2026 ഖരീഫ് സീസൺ: കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസിന് ജൂലായ് 31 വരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ മൂലമുണ്ടാകുന്ന കൃഷിനാശത്തിൽ നിന്ന് കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) പ്രകാരമുള്ള 2026 ഖരീഫ് സീസൺ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 31 വരെ ദീർഘിപ്പിച്ചു.

കർഷകരുടെ സൗകര്യം പരിഗണിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്. ഖരീഫ് സീസണിൽ കൃഷി ചെയ്യുന്ന അർഹരായ കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അംഗീകൃത ഏജൻസിയായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ (AIC) മുഖേനയോ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയോ സമയബന്ധിതമായി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.

അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ഇൻഷുറൻസ് പോളിസി നിർബന്ധമായും പരിശോധിക്കണം. പോളിസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോയെന്ന് ഉറപ്പുവരുത്തി സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

അതിവൃഷ്ടി, വരൾച്ച, ശക്തമായ കാറ്റ്, അമിതമായ ചൂട് തുടങ്ങി പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിൽ നിന്ന് കർഷകർക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആയതിനാൽ അർഹരായ എല്ലാ കർഷകരും പദ്ധതിയുടെ ഭാഗമാകണമെന്ന് കൃഷിവകുപ്പ് അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി കർഷകർക്ക് അംഗീകൃത ഏജൻസിയായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ (AIC)യുമായി ബന്ധപ്പെടുകയോ https://pmfby.gov.in സന്ദർശിക്കുകയോ 1800-425-7064 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Content Highlights: Apply for the 2026 Kharif weather-based crop insurance in Kerala by July 31. Secure your farm against climate risks.