ദെവത്തിന്റെ സ്വന്തം നാട്ടിൽ വിസ്മയം തീർത്ത് തായ്ലൻഡിന്റെ 'സ്വർഗത്തിലെ കനി'; കല്ലറയിൽ നൂറുമേനി വിളഞ്ഞ് ഗാക് ഫ്രൂട്ട്

#മാതൃഭൂമി ന്യൂസ്
അബ്ദുൽ റഹീം ടെറസിലെ ഗാക് ഫ്രൂട്ട് തോട്ടത്തിൽ | Photo: Screengrab/Mathrubhumi News
അബ്ദുൽ റഹീം ടെറസിലെ ഗാക് ഫ്രൂട്ട് തോട്ടത്തിൽ | Photo: Screengrab/Mathrubhumi News

തിരുവനന്തപുരം: "സ്വർഗത്തിലെ കനി" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, തായ്‌ലൻഡിന്റെ സ്വന്തം ഗാക് ഫ്രൂട്ട് കേരളത്തിലെ മണ്ണിലും നൂറുമേനി വിളയുമെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം കല്ലറ സ്വദേശിയായ അബ്ദുൽ റഹീം. തൻ്റെ വീടിൻ്റെ ടെറസിലാണ്ഈ അപൂർവ്വയിനം പഴം അബ്ദുൽ റഹീം വിളയിച്ചെടുത്തിരിക്കുന്നത്.

വിദേശ പഴങ്ങൾ നമ്മുടെ കാലാവസ്ഥയിൽ വളരാൻ പ്രയാസപ്പെടുമ്പോഴാണ്, ഗാക് ഫ്രൂട്ട് റഹീമിൻ്റെ ടെറസിൽ സമൃദ്ധമായി കായ്ച്ച് ഒരു അത്ഭുതമായി മാറുന്നത്. തായ്‌ലൻഡിലെ ഒരു പഴക്കടയിൽ വെച്ചാണ് അബ്ദുൽ റഹീം ഗാക് ഫ്രൂട്ട് ആദ്യമായി കാണുന്നത്. കൗതുകം തോന്നി വാങ്ങിയ ഈ പഴം ദിവസങ്ങൾക്കു ശേഷം നടാൻ തീരുമാനിക്കുകയായിരുന്നു. തികച്ചും ജൈവരീതിയിലാണ് റഹീം ഈ ചെടി പരിപാലിക്കുന്നത്. ചാണകവും എല്ലുപൊടിയുമാണ് പ്രധാന വളങ്ങൾ. എല്ലാ ദിവസവും രണ്ട് നേരം വെള്ളമൊഴിക്കുന്നുണ്ട്. കീടങ്ങളുടെ ആക്രമണം തടയുന്നതിനും ചെടി വൃത്തിയായി സൂക്ഷിക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.

ഗാക് ഫ്രൂട്ടിന്റെ കായ്കൾക്ക് പല ഘട്ടങ്ങളിലായി നിറം മാറ്റം സംഭവിക്കുന്നു. ആദ്യം പച്ച നിറത്തിൽ കാണപ്പെടുന്ന കായ്കൾ, വളർച്ചയുടെ രണ്ടാം ഘട്ടത്തിൽ മഞ്ഞയായി മാറും. പിന്നീട് ഓറഞ്ച് നിറം കൈവരിക്കും. പഴങ്ങൾ ചുവന്നു തുടുത്ത് ആകർഷകമായ രൂപത്തിലാകുന്നതോടെ വിളവെടുപ്പിന് പാകമാകും. ഒരു ചെടി നട്ടാൽ വർഷങ്ങളോളം അതിൽ നിന്ന് ഫലം ലഭിക്കുമെന്നത് ഗാക് ഫ്രൂട്ടിന്റെ ഒരു പ്രധാന പ്രത്യേകതയാണ്.

കാഴ്ചയിൽ മാത്രമല്ല, വിപണിയിലും ഗാക് ഫ്രൂട്ട് താരമാണ്. ഒരു പഴത്തിന് ഒരു കിലോയിൽ കൂടുതൽ ഭാരം വരും. വിപണിയിൽ കിലോയ്ക്ക് 1000 രൂപ മുതൽ 1500 രൂപ വരെ വില ലഭിക്കും. നമ്മുടെ നാട്ടിൽ അപൂർവ്വമായി മാത്രം കാണുന്ന ഈ പഴം വാങ്ങുന്നതിനായി നിരവധി ആളുകളാണ് അബ്ദുൽ റഹീമിനെ തേടിയെത്തുന്നത്.

ഈ ചുവന്നു തുടുത്ത പഴങ്ങൾ കാണാനും നിരവധി സന്ദർശകർ റഹീമിന്റെ വീട്ടിലെത്തുന്നുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഈ കാഴ്ച കാണാനായി എത്തുന്നത്. കൃത്യമായ പരിചരണമുണ്ടെങ്കിൽ ആർക്കും വീട്ടിലെ ടെറസിൽ സ്വർഗത്തിലെ കനി വിളയിച്ചെടുക്കാമെന്ന് റഹീം പറയുന്നു.

Content Highlights: Rare Thai Gac fruit flourishes in a Thiruvananthapuram terrace garden, proving its adaptability to Kerala`s climate.