ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: കർഷക താൽപ്പര്യങ്ങൾ പൂർണ്ണമായും സുരക്ഷിതം- കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളുടെ താൽപ്പര്യങ്ങൾ കരാർ പൂർണ്ണമായും സംരക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ . പ്രധാന ധാന്യങ്ങൾ, പഴവർഗങ്ങൾ, പ്രധാന വിളകൾ, മില്ലറ്റുകൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും ചെറുകിട-വൻകിട കർഷകരുടെ താൽപ്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഈ കരാർ ഇന്ത്യൻ കൃഷി മേഖലയ്ക്ക് അപകടങ്ങൾക്കപ്പുറം പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കരാറിലൂടെ ഇന്ത്യയുടെ കയറ്റുമതി സാധ്യതകൾ വർധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഏകദേശം 63,000 കോടി രൂപയുടെ അരി ഇതിനകം തന്നെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതി തീരുവ കുറയുന്നത് അരി, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് നേരിട്ട് ഗുണകരമാകും. വസ്ത്ര കയറ്റുമതിയിലെ വർധന ദശലക്ഷക്കണക്കിന് പരുത്തി കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും വിദേശ ഉൽപ്പന്നങ്ങൾ പെട്ടെന്നോ തടസ്സമില്ലാതെയോ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കുമെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെത്തുടർന്നുണ്ടായ ആശങ്കകൾക്കും മന്ത്രി മറുപടി നൽകി. ആഭ്യന്തര കർഷകരെ സമ്മർദ്ദത്തിലാക്കുന്ന രീതിയിൽ ഇന്ത്യൻ വിപണി ഒരിടത്തും തുറന്നുനൽകിയിട്ടില്ലെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഇതിനോടകം പാർലമെന്റിൽ കാര്യങ്ങൾ വ്യക്തമാക്കിയതായും അദ്ദേഹം ആവർത്തിച്ചു. പ്രധാന കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള സംരക്ഷണം കരാറിലുടനീളം മാറ്റമില്ലാതെ തുടരുമെന്നാണ് മന്ത്രി ഉറപ്പുനൽകുന്നത്.
കർഷകർ നമ്മുടെ അന്നദാതാക്കളാണെന്നും അവരുടെ താൽപ്പര്യങ്ങൾ തികച്ചും സുരക്ഷിതമാണെന്നും ചൗഹാൻ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കുമ്പോഴും, ഇന്ത്യൻ കാർഷിക പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കർഷകർക്ക് പുതിയ വിപണികൾ കണ്ടെത്താൻ ഈ വ്യാപാരക്കരാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: India`s agriculture minister assures the India-US trade deal protects farm & dairy sectors.