സഹസ്രദളം മുതല്‍ 'നമോ 108' വരെ, ഷൈമയുടെ ടെറസിലും മുറ്റത്തുമെല്ലാം ഇടം ബാക്കിയില്ലാതെ താമരച്ചെടികള്‍

40 ഇനങ്ങളിലുള്ള താമരപ്പൂക്കളുടെ കൂട്ടത്തിലാണ് ഷൈമയുടെ ജീവിതം. സഹസ്രദളം മുതല്‍ ഏറ്റവും ഒടുവില്‍ സിഎസ്‌ഐആര്‍ വികസിപ്പിച്ചെടുത്ത 'നമോ 108' വരെയുണ്ട് ഷൈമയുടെ താമരക്കുളത്തില്‍. വീടിന്റെ ടെറസിലും മുറ്റത്തുമെല്ലാം ഇടം ബാക്കിയില്ലാതെ താമരച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നുണ്ട്. കോവിഡുകാലത്ത് തുടങ്ങിയതാണ് താമരവളര്‍ത്തല്‍. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട സുഹൃത്തുക്കളാണ് ട്യൂബറുകള്‍ അയച്ചുനല്‍കിയത്. വിത്ത് മുളപ്പിച്ചും ചിലവ വളര്‍ത്തിയെടുത്തു. ഇപ്പോള്‍ നൂറിലധികം വലിയ ചട്ടികളിലായി താമരകള്‍ വളര്‍ന്നുനില്‍ക്കുകയാണ്.
കര്‍ണ, പീക്കോഫ് പിങ്ക്, ഇന്ദുലേഖ, എസ് ഒന്ന്, അമേരികമേലിയ, പിങ്ക് ക്ലൗഡ്, ലക്ഷ്മി, റാണി റെഡ്, ഭീം, കൂടമുല്ല, റെഡ് ഫിലിപ്പ്, ഡി ഒന്‍പത്, ചന്ദ്രകാന്ത, ചന്ദ്രഭഗ തുടങ്ങിയവയെല്ലാം ഇതിനകം പൂവിട്ടു. ബട്ടര്‍ മില്‍ക്ക്, ലിന്റിങ് ചുവയ്, കുടമുല്ല, ക്രിസ്റ്റല്‍ പിങ്ക് എന്നിവ അപൂര്‍വ ഇനങ്ങളാണ്. ലഖ്നൗവിലെ സിഎസ്ഐആര്‍ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്തതാണ് നമോ 108. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ പത്താം വര്‍ഷത്തിന്റെ ഓര്‍മ്മയ്ക്ക്. ഇതിന് 108 ദളങ്ങളുണ്ടെന്ന് ഷൈമ പറയുന്നു. താമരയില്‍ ഹാര്‍ഡി, സെമി ട്രോപ്പിക്കല്‍, ട്രോപ്പിക്കല്‍ ഇനങ്ങളുണ്ട്. നമോ ട്രോപ്പിക്കലാണ്. ഓണംവരെ പൂ തരും. ഹാര്‍ഡി ഇനത്തിലുള്ളവ കാണാന്‍ ഭംഗിയുണ്ടാകും. കൂടുതല്‍ ദിവസം കൊഴിയാതെ നില്‍ക്കുമെന്നാണ് ഷൈമയുടെ കണ്ടെത്തല്‍.
വളം നല്‍കിയാലേ പൂക്കള്‍ക്ക് ഭംഗിയും നിറവും വലുപ്പവും കിട്ടൂ. മഴക്കാലത്തും പൂക്കള്‍ക്ക് നിറം കൂടും. സ്വാഭാവികമായി വിടരുന്നവയെക്കാള്‍ വിടരാനായ മൊട്ട് പതിയെ തട്ടി വിരിയിക്കുന്നവയ്ക്കും നിറം കൂടുതലുണ്ടാകും. സഹസ്രദളം പൂവിടീപ്പിക്കാനാണ് കൂടുതല്‍ പാട്. താമരയുടെ ട്യൂബറുകള്‍ കറിവെച്ചും അച്ചാറുണ്ടാക്കിയും ഉപയോഗിക്കാമെന്നും ഷൈമ പറയുന്നു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ ട്യൂബറുകള്‍ അയച്ചുനല്‍കാറുണ്ട്. ഭര്‍ത്താവ് രമേശന്‍ നടുവില്‍ അറിയപ്പെടുന്ന ശില്പിയും ചിത്രകാരനുമാണ്. മകള്‍ വിസ്മയയും താമരകള്‍ക്ക് ചങ്ങാത്തം കൂടാനുണ്ട്. കണ്ണൂര്‍, വിളക്കണ്ണൂര്‍ പാല്‍ സൊസൈറ്റി സെക്രട്ടറികൂടിയാണ് ഷൈമ.
Content Highlights: Shaimas incredible collection of over 40 lotus varieties