ഓര്‍ക്കിഡുകളെ പ്രണയിക്കുന്ന സംരംഭക; പ്രതിമാസം പത്തുലക്ഷം രൂപ വരെ വരുമാനം

#സനില അര്‍ജുന്‍
-
-

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ ചാക്കോ മാഷിന് തെറ്റി. പി.ജി.ക്ക് കണക്ക് പഠിച്ചിട്ടും ആ സ്പന്ദനത്തിന് പിറകെ പോകാതെ, തന്റെ ഇഷ്ടങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച വനിതാ സംരംഭകയാണ് ഷെറിന്‍ അഷ്റഫ്. കണക്ക് പഠിച്ചെങ്കിലും ഷെറിന് പ്രണയം അക്കങ്ങളോടായിരുന്നില്ല, വ്യത്യസ്ത നിറങ്ങളില്‍ കണ്ണിനെ മയക്കുന്ന പൂക്കളോടും ഇലകളോടുമായിരുന്നു. ഈ പ്രണയം ഓര്‍ക്കിഡ് ബിസിനസില്‍ മാതൃകാപരമായ വിജയമുറപ്പിച്ച വനിതാ സംരംഭകയാക്കി ഷെറിനെ മാറ്റി.

പുക്കാട്ടുപടിയിലെ തന്റെ വീടിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള 'ഹാഫി ഓര്‍ക്കിഡ്' എന്ന ഫാമില്‍ ആയിരക്കണക്കിന് ഓര്‍ക്കിഡ് വെറൈറ്റികളുടെ ഒരു ലോകമാണ് ഷെറിന്‍ തീര്‍ത്തിട്ടുള്ളത്. ഇതിനടുത്തായി ടിഷ്യു കള്‍ച്ചര്‍ ലാബും ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ വീട്ടകങ്ങളെ സുന്ദരമാക്കാന്‍ ഓര്‍ക്കിഡുകളെ പരിചയപ്പെടുത്തിയ പ്രഥമരില്‍ ഷെറിനുമുണ്ട്.

പ്രതിമാസം പത്തുലക്ഷം രൂപ വരെയാണ് ഓര്‍ക്കിഡ് ബിസിനസില്‍ നിന്നുള്ള ഷെറിന്റെ വരുമാനം. 20 വര്‍ഷത്തിലധികമായി ഓര്‍ക്കിഡ് ബിസിനസില്‍ തിളങ്ങിനില്‍ക്കുന്ന ആളാണ് ഷെറിന്‍.

ഹോബി ബിസിനസാക്കി

Caption

ചെടികളോടും പൂക്കളോടും ചെറുപ്പം മുതല്‍തന്നെ ഇഷ്ടമുണ്ടായിരുന്നു. ഈ താത്പര്യമാണ് ഇങ്ങനെയൊരു സംരംഭകത്വ ആശയത്തിലേക്ക് നയിച്ചതെന്ന് ഷെറിന്‍ പറയുന്നു. വിവിധതരം ഓര്‍ക്കിഡുകളുടെ ചെറിയൊരു ശേഖരം നേരത്തെ തന്നെ ഷെറിന്റെ പക്കലുണ്ടായിരുന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെയാണ്, ഇതിലെ ബിസിനസ് സാധ്യതയെക്കുറിച്ച് ഷെറിന്‍ ചിന്തിച്ചുതുടങ്ങിയത്.

അങ്ങനെ 1994-ല്‍ കളമശ്ശേരിയില്‍ തന്റെ ആദ്യ ഓര്‍ക്കിഡ് ഫാം ആരംഭിച്ചു. 1998-ല്‍ ടിഷ്യൂ കള്‍ച്ചര്‍ ലാബും ആരംഭിച്ചു. സ്ഥലപരിമിതി കാരണം പിന്നീട് ഫാമും ടിഷ്യൂ കള്‍ച്ചര്‍ ലാബും പുക്കാട്ടുപടിയിലേക്ക് മാറ്റുകയായിരുന്നു. 5,000 രൂപയായിരുന്നു പ്രാരംഭഘട്ട നിക്ഷേപം. പിന്നീട് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 30,000 രൂപയുടെ ധനസഹായവും ലഭിച്ചു.

ടിഷ്യുകള്‍ച്ചര്‍ ലാബില്‍ പ്രധാനമായും ചെയ്യുന്നത് വാഴത്തൈകളാണ്. 104 തരം ഓര്‍ക്കിഡുകളും ഇവിടെയുണ്ട്. ഓര്‍ക്കിഡുകളും ഇന്‍ഡോര്‍പ്ലാന്റുകളും പോട്ടുകളും ടിഷ്യൂ കള്‍ച്ചര്‍ വാഴയുമൊക്കെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ആലുവയിലെ മെട്രോ തൂണ്‍ 91-ന് സമീപം 'പോട്സ് ആന്‍ഡ് പെറ്റല്‍സ്' എന്നൊരു ഷോപ്പും ഷെറിന്‍ ആരംഭിച്ചിട്ടുണ്ട്. ലുലു മാളിലും ഇതിന്റെയൊരു ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 40-ല്‍ അധികം പേരാണ് ഇന്ന് ഹാഫി ഓര്‍ക്കിഡ് ഫാമില്‍ ജോലി ചെയ്യുന്നത്.

ഓര്‍ക്കിഡുകള്‍ക്ക് ഒരിക്കലും വിപണിയില്‍ ഇടിവ് സംഭവിക്കുന്നില്ല. കേരളത്തിന്റെ ഗാര്‍ഡനിങ് സങ്കല്പങ്ങളില്‍ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നിട്ടുള്ള പൂച്ചെടികളാണ് ഓര്‍ക്കിഡുകള്‍. ആഭ്യന്തര വിപണിയില്‍ നല്ല സ്വീകാര്യതയാണ് ഇവയ്ക്കുള്ളത്. 

ഫാമിലെത്തിക്കുന്ന ഓര്‍ക്കിഡുകള്‍ ചൈന, സ്‌പെയിന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ കൊറോണ കാരണം രണ്ട് മാസത്തേക്ക് ഇടപാടുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എങ്കിലും ആഭ്യന്തര വിപണിയിലെ ആവശ്യകത നിറവേറ്റുന്നതിനുള്ള ഓര്‍ക്കിഡുകള്‍ ഫാമിലുണ്ടെന്ന് ഷെറിന്‍ പറയുന്നു.

പെട്ടെന്ന് ഒരുദിവസം ഓര്‍ക്കിഡ് ബിസിനസ് ആരംഭിക്കാന്‍ കഴിയില്ല. മാനസികമായ സമര്‍പ്പണവും കഠിന പരിശ്രമവുമാണ് ഈരീതിയില്‍ തന്റെ ബിസിനസിനെ വളര്‍ത്തിയതെന്നും ഷെറിന്‍ വിശദീകരിച്ചു.

Content Highlights: Success story of  sherin ashraf From Ernakulam

Content Highlights: