തേങ്ങ വിലയിടിവിന് തത്കാലം ബ്രേക്ക്: വില കയറിത്തുടങ്ങി, കൊപ്രവിലയും കൂടി

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

വടക്കഞ്ചേരി: ഓണക്കാലത്ത് നാളികേര കർഷകർക്ക് നേരിയ ആശ്വാസം. തേങ്ങയുടെ കുത്തനെയുള്ള വിലയിടിവ് തത്കാലം നിന്നു. വില വർധിച്ചും തുടങ്ങി. കർഷകർക്ക് കിലോഗ്രാമിന് ശരാശരി 70 രൂപവരെ ലഭിച്ചിരുന്നത് ഓഗസ്റ്റ് പകുതിയോടെ 50 രൂപയിലേക്ക് എത്തിയിരുന്നു. നാളികേര ഉത്‌പാദനം പൂർണതോതിൽ എത്തുംമുമ്പേ വിലിയിടിഞ്ഞത് കർഷകരെ ആശങ്കയിലാക്കി. ഉത്‌പാദനം കൂടുമ്പോൾ വില വീണ്ടും കുറയുമെന്ന ആശങ്കയ്ക്കിടെയാണ് ഉയർന്നു തുടങ്ങിയത്.

കർഷകർക്ക് ലഭിക്കുന്ന വില കിലോഗ്രാമിന് 57-ലെത്തി. കേരളത്തിൽ ചില്ലറവിൽപ്പന വില 70 മുതൽ 80 വരെ രൂപയെത്തി. നാളികേരവികസന ബോർഡിന്റെ വിലനിലവാര പ്രകാരം പൊള്ളാച്ചി മാർക്കറ്റിൽ 65 രൂപയാണ് തേങ്ങവില. ഓണക്കാലത്ത് തേങ്ങയുടെ ആവശ്യകത വർധിച്ചതും വടക്കേ ഇന്ത്യയിലേക്ക് കൂടുതൽ കയറ്റിപോകാനും തുടങ്ങിയതോടെയാണ് വില വർധിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു.

തേങ്ങയുടെ വില ഉയർന്നതോടെ കൊപ്രവിലയും കൂടി. നാളികേരവികസന ബോർഡിന്റെ വിലപ്രകാരം കൊപ്രയ്ക്ക് കോഴിക്കോട് മാർക്കറ്റിൽ കിലോഗ്രാമിന് 230 രൂപയും കൊച്ചി മാർക്കറ്റിൽ 221 രൂപയുമാണ്. കിലോഗ്രാമിന് 280 രൂപയുണ്ടായിരുന്ന കൊപ്രവില 195 രൂപ വരെ താഴ്ന്നിരുന്നു. ചെറുകിട മില്ലുകളിൽ വെളിച്ചെണ്ണവിലയും വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 450 രൂപയാണ് ശരാശരി വില. സപ്ലൈകോ വഴിയുള്ള ശബരി വെളിച്ചെണ്ണയുടെയും കേരയുടെയും വില വർധിപ്പിച്ചിട്ടില്ല.

ശബരി വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 339 രൂപയും സബ്‌സിഡിയില്ലാതെ 389 രൂപയുമാണ് വില. ഒരു റേഷൻകാർഡുടമയ്ക്ക് ഒരു ലിറ്റർ വെളിച്ചെണ്ണയേ സബ്‌സിഡി നിരക്കിൽ ലഭിക്കൂ. സപ്ലൈകോയിൽ കേര വെളിച്ചെണ്ണയ്ക്ക് വില 429 രൂപയാണ്.

Content Highlights: Coconut prices in Kerala have started to recover after a recent slump, bringing relief to farmers