വീണ്ടും കയറി തേങ്ങാവില, ചാഞ്ചാടി വെളിച്ചെണ്ണ; പ്രതീക്ഷയിൽ നാളികേര കർഷകർ

കറുകച്ചാൽ: ഇടവേളയ്ക്കുശേഷം തേങ്ങാവില വീണ്ടും കൂടുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ 45-48 രൂപയായിരുന്നു തേങ്ങാവില. കഴിഞ്ഞ മാസം 90 രൂപയിൽ എത്തിയശേഷം താഴേക്ക് വന്നെങ്കിലും ഇപ്പോൾ തിരിച്ചുകയറി.
ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോൾ മൊത്തവില 80 രൂപയും ചില്ലറ വിൽപ്പന 85-87 രൂപയുമാണ്. തേങ്ങാവില ഉയരുന്നത് നാളികേര കർഷകർക്ക് ആശ്വാസമാണ്. പൊതിക്കാത്ത തേങ്ങ 30-35 രൂപയ്ക്കും പൊതിച്ച തേങ്ങാ കിലോയ്ക്ക് 60 രൂപയ്ക്കും അവർക്ക് വിൽക്കാൻ കഴിയുന്നുണ്ട്.
തേങ്ങാവില കൂടുംതോറും വെളിച്ചെണ്ണവില 10-20 രൂപയോളം കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. തേങ്ങയുടെ വില അൽപം കുറഞ്ഞപ്പോഴും വെളിച്ചെണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. 390-420 രൂപ വരെയാണ് ഇപ്പോഴത്തെ വെളിച്ചെണ്ണ വിപണിവില. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 260-270 രൂപയായിരുന്നു വെളിച്ചെണ്ണയ്ക്ക്. നവരാത്രി, ദീപാവലി ആഘോഷങ്ങൾക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര കാര്യമായി സംഭരിച്ച് കൊണ്ടുപോകാൻ തുടങ്ങിയതാണ് വില ഉയരാൻ കാരണം.
വെളിച്ചെണ്ണവില പോയ പോക്ക് (ഒരു വർഷത്തെ കണക്ക്)
| കഴിഞ്ഞ സെപ്റ്റംബർ | 260-270 |
| ഒക്ടോബർ | 270-280 |
| നവംബർ | 280-290 |
| ഡിസംബർ | 280-270 |
| ജനുവരി | 270-280 |
| ഫെബ്രുവരി | 270-290 |
| മാർച്ച് | 290-300 |
| ഏപ്രിൽ | 300-320 |
| മേയ് | 350-380 |
| ജൂൺ | 380-400 |
| ജൂലായ് | 420-440 |
| ഓഗസ്റ്റ് | 410-430 |
| സെപ്റ്റംബർ | 390-400 |
(കമ്പനി അനുസരിച്ച് വില വ്യത്യാസമുണ്ട്)
തേങ്ങാവില ഇങ്ങനെ
| ഡിസംബർ-ജനുവരി | 60-45 |
| ജനുവരി-ഫെബ്രുവരി | 60-65 |
| മാർച്ച്-ഏപ്രിൽ | 70-80 |
| മേയ്-ജൂൺ | 77-85 |
| ജൂൺ-ജൂലായ് | 80-85 |
| ഓഗസ്റ്റ് | 85-90 |
| സെപ്റ്റംബർ | 80-85 |
കർഷകർക്ക് ആശ്വാസം
തേങ്ങായുടെ വില മെച്ചപ്പെടുന്നത് കർഷകർക്ക് ആശ്വാസമാണ്. പച്ചതേങ്ങാ പൊതിക്കാതെ 35 രൂപയോളം കിട്ടുന്നുണ്ട്. കിലോയ്ക്ക് 60 രൂപയോളം നേരിട്ട് കൊടുക്കുമ്പോൾ കിട്ടുമെന്ന് വെച്ചൂരിലെ നാളികേര കർഷകൻ കെ. രാജഗോപാൽ പറയുന്നു.
Content Highlights: Coconut oil prices rise as copra demand increases. Farmers benefit