വിത്തുപിഴച്ചാൽ കർഷകൻ കോടതി കയറണം; വിത്തുബിൽ കർഷകന് കരുതലോ കുരുക്കോ?, ആശങ്കകൾ

1966-ലെ പഴയ വിത്തുനിയമത്തിന് പകരമായി ഇന്ത്യ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമനിർമാണമാണ് സീഡ്സ് ബിൽ 2025 അഥവാ വിത്തുബിൽ 2025. വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, വ്യാജ വിത്തുകൾ തടയുക, കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുക, വിത്തുകമ്പനികൾക്ക് ബിസിനസ് എളുപ്പമാക്കുക എന്നിവയിലൂടെ വിത്തുനിയന്ത്രണം നവീകരിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമായി പറയുന്നത്. നിർബന്ധിത രജിസ്‌ട്രേഷൻ, ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കർശനമായ പിഴകൾ, ചെറിയ പ്രശ്നങ്ങൾ ക്രിമിനൽക്കുറ്റമല്ലാതാക്കുക, വിത്ത് ഇറക്കുമതി പ്രോത്സാഹിപ്പിക്കുക, SATHI പോലുള്ള പോർട്ടലുകൾവഴി ഓൺലൈൻ ട്രാക്കിങ് നടപ്പാക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യമായി പറയുന്നത്. പൊതുജനങ്ങളുടെ പ്രതികരണത്തിനായി 2025 നവംബറിലാണിത് പുറത്തിറക്കിയത്.
കൃഷിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വിത്തുകൾ. നല്ല വിത്തില്ലെങ്കിൽ കൃഷി പരാജയമാകുമെന്ന് കർഷകർക്കും കൃഷിവിദഗ്‌ധർക്കും അറിയാവുന്ന കാര്യമാണ്. നല്ല വിത്ത് തിരഞ്ഞെടുക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നത് പരമ്പരാഗതമായി കർഷകർചെയ്തിരുന്ന കാര്യവുമാണ്.
ഇന്ത്യയിൽ ആദ്യമായി ഒരു വിത്തുനിയമമുണ്ടാകുന്നത് 1966-ലാണ്. പൊതുമേഖലാ കാർഷികഗവേഷണ സ്ഥാപനങ്ങൾ വിത്തുത്‌പാദനം തുടങ്ങുന്ന കാലമാണിത്. പിന്നീട് 1983-ൽ ഒരു വിത്തുനിയന്ത്രണ ഉത്തരവ് വന്നു. അപ്പോഴേക്കും സ്വകാര്യമേഖലയിൽ വിത്തുത്‌പാദനം തുടങ്ങിയിരുന്നു. 2004-ലും 2019-ലും വിത്തുബില്ലുകൾ സർക്കാർ കൊണ്ടുവന്നെങ്കിലും, ഇത് കർഷകവിരുദ്ധമാണെന്ന പൊതു അഭിപ്രായത്തിൻമേൽ തള്ളിക്കളയുകയായിരുന്നു.
ഇക്കാലത്തിനിടയിൽ സ്വകാര്യ വിത്തുവ്യവസായം ഒരു നിയന്ത്രണവുമില്ലാതെ ശക്തമായി വളരുകയായിരുന്നു; പ്രത്യേകിച്ചും പരുത്തി, ചോളം, പച്ചക്കറികൾ തുടങ്ങിയ വിളകളിൽ ഇവരുടെ കുത്തകതന്നെയായി. ഈ വിത്തുകളുടെ വില നിയന്ത്രിക്കാനോ ഗുണനിലവാരം ഉറപ്പുവരുത്താനോ കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താനോ കൃത്യമായ ഒരു സംവിധാനമില്ലാത്തത് കർഷകർക്കും സംസ്ഥാന സർക്കാരുകൾക്കും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് വീണ്ടുമൊരു കരടുബിൽ (വിത്തുബിൽ 2025) പൊതുചർച്ചയ്ക്കും അഭിപ്രായ രൂപവത്‌കരണത്തിനുമായി വന്നത്. ഇക്കഴിഞ്ഞ ഡിസംബർ 11 വരെയാണ് ബില്ലിൻമേലുള്ള അഭിപ്രായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ സമയം അനുവദിച്ചിരുന്നത്.
കർഷകരെ സഹായിക്കാനല്ല
ഈ ബില്ലിലെ വ്യവസ്ഥകൾ പരിശോധിച്ചാൽ ഇത് കർഷകരെ സഹായിക്കാനാണെന്ന് പറയാൻ കഴിയില്ല. അതിൽ ഏറ്റവും പ്രധാനം വിത്തുകളുടെ വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇതിലില്ല എന്നതാണ്. പരുത്തിവിത്തിന്റെ അമിതമായ വിലവർധനക്കാര്യത്തിൽ ആന്ധ്ര, തെലങ്കാന സർക്കാരുകൾ ഇടപെടേണ്ട അവസ്ഥ വന്നപ്പോൾ ഇത് നമ്മൾ മനസ്സിലാക്കിയതാണ്. ഈ ബില്ലിലും സംസ്ഥാനസർക്കാരുകൾക്ക് ഒരു നിയന്ത്രണാധികാരവുമില്ലാത്ത സ്ഥിതിയിലേക്കാണ് വ്യവസ്ഥകളുള്ളത്.
