നാളികേര വികസന ബോർഡിന്‌ 235 കോടി; ഉത്പാദനക്ഷമത കൂട്ടാൻ പദ്ധതി, സഹായധനവർധന പത്തിരട്ടിവരെ

#പി. ലിജീഷ്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

വടകര: നാളികേരക്കൃഷി, ഉത്പാദനം എന്നിവയിലെ തിരിച്ചടി മറികടക്കാൻ നടപ്പുവർഷം നാളികേരവികസന ബോർഡിന് 235 കോടിരൂപയുടെ പദ്ധതികൾ. വിവിധ പദ്ധതികൾക്ക് ബോർഡ് നൽകുന്ന സഹായം വൻതോതിൽ വർധിപ്പിച്ചു. 2025-2026 വർഷം 12,000 ഹെക്ടറിൽ പുതുതായി നാളികേരക്കൃഷി തുടങ്ങുകയാണ് ലക്ഷ്യം. 26,000 ഹെക്ടറിൽ ഉത്പാദനക്ഷമത വർധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.

കഴിഞ്ഞവർഷം ബോർഡിന് കേന്ദ്രവിഹിതമായി ലഭിച്ചത് 175 കോടിരൂപയാണ്. ഇത്തവണ 60 കോടിരൂപ കൂടുതൽ കിട്ടി. പുതിയ പദ്ധതികളെ കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്. കൃഷിയിൽ തമിഴ്‌നാട്, കർണാടക എന്നിവയെക്കാൾ കേരളം മുന്നിലാണെങ്കിലും ഉത്പാദനത്തിൽ മൂന്നാംസ്ഥാനത്താണ്. ഉത്പാദനക്ഷമത ദേശീയശരാശരിയിലും താഴെ. ഹെക്ടറിന് 9871 തേങ്ങയാണ് ദേശീയശരാശരി. എന്നാൽ, കേരളത്തിലേത് 7211 ആണ്. ഉത്പാദനക്ഷമതയിലുണ്ടായ ഇടിവാണ് കേരളത്തെ മൂന്നാംസ്ഥാനത്താക്കിയത്. ഇത് വർധിപ്പിക്കുന്നതിനുള്ള പദ്ധതി കേരളത്തിൽ 8500 ഹെക്ടർ സ്ഥലത്ത് നടപ്പാക്കും.

സഹായധനവർധന പത്തിരട്ടിവരെ

പുതുതായി കൃഷിചെയ്യുന്നതിന് ഹെക്ടറിന് 56,000 രൂപ രണ്ടു ഗഡുക്കളായി നൽകും. പരമാവധി രണ്ട് ഹെക്ടറിൽവരെയാണ് സഹായം. മുൻപ്‌ ഒരു തൈക്ക് 40 രൂപയാണ് സഹായം നൽകിയതെങ്കിൽ ഇപ്പോഴത് 350 രൂപയായി ഉയർന്നു. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സഹായം ഹെക്ടറിന് 42,000 രൂപയാണ്. ഇതും രണ്ടു വാർഷിക ഗഡുക്കളായാണ് നൽകുക. കർഷകക്കൂട്ടായ്മകൾവഴി ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുക. 26,000 ഹെക്ടറാണ് ലക്ഷ്യമിട്ടതെങ്കിലും 40,000 ഹെക്ടറിലേക്കുള്ള അപേക്ഷകൾ ഇതിനകം ബോർഡിന് കിട്ടിക്കഴിഞ്ഞു.

തെങ്ങുകൃഷി പുനരുജ്ജീവനപദ്ധതിപ്രകാരം ഒരു ഹെക്ടറിൽ 32 തെങ്ങ് വെട്ടിമാറ്റാൻ 32,000 രൂപ സഹായം നൽകും. തേങ്ങയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ബോർഡിന്റെ ടെക്‌നോളജി മിഷൻ പദ്ധതിപ്രകാരം നേരത്തേ നൽകിയ പരമാവധി സഹായം 50 ലക്ഷംരൂപയായിരുന്നു. ഇത് മൂന്നുകോടിരൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഗവേഷണങ്ങൾക്കായി പൊതുമേഖലാസ്ഥാപനങ്ങൾക്ക് 50 ലക്ഷംമുതൽ ഒരുകോടി രൂപവരെ നൽകും.

മികച്ച തെങ്ങിൻതൈകൾ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. പൊതുമേഖലയിലുള്ള നഴ്‌സറികൾവഴി ഈ വർഷം കേരളത്തിൽ 2.50 ലക്ഷം തൈകൾ ലഭ്യമാക്കും. സ്വകാര്യമേഖലയിലും പൊതുമേഖലയിലും നാളികേര വിത്തുത്പാദനത്തോട്ടം സ്ഥാപിക്കാൻ മൊത്തം ചെലവിന്റെ 50 ശതമാനം ബോർഡ് നൽകും-പരമാവധി 7.20 ലക്ഷം രൂപ.

തെങ്ങിൻതൈകൾ എല്ലാ സ്ഥലങ്ങളിലും ലഭ്യമാക്കാൻ വികേന്ദ്രീകൃത നഴ്‌സറികൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പരമാവധി ഒരേക്കർ സ്ഥലത്ത് തൈ ഉത്പാദിപ്പിക്കാൻ ചെലവിന്റെ പകുതി സഹായം കിട്ടും. ഒരു തൈ ഉത്പാദിപ്പിക്കാൻ നേരത്തേ നാലുരൂപയാണ് നൽകിയതെങ്കിൽ ഇനി 45 രൂപ നൽകും.

Content Highlights: Coconut Development Board receives ₹235 crore to boost coconut cultivation and productivity