ഇത് ജെന്‍ സീയുടെ 'ദേവ്ഷ്റൂം' വിപ്ലവം

കോഴിക്കോട്: കോളേജില്‍ പഠിച്ച കൂണ്‍കൃഷിയുടെ പാഠങ്ങളെ കൈവിട്ടുകളയാതെ പണം നേടാനുളള കൈവള്ളിയാക്കി കോളേജ് വിദ്യാര്‍ഥികള്‍. ഔട്ട്കം ബേസ് എജുക്കേഷന്റെ ഭാഗമായി പഠിച്ച കൂണ്‍കൃഷിയിലെ പാഠങ്ങള്‍ കൈമുതലാക്കിയാണ്
ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ഥികള്‍ 'ദേവ്ഷ്റൂം' എന്ന ബ്രാന്‍ഡില്‍ കൂണ്‍കൃഷി നടത്തുന്നത്.
2023 സെപ്റ്റംബറില്‍ പതിനഞ്ചുബെഡ്ഡുകളുമായി അന്നത്തെ മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥികള്‍ തുടക്കംകുറിച്ചത് ഇന്ന് തൊണ്ണൂറിലധികം കൂണ് ബെഡ്ഡുകളുള്ള സംരംഭക യൂണിറ്റാണ്. കോളേജ് മാനേജ്മെന്റ് പ്രത്യേകം നവീകരിച്ച് നല്കിയ മുറിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ബോട്ടണിവകുപ്പിന്റെ റിവോള്‍വിങ് ഫണ്ടില്‍നിന്നാണ് പ്രാരംഭ മൂലധനം കണ്ടെത്തിയത്.
എച്ച്യു സ്ട്രെയിന്‍ വിഭാഗത്തില്‍പ്പെട്ട ചിപ്പിക്കൂണും കാഴ്ചയില്‍ മനോഹരമായ പിങ്ക് ഓയ്സ്റ്റര്‍ കൂണുമാണ് കൃഷിചെയ്യുന്നത്. ഐസിഎആറിന്റെ കീഴിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററാണ് മഷ്റൂം സ്പോണ് വിതരണം ചെയ്യുന്നത്. മഷ്റൂം ബെഡ് മീഡിയമായ മഷ്പെല്ലെറ്റ് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മണ്‍സൂണ്‍ മഷ്റൂംസില്‍ നിന്നാണ് വാങ്ങുന്നത്.
2025 മാര്‍ച്ച് മാസത്തില്‍ പതിനഞ്ചുകിലോയിലധികം മഷ്റൂം കേവലം ഇരുപത് ബെഡ്ഡില്‍നിന്ന് വിപണിയിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. നൂറുഗ്രാം നാല്പത് രൂപ നിരക്കിലാണ് വിപണനം ചെയ്യുന്നത്. കിട്ടുന്ന ലാഭം പങ്കാളികളായ വിദ്യാര്‍ഥികള്‍ക്ക് വീതിച്ചുനല്കുന്നുണ്ട്.
'ദേവ്ഷ്റൂം' എന്ന ബ്രാന്‍ഡിങ്ങില്‍ കോളേജിന് പുറത്തെ വിപണിയിലെത്തുന്ന മഷ്റൂമിന് എഫ്എസ്എസ്എഐ രജിസ്ട്രേഷന് കിട്ടിയിട്ടുണ്ട്. കൂടുതല്‍ ബെഡ്ഡുകള്‍ സ്ഥാപിച്ച് കൂണ്‍കൃഷി യൂണിറ്റ് വിപുലീകരിക്കുക, സ്വന്തമായി കൂണ്‍വിത്ത് ഉത്പാദിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കുക, പ്രോസസിങ് യൂണിറ്റ് സ്ഥാപിക്കുന്നതിലേക്കുള്ള ആശയം രൂപപ്പെടുത്തുക, കൂണ്‍കൃഷിയില്‍ വിളവ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഗവേഷണം നടത്തുക തുടങ്ങിയ വലിയ ആശയങ്ങളാണ് 'ദേവ്ഷ്റൂം' ബ്രാന്‍ഡിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സിലുള്ളത്.
കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഡോ. ബോണി അഗസ്റ്റിന്, ബോട്ടണി വകുപ്പ് മേധാവി ഡോ. ഡെന്‍സ് പി. സെബാസ്റ്റ്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സതീഷ് ജോര്‍ജ് തുടങ്ങിയവരുടെ പിന്തുണയോടെ ബോട്ടണി അധ്യാപിക ഡോ. എസ്.എല്‍. സൗമ്യയാണ് വിദ്യാര്‍ഥികളുടെ ഈ സംരംഭത്തിന് നേതൃത്വം വഹിക്കുന്നത്.
Content Highlights: Students of Devagiri St. Joseph`s College turn mushroom farming project