തോരാതെ പെയ്ത മഴ ചതിച്ചു; കക്കിരിപ്പാടങ്ങളിൽ കർഷകവിലാപം

വയലിലും ചാക്കിലും ഒന്നുമില്ല...മഴയിൽ നശിച്ച വേലാശ്വരത്തെ കക്കരിപ്പാടത്ത് വിളവെടുപ്പിനിറങ്ങിയ കർഷകർ
വയലിലും ചാക്കിലും ഒന്നുമില്ല...മഴയിൽ നശിച്ച വേലാശ്വരത്തെ കക്കരിപ്പാടത്ത് വിളവെടുപ്പിനിറങ്ങിയ കർഷകർ

രാവണേശ്വരം (കാസര്‍കോട്): കഴിഞ്ഞവർഷം ഒറ്റദിവസം രണ്ടു ക്വിന്റൽവരെ കക്കിരി പറിച്ചിരുന്ന പാടത്ത് ഇത്തവണ കിട്ടിയത് രണ്ടുകിലോ മാത്രം. അജാനൂരിലെ വേലാശ്വരം, വാണിയമ്പാറ പ്രദേശങ്ങളിലെ ഏക്കറുകണക്കിന്‌ കക്കിരിപ്പാടത്താണ് മഴ ചതിച്ച കർഷകരുടെ സങ്കടക്കാഴ്ചയുള്ളത്.

കഴിഞ്ഞദിവസം ആദ്യ വിളവെടുപ്പിന് പാടത്തിറങ്ങിയ പാലക്കുഴി പി.ഹരിശ്ചന്ദ്രയുടെ വേലാശ്വരം വിശ്വഭാരതിക്ക് സമീപം അഞ്ചേക്കറിൽനിന്ന് കിട്ടിയത് രണ്ടുകിലോ മുഴുപ്പെത്താത്ത പത്തോളം കക്കിരി മാത്രം. അജാനൂരിലെ വേലാശ്വരം, വാണിയമ്പാറ, രാവണേശ്വരം, തെക്കേപ്പള്ളം, പാണന്തോട് പ്രദേശങ്ങളിലെ ഏക്കർകണക്കിന്‌ കക്കിരിപ്പാടത്തുനിന്നാണ് മഴയ്ക്കൊപ്പം കർഷകരുടെ കണ്ണീരും പൊഴിയുന്നത്.

മഴയെ ആശ്രയിച്ചുള്ള കൃഷി, മഴ തന്നെ വില്ലനായി

മറ്റ് ജല​ സേചനസൗകര്യമൊന്നുമില്ലാത്ത പ്രദേശത്തെ ചരൽപ്പാടങ്ങളിൽ മഴയെ ആശ്രയിച്ചാണ് കക്കിരിയും വെള്ളരിയും പയറും വെണ്ടയുമടക്കമുള്ള പച്ചക്കറിക്കൃഷി നടക്കുന്നത്. നന്നായി അടിവളം നൽകിയാൽ മഴയും വെയിലും ഇടകലർന്ന് കിട്ടുന്ന കാലാവസ്ഥയിൽ മികച്ച വിളവും കർഷകർക്ക് ലഭിച്ചിരുന്നു.

രണ്ടരമാസത്തെ കക്കിരിക്കൃഷിയിൽ ഒന്നരമാസം പിന്നിടുമ്പോഴാണ് ആദ്യ വിളവെടുപ്പ് നടക്കുക. കഴിഞ്ഞദിവസം മഴയൊഴിഞ്ഞനേരം നോക്കി തന്റെ 57 ദിവസം പ്രായമായ കക്കരിപ്പാടത്ത് ആദ്യമായി വിളവെടുപ്പിനിറങ്ങിയപ്പോൾ കർഷകൻ ഹരിശ്ചന്ദ്രനുണ്ടായത് നിരാശ മാത്രമായിരുന്നു.

പാടത്ത് വെള്ളം കെട്ടിനിന്ന് വേരും തണ്ടും ചീഞ്ഞനിലയിലാണ് മുഴുവൻ കക്കിരിച്ചെടികളും. അടുത്ത ദിവസങ്ങളിൽ കൃഷിയിറക്കിയ വെണ്ടയും പയറുമടക്കമുള്ള പച്ചക്കറിത്തൈകളും മുളച്ചുവന്നതോടെ കനത്തമഴയിൽ നശിച്ചു.

മികച്ച വിളവ് പ്രതീക്ഷിച്ച് കടക്കെണിയിലായി

കഴിഞ്ഞവർഷം രണ്ടേക്കറിലായിരുന്നു ഹരിശ്ചന്ദ്ര കൃഷിയിറക്കിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരുമാസത്തലധികം നീണ്ട വിളവെടുപ്പിൽ 50 ക്വിന്റലാണ് ഈ കർഷകൻ വിളയിച്ചെടുത്തത്.

വിപണിയിൽ ഏറെ പ്രിയമുള്ള നാടൻ മുള്ളൻകക്കിരിക്ക് ക്വന്റലിന് 2,500 രൂപ വരെ കഴിഞ്ഞ തവണ വിലയും ലഭിച്ചിരുന്നു. കഴിഞ്ഞവർഷത്തെ കൃഷി സമ്മാനിച്ച മികച്ച വിളവും വിലയുമാണ് ഇത്തവണ ഹരിശ്ചന്ദ്രയെ സുഹൃത്ത് യശ്വന്ത്കുമാറിനൊപ്പം കൃഷി അഞ്ചേക്കറിലേക്ക് വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ഇവരെ പോലെ നിരവധി കർഷകർ സ്വന്തം സ്ഥലത്തും സ്ഥലം പാട്ടത്തിനെടുത്തും ഇവിടെ കക്കിരിയടക്കമുള്ള പച്ചക്കറിക്കൃഷി നടത്തിവരുന്നുണ്ട്. സ്വന്തം അധ്വാനത്തിനുപുറമേ, നിലമൊരുക്കാനും കൂലിയായും അടിവളം നൽകാനുമായി കർഷകർക്ക് വലിയ ചെലവുണ്ട്.

വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ മിക്ക കർഷകരും കടക്കെണിയിലായി. കക്കിരിക്കായി ഒരുക്കിയ പാടത്ത് ജലസേചനസൗകര്യമില്ലാത്തതിനാൽ വയലുകളിൽ നടക്കുന്നതുപോലുള്ള തുടർകൃഷിക്കും സാധ്യതയില്ല.

Content Highlights: cucumber farmers in crisis