രണ്ടേക്കറില്‍ രജീഷിന്റെ പയര്‍കൃഷി; ദിവസേന വിളവെടുക്കുന്നത് 50 കിലോ പയര്‍

കോഴിക്കോട്, കക്കാടംപൊയില്‍ കള്ളിപ്പാറയില്‍ രണ്ടേക്കര്‍ സ്ഥലത്ത് പടര്‍ന്നുപന്തലിച്ച് കിടക്കുകയാണ് കപ്പപ്പറമ്പില്‍ രജീഷിന്റെ പയര്‍കൃഷി. ദിവസവും 50 കിലോപയറാണ് ഈ യുവാവ് മുക്കത്തെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ സംഭരണ കേന്ദ്രത്തിലെത്തിക്കുന്നത്.
മറ്റുജോലികള്‍ തേടി പായുന്ന യുവാക്കളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനായി കൃഷിയില്‍മാത്രമാണ് രജീഷിന്റെ ശ്രദ്ധ. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് രജീഷ് കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി വാഴക്കൃഷിയില്‍ വ്യാപൃതനായിരുന്നു ഈ യുവാവ്.
സങ്കരയിനം പയര്‍ വിത്ത് 1500 തടങ്ങളിലാണ് നട്ടത്. കീടങ്ങളുടെ ആക്രമണത്തിനെതിരേ ജൈവമാര്‍ഗങ്ങള്‍ ഉപയോഗിച്ചു. ജൈവവളവും രാസവളവും സംയോജിപ്പിച്ചുള്ള കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചത്.
കടകളില്‍ കിലോയ്ക്ക് 20 രൂപ തോതിലാണ് ലഭിച്ചിരുന്നത്. വി.എഫ്.പി.സി.കെ.യുടെ വിപണന കേന്ദ്രത്തില്‍ നല്‍കിയപ്പോള്‍ 30 രൂപവെച്ച് ലഭിച്ചെന്ന് രജീഷ് പറഞ്ഞു. എങ്കിലും കക്കാടംപൊയിലില്‍നിന്ന് മുക്കത്തെ വിപണന കേന്ദ്രത്തിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതോടെ വിളവെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി.
വി.എഫ്.പി.സി.കെ. വിപണന കേന്ദ്രങ്ങള്‍ മലയോരമേഖലയിലും തുറക്കണമെന്നാണ് രജീഷിനെപ്പോലെയുള്ള കര്‍ഷകരുടെ ആവശ്യം. പയറിന്റെ സീസണ്‍ കഴിഞ്ഞാല്‍ രജീഷ് മറ്റുകൃഷികളിലേക്ക് തിരിയും. അയ്യായിരം വാഴയും കപ്പയും ഈ വര്‍ഷം കൃഷിയിറക്കും. 'ജീവനി' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടരഞ്ഞി കൃഷിഭവന്‍ ഈ കര്‍ഷകന് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
Content Highlights: Success story of young Vegetable farmer from Kozhikode
Content Highlights: