ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴ കൃഷി; വേണം കുഴിപ്പുള്ളി രോഗത്തിനെതിരെ മുൻകരുതൽ

#ഡോ.സാബിൻ ജോർജ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: കെ.കെ സന്തോഷ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: കെ.കെ സന്തോഷ്

ഓണ വിപണി ലക്ഷ്യമാക്കി നടത്തുന്ന  നേന്ത്രവാഴക്കൃഷിയില്‍ ഇപ്പോൾ കുല വരുന്ന സമയമായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ടിരിക്കുന്ന നേന്ത്രവാഴയിലെ  ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ്  രോഗ ലക്ഷണങ്ങള്‍ കണ്ടുവരുന്നതിനാൽ ഇപ്പോൾ മുൻകരുതലെടുക്കണമെന്ന് കാർഷിക സർവകലാശാല അറിയിക്കുന്നു.

കായകളുടെ അഗ്രഭാഗത്തായി തൊലിപ്പുറത്ത് സൂചിമുനകളുടെ വലുപ്പത്തിലുളള ചെറിയ തവിട്ടുപുള്ളികള്‍ രൂപപ്പെടുന്നതാണ് ആദ്യലക്ഷണം. തുടര്‍ന്ന് അവ വലുതായി എകദേശം 0.5 സെ.മി വലുപ്പത്തിലുളള കുഴികളായി മാറുന്നു. ഈ കുഴികള്‍ക്ക് ചുറ്റും പര്‍പ്പിള്‍ നിറത്തിലുളള വലയങ്ങളും കാണപ്പെടുന്നു. രോഗം മൂര്‍ച്ചിക്കുന്നതോടെ ഇത്തരം കുഴികള്‍ പരസ്പരം കൂടിച്ചേരുകയും വാഴപ്പഴത്തിന്‍റെ തൊലി കുമിള്‍ബാധ മൂലം കരിഞ്ഞുപോവുകയും ചെയ്യുന്നു.

രോഗം അകത്തേക്ക് ബാധിക്കാതെ തൊലിപ്പുറത്തുമാത്രം കാണുന്നതിനാല്‍ ഉള്ളിലെ കാമ്പിന് കാര്യമായ ദോഷം സംഭവിക്കുന്നില്ല. ഇത്തരം പുള്ളികുത്തുകളും അവ ഉണ്ടാക്കുന്ന  കരിച്ചിലുകളും കുലകളുടെ വിപണിമൂല്യം ഗണ്യമായി കുറയ്ക്കും മൂപ്പ് കൂടിയതിനുശേഷവും കുല തോട്ടത്തില്‍ നിര്‍ത്തുകയാണെങ്കില്‍ കായീച്ചയും, പഴയീച്ചയും കായ്കളില്‍ മുട്ട ഇടുകയും മുട്ടവിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കള്‍ കാമ്പിനുളളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം പുഴുക്കുത്തേറ്റ കായ്കളില്‍ തൊലിപ്പുറമെ ചെറിയ സുഷിരങ്ങള്‍ കാണാം. തുര്‍ന്ന് ഇത്തരം പഴങ്ങള്‍ ഭഷ്യയോഗ്യമല്ലാതായിത്തീരും. 

രോഗം പ്രധാനമായും കായ്കളെയാണ് ബാധിക്കുന്നതെങ്കിലും, ടിഷ്യൂ കള്‍ച്ചര്‍  വാഴതൈകള്‍ , വാഴപ്പോള , ഇല, ഇലത്തണ്ട്, കുലത്തണ്ട് എന്നിവിടങ്ങളില്‍ നിന്നും രോഗകാരിയായ കുമിളിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.രോഗം ബാധിച്ച കായ്കളില്‍ നിന്നും കുമിളിന്‍റെ വിത്തുകള്‍ വായുവിലേക്ക് വ്യാപിക്കുകയും അങ്ങനെ രോഗം ചുറ്റുപാടുമുളള മറ്റ് വാഴകളിലേക്ക് പടരുകയും ചെയ്യും. രോഗകാരിയായ കുമിളിന് അനുയോജ്യമായ കാലാവസ്ഥയാണ് ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുളള സമയം. ആയതിനാല്‍ രോഗം വരാതിരിക്കാനും, വ്യാപിക്കാതിരിക്കാനുമുളള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത്  അനിവാര്യമാണെന്ന്  വാഴ ഗവേഷണ കേന്ദ്രം പ്രൊഫസർ ആൻഡ് ഹെഡ് ഡോ.വിമി ലൂയിസ്, ഗവേഷക സഹായി അലൻ സി.ആൻ്റണി എന്നിവർ അറിയിച്ചു.

നിയന്ത്രണ മാര്‍​ഗങ്ങള്‍

  •  ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി തോട്ടം വ്യത്തിയായി സൂക്ഷിക്കുക.
  • പോളിഎത്തിലീന്‍ കവര്‍ / പ്ളാസ്റ്റിക് ചാക്ക് ഉപയോഗിച്ച് കുലകള്‍ പൊതിയുക. ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് കുലകള്‍ പൊതിയാതിരിക്കുക.
  •  കായ്കളിലെ രോഗബാധയ്ക്ക് രോഗാരംഭത്തില്‍ തന്നെ സമ്പര്‍ക്ക കുമിള്‍ നാശിനികളായ മാങ്കോസെമ്പ് അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ളോറൈഡ് 3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ, അന്തര്‍ വ്യാപന ശേഷിയുളള കുമിള്‍ നാശിനിയായ കാര്‍ബെന്‍റാസിം 1 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍  എന്ന തോതിലോ തളിച്ചുകൊടുക്കുന്നതിലൂടെ രോഗ വ്യാപനം തടയാം

Content Highlights: Cultivation of bananas targeting Onam market