ഏതെങ്കിലും വിത്തുകമ്പനി വിത്ത് വിൽക്കാൻ കേന്ദ്രീകൃതമായ ഒരു സംവിധാനത്തിലൂടെ ഒരിക്കൽ രജിസ്റ്റർ ചെയ്താൽ മതിയാകും 17(8). പിന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും അവർക്കത് വിൽക്കാൻ കഴിയും. സംസ്ഥാനങ്ങൾക്ക് ഒരു കമ്പനി അവിടെ പ്രവർത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരമില്ല. ഇത് ജനാധിപത്യവ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കലാണ്.
കാർഷികമേഖലയിൽ കാലാവസ്ഥാ അതിജീവനശേഷി ഉണ്ടാക്കാനുള്ള നയംമാറ്റങ്ങളിൽ പ്രധാനപ്പെട്ടൊരു കാര്യമാണ് പ്രാദേശികമായി യോജിക്കുന്ന വിത്തുകൾ കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യുക എന്നത്. എന്നാൽ, അതിന് കടകവിരുദ്ധമാണ് ഈ സമീപനം. മാത്രവുമല്ല വിത്ത് മോശമായതുകൊണ്ട് കർഷകർക്ക് നഷ്ടമുണ്ടാകുകയാണെങ്കിൽ അത് പരിഹരിക്കാൻ ഉപഭോക്തൃ കോടതികളെ സമീപിക്കാനാണ് ബില്ലിൽ പറയുന്നത്. ഇത് കർഷകർക്ക് ഏറെ കാലതാമസവും ബുദ്ധിമുട്ടുമുണ്ടാക്കും.
ജില്ലാതലത്തിൽ പരിഹാരസെല്ലുകൾ രൂപവത്‌കരിക്കണമെന്നത് കർഷകസംഘടനകൾ ഏറെ കാലമായി ആവശ്യപ്പെടുമ്പോഴാണ് ബില്ലിൽ മുൻപേ പറഞ്ഞ നിർദേശംവെച്ചിരിക്കുന്നത്. ഗുണം കുറഞ്ഞതോ കലർപ്പുള്ളതോ ആയ വിത്തുകൾമൂലം ഉണ്ടാകുന്ന വിളവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈ ബില്ലുപ്രകാരം സംസ്ഥാന ട്രഷറിയിലേക്കാണ് പോകുക. നഷ്ടം സംഭവിച്ച കർഷകർക്ക് നേരിട്ടത് ലഭിക്കില്ല. നിരന്തരമായ കോടതി നടപടികളുണ്ടാക്കുന്ന സമയനഷ്ടം സാമ്പത്തിക നഷ്ടം കഴിഞ്ഞുവേണം കർഷകർക്കെന്തെങ്കിലും പരിഹാരം ലഭിക്കാൻ. ഇത് ചെറുകിട കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംഗതിയാണ്. കമ്പനികൾക്കുവേണ്ടി വിത്തുത്‌പാദിപ്പിക്കുന്ന കർഷകരുമായുള്ള കോൺട്രാക്ട് വ്യവസ്ഥകളും കൃത്യമല്ലാതെ ഈ ബില്ലിലും തുടരുന്നു. ബില്ലിൽ പറയുന്ന വില നിയന്ത്രണവും ഏറെ അപര്യാപ്തമാണ്. അടിയന്തരഘട്ടങ്ങളിൽ കേന്ദ്രസർക്കാരിന് ഇടപെടാമെന്നുമാത്രമാണിത് പറയുന്നത്. ഇത് വളരെ അവ്യക്തമായ ഒരു വ്യവസ്ഥയാണ്. പ്രത്യേകിച്ചും കർഷകർ കൂടുതലായി കമ്പനികളുടെ ഹൈബ്രിഡ് വിത്തുകളെ ആശ്രയിക്കുന്ന അവസ്ഥവരുന്ന ഇക്കാലത്ത്.
ഇപ്പോഴും രാജ്യത്തെ 60-70 ശതമാനം വിത്തുകളും കർഷകരിൽനിന്നോ കർഷകക്കൂട്ടായ്മകളിൽ നിന്നോ ലഭ്യമാകുന്നതാണ്. കർഷകർക്ക് അവരുടെ വിത്തുകൾ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് ബിൽ പറയുന്നു. എന്നാലവർക്ക് ബ്രാൻഡ് ചെയ്യണമെങ്കിൽ രജിസ്റ്റർചെയ്യണം. കർഷകരെന്നാൽ വ്യക്തികൾമാത്രമല്ല, സ്വയംസഹായ സംഘങ്ങൾതൊട്ട് കർഷകരുടെ ഉത്‌പാദനക്കമ്പനികൾ വരെയുണ്ട്. ഇവരിൽ പലരും പ്രാദേശികമായി വിത്തുവിൽപ്പന നടത്തുന്നുമുണ്ട്. അവർ രജിസ്റ്റർചെയ്യണോ എന്നത് ബില്ലിൽ വ്യക്തമല്ല. ഇനി അവർ രജിസ്റ്റർചെയ്യണമെങ്കിൽ അവരെ വൻകിട വിത്തുകമ്പനികളുമായി താരതമ്യംചെയ്യുന്നത് എത്ര വലിയ അനീതിയാണ്. പിന്നെ ചെറുകിടകർഷകരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാൻകഴിയും?
