകൾക്കായി 94 ലക്ഷം രൂപയുടെയും എസ്ടി വിഭാഗത്തിലെ 25 ഗ്രൂപ്പുകൾക്കായി 1.76 കോടി രൂപയുടെയും പദ്ധതികൾ നടപ്പാക്കും. ഇതിനു പുറമേ ജനറൽ വിഭാഗത്തിനായി 3.95 കോടി രൂപയുടെ സബ്സിഡി അധിഷ്ഠിത പദ്ധതികളും നടപ്പാക്കും.

കാർഷിക യന്ത്രങ്ങളുടെ കൃത്യമായ പരിപാലനം ഉറപ്പാക്കുന്നതിനും യന്ത്രത്തകരാറുകൾ പരിഹരിക്കുന്നതിനുമായി 'മൊബൈൽ അഗ്രോ മെഷിനറി സർവീസ് ആൻഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ' ആരംഭിക്കും. കർഷകർക്ക് ആവശ്യമായ സമയത്ത് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും സാങ്കേതിക സഹായവും ലഭ്യമാക്കുന്നതിനൊപ്പം കാർഷിക യന്ത്രങ്ങളുടെ സുരക്ഷിതമായ ഉപയോഗവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനും കടുത്ത വരൾച്ചയും താപനില വർധനയും പ്രതിരോധിക്കുന്നതിനുമായി മഴവെള്ളം മണ്ണിലേക്ക് പരമാവധി ഇറക്കാനുള്ള സംയുക്ത പദ്ധതികൾ നടപ്പാക്കും. തടയണകൾ നിർമിച്ചും വരമ്പുകൾ ഒരുക്കിയും ജലസംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾ റവന്യൂ, ഇറിഗേഷൻ വകുപ്പുകളുമായി ചേർന്നായിരിക്കും നടപ്പാക്കുക.

വന്യമൃഗശല്യം മൂലമുണ്ടാകുന്ന കാർഷിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനായി 192 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും കാർഷിക നഷ്ടം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി പ്രത്യേക കോൺക്ലേവ് കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കും.

കുട്ടികളേ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും പുതുതലമുറയിൽ കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനുമായി ഈ വർഷം 500 സ്കൂളുകളിൽ 'കതിർ' കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. കൃഷിയിൽ സജീവമായി ഏർപ്പെടുന്ന വിദ്യാർഥികൾക്ക് രാജ്യത്ത് ആദ്യമായി ഗ്രേസ് മാർക്ക് അല്ലെങ്കിൽ വെയിറ്റേജ് നൽകുന്നതിനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.

കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത മൂന്നു മാസത്തിനകം വിപുലമായ 'എക്സ്പോർട്ടേഴ്സ് കോൺക്ലേവ്' സംഘടിപ്പിക്കും. കർഷകർക്ക് കൂടുതൽ വിപണന സാധ്യതകളും മികച്ച വിലയും ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കാർബൺ ക്രെഡിറ്റ്, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും കൃഷിയെ കൂടുതൽ ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. 'അന്നം കഴിഞ്ഞേ നമുക്ക് മറ്റെന്തുമുള്ളൂ; അന്നത്തിന്റെ ഉറവിടമായ കൃഷിയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്' എന്ന സന്ദേശമാണ് അഗ്രി ടെക്നോളജി മീറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

Content Highlights: Free drone piloting training and DGCA license for farmers at Agri Tech Meet 2026, Financial assistance and up to 80% subsidies for farmer groups through the SMAM scheme, Mobile Agro Machinery Service and Safety Enforcement Units for equipment maintenance, Kathir agricultural clubs in 500 schools with grace marks for farming students, Exporters' conclave planned within three months to boost international market access