120 പശുക്കള്‍, ദിവസം 800 ലിറ്റര്‍ പാല്‍; ചാണകം ഉണക്കാന്‍ വരെ യന്ത്രം, നേട്ടംകൊയ്ത് രാമചന്ദ്രന്‍

#സോമി മുണ്ടയ്ക്കല്‍
പട്ടയക്കുടിയിലെ ഫാമിന്റെ മുമ്പില്‍ രാമചന്ദ്രനും കുടുബവും
പട്ടയക്കുടിയിലെ ഫാമിന്റെ മുമ്പില്‍ രാമചന്ദ്രനും കുടുബവും

ഇടുക്കിയിലെ ഉള്‍നാടന്‍ പ്രദേശമായ പട്ടയക്കുടിയില്‍ വലിയ ഒരു തൊഴുത്തുണ്ട്. അതില്‍ 120 പശുക്കളും. അധികം വികസനം എത്താത്ത മലയോരപ്രദേശത്ത് പശുവളര്‍ത്തലിലൂടെ നേട്ടം കൈവരിക്കുകയാണ് തെങ്ങനാല്‍ രാമചന്ദ്രനും കുടുംബവും. കറവയന്ത്രം മുതല്‍ ചാണകം ഉണക്കുന്ന മെഷീന്‍വരെയുള്ള സ്മാര്‍ട്ട് പശുഫാമാണ് ഇത്. പശുക്കള്‍ക്ക് പാട്ടുകേള്‍ക്കാനുള്ള സംവിധാനം പുല്ലും പൈനാപ്പിള്‍ അരിയുന്നതിനും ഉള്ള യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. നല്ല പാട്ട് കേട്ടാല്‍ പശുക്കള്‍ നന്നായി പാല്‍ ചുരത്തുമെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.

വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് പട്ടയക്കുടി. രാമചന്ദ്രന്റെ കുടുംബം പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണ്. പത്തേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്തായിരുന്നു ഉപജീവനം. രണ്ടുമൂന്ന് പശുക്കളും ഉണ്ടായിരുന്നു. കാട്ടാനയുടെയും കുരങ്ങിന്റെയും കാട്ടുപന്നിയുടേയുമൊക്കെ ശല്യംകാരണം കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. ഇനി എന്തെന്ന് ആലോചിച്ചപ്പോഴാണ് പശുവളര്‍ത്തല്‍ വിപുലമാക്കിയാലോ എന്ന് തോന്നിയത്.

ഭാര്യ ലീലാമ്മയും മകന്‍ ബിനുവും മരുമകള്‍ അഞ്ജലിയും കൂടെ നിന്നു. 10 വര്‍ഷം മുന്‍പ് വലിയ തൊഴുത്തുകെട്ടി കുറച്ചു പശുക്കളെ വാങ്ങി. പാല്‍ വില്‍പ്പനയിലൂടെ നല്ല ലാഭമുണ്ടായി. കാലക്രമേണ 120 പശുക്കളായി. ഇപ്പോള്‍ദിവസം 800 ലിറ്റര്‍ പാലാണ് ആനക്കുഴിയിലെ മില്‍മയില്‍ അളക്കുന്നത്. എച്ച്.എഫ്., ജഴ്സി ഇനത്തില്‍പ്പെട്ടതാണ് പശുക്കളാണ് ഫാമിലുള്ളത്.

ആദ്യംതന്നെ കറവയന്ത്രം വാങ്ങിയിരുന്നു. ചാണകം ഉണക്കി വിറ്റാല്‍ ആദായം ലഭിക്കുമെന്ന് മനസ്സിലായതോടെ അതിനുള്ള യന്ത്രവും വാങ്ങി. ഇപ്പോള്‍ മീനുളിയാന്‍ പാറ, പാഞ്ചാലിക്കുളം, ഏണിത്താഴം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ ഫാം ടൂറിസത്തിന്റെ സാധ്യത പരിശോധിക്കുകയാണ് ഇവര്‍. വന്യമൃഗശല്യമുണ്ടെങ്കിലും ഇപ്പോഴും മറ്റുകൃഷികള്‍ ചെയ്യുന്നുണ്ട്. ഇതിന്റെ ഇടവിളയായാണ് പശുക്കള്‍ക്കുള്ള പുല്ലുവളര്‍ത്തുന്നത്.

Content Highlights: dairy farming success story of idukki native ramachandran