അതിതീവ്രമഴ, അഴുകൽ രോഗം: ഏലം ഉത്പാദനത്തിൽ വൻ ഇടിവ്

#ജോർജ് തോമസ്
ഗ്രീന്‍ ഏലം (എലിറ്റേറിയ കാര്‍ഡമം) | Photo: Mathrubhumi
ഗ്രീന്‍ ഏലം (എലിറ്റേറിയ കാര്‍ഡമം) | Photo: Mathrubhumi

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള അതിതീവ്രമഴയും കാറ്റും കാരണം ഏലം ഉത്പാദനം കുത്തനെ ഇടിയുന്നു. കഴിഞ്ഞവർഷം കനത്ത വേനലായിരുന്നു വില്ലൻ. ഇക്കുറിയത് മഴയുടെ രൂപത്തിലാണ്. വില 2500 മുതൽ 2700 വരെ ഉയർന്നുനിൽക്കുന്ന സമയത്താണ് ഈ തിരിച്ചടി. ഇടുക്കിയിൽ 30 ശതമാനം വരെ ഉത്പാദനം കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 40 ദിവസത്തിലേറെ മഴ കിട്ടി. ഇതോടൊപ്പം ശരവും ചിമ്പും അഴുകി നശിക്കുന്നതും ഉത്പാദനമിടിയലിന് കാരണമായി.

കഴിഞ്ഞവർഷത്തെ കടുത്തവേനലിൽ ഇടുക്കിയിലെ നാൽപ്പത് ശതമാനത്തിലേറെ ഏലച്ചെടി ഉണങ്ങിനശിച്ചിരുന്നു. കർഷകർ വൻതുക മുടക്കി ഈ വർഷമിത് പുനഃസ്ഥാപിച്ചു. ഉണങ്ങാതിരിക്കാൻ ഗ്രീൻ നെറ്റും ഇട്ടു. ഇതോടെ ഈ വർഷം വേനൽ ശക്തമായെങ്കിലും മികച്ചവിളവുണ്ടായി. എന്നാൽ, മേയ് പകുതിയോടെ ആരംഭിച്ച മഴ ഇടവേളകളില്ലാതെ തുടർന്നു. ഇടയ്ക്കിടെയുണ്ടായ അതിതീവ്രമഴയിലും ഒപ്പമുണ്ടായ കാറ്റിലുമാണ് ഏലത്തട്ടകൾ കൂട്ടത്തോടെ മറിഞ്ഞുവീണത്. പലതും വലിയതോതിൽ വിളഞ്ഞതായിരുന്നു. പുനഃസ്ഥാപിക്കാനാവാത്തവിധമാണ് നാശമെന്ന് കമ്പംമെട്ടിലെ കർഷകനായ ഉണ്ണി എം.തോമസ് പറയുന്നു. ഉത്പാദനം ഏറ്റവും കൂടുതലുള്ള ഉടുമ്പൻചോല താലൂക്കിലാണ് കൃഷിനാശമേറെയും.

മഴ കനത്തതോടെ അഴുകൽ രോഗവും വ്യാപകമാണ്. രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, വണ്ടൻമേട്, കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലാണ് ചെടികൾക്ക് രോഗബാധ ഏറെയും. ബോഡോമിശ്രിതപ്രയോഗമുണ്ടെങ്കിലും മഴ തുടരുന്നതിനാൽ ഏശുന്നില്ല. ശരവും ചിമ്പുമാണ് അഴുകിനശിക്കുന്നത്. ഈ വർഷം രോഗവ്യാപനം ഗുരുതരമാണെന്നും മുൻകരുതലെടുക്കുകമാത്രമാണ് പോംവഴിയെന്നും ശാന്തൻപാറ ഏലം വിജ്ഞാനകേന്ദ്രത്തിലെ സയന്റിസ്റ്റ് ഡോ. എസ്. സുധാകർ പറഞ്ഞു.

അതിതീവ്രമഴ

പെട്ടെന്നുണ്ടാകുന്ന അതിതീവ്രമഴ ഏലകൃഷിക്ക് ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഹൈറേഞ്ച് മേഖലയിൽ ഇത്തരം മഴ പതിവായി. ഇത് ഏലത്തിന്റെ പൂവിനെ നശിപ്പിക്കും. വിളവ് കുറയും. മേൽമണ്ണ് ഒലിച്ചുപോകുന്നത് വളക്കൂറ് നഷ്ടമാക്കും. കാറ്റുകൂടി എത്തുമ്പോൾ ഏലത്തട്ടകൾ നിലംപതിക്കും.

Content Highlights: Excessive rainfall and disease devastate cardamom production in Idukki