ജൈവസുരക്ഷയ്ക്ക് ഭീഷണി
മറ്റൊരു പ്രധാന അപകടം വിദേശരാജ്യങ്ങളിൽ പരിശോധനനടത്തിയ വിത്തുകൾ ഇറക്കുമതി ചെയ്യാനും ഇവിടെ പ്രാദേശിക പരീക്ഷണങ്ങൾ നടത്താതെത്തന്നെ ഈ വിത്തുകൾ വിൽക്കാമെന്നുമുള്ള വ്യവസ്ഥയാണ്. ഇത് നമ്മുടെ ജൈവസുരക്ഷയ്ക്ക് ഭീഷണിയാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകളടക്കം പല വിത്തുകളും ഒരു നിയന്ത്രണവും പരിശോധനയുമില്ലാതെ രാജ്യത്ത് വ്യാപകമാവും. പൊതുമേഖലാ കാർഷികഗവേഷണ നിയന്ത്രണ സംവിധാനങ്ങളെ ഇത് ദുർബലപ്പെടുത്തും. ഇത് ഇന്നുള്ള എല്ലാ വിത്തുസംവിധാനങ്ങളെയും ദുർബലപ്പെടുത്തുകയും വൻകിട വിത്തുകമ്പനികൾക്ക് തങ്ങളുടെ വിപണി വർധിപ്പിക്കാനുള്ള വഴി തുറന്നുകൊടുക്കുകയും ചെയ്യും.
പരമാധികാരം കുത്തകകൾക്ക്
വിത്തുബിൽ 2025 ഒരു സ്വതന്ത്രബില്ലായി കാണാനും കഴിയില്ല. ഇതിനോടൊത്ത് കാണേണ്ടത് കമ്യൂണിറ്റി വിത്ത് ബാങ്കുകൾക്കുമേൽ വരുന്ന ബിസ് മാനദണ്ഡങ്ങളും (BIS Standards) പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്റ് വെറൈറ്റി ആൻഡ് ഫാർമേഴ്സ് റൈറ്റ്‌സ് ആക്ടിൽ (PPVFR) വരുത്തുന്ന മാറ്റങ്ങളുമാണ്. ഇതൊരുമിച്ച് വായിക്കുമ്പോൾ നിലവിലുള്ള വിത്തുത്‌പാദന-വിതരണ-വിൽപ്പന-നിയന്ത്രണ സംവിധാനങ്ങളിൽ വരാനിടയുള്ള ഘടനാപരമായ മാറ്റങ്ങളാണ് നമുക്ക് കാണാൻകഴിയുക. ഈ മാറ്റത്തിന്റെ നടുക്കിരിക്കുന്ന ഒരു പ്രധാന കണ്ണിയാണ് വിത്തുബിൽ 2025.
രണ്ടുദശാബ്ദമായി കർഷകരും സംസ്ഥാന സർക്കാരുകളും പൊതുതാത്‌പര്യ സംഘടനകളും കാർഷികവിദഗ്‌ധരും സുതാര്യമായ ഉത്തരവാദിത്വത്തോടെയുള്ള, കർഷകർക്ക് സംരക്ഷണംനൽകുന്ന ഒരു വിത്തുനിയമത്തിനുള്ള കാത്തിരിപ്പിലാണ്. കർഷകർ സംരക്ഷണം ആഗ്രഹിക്കുമ്പോൾ വിത്തുകമ്പനികൾ സ്വാതന്ത്ര്യവും ഈസ് ഓഫ് ഡൂയിങ് ബിസിനസും ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങൾക്ക് നിയന്ത്രണമില്ലാതാകുന്നു. കേന്ദ്രസർക്കാരിന് ഈ ബില്ലിലെ നയങ്ങളിൽ മാറ്റംവരുത്താൻ പൂർണമായി അധികാരം നൽകുന്ന ഒരു സെക്‌ഷൻകൂടി (38.3) ഈ ബില്ലിലുണ്ട്.
ഇന്ത്യയിലെ വിത്തുവ്യവസ്ഥയുടെ ഭാവി ഒരു വഴിത്തിരിവിലാണ്. കർഷകരെ സംരക്ഷിക്കാനും ഇന്ത്യയുടെ വിത്ത് പരമാധികാരം ഉറപ്പിക്കാനും ഈ ബില്ലിന് സാധിക്കില്ലെന്നത് വളരെ വ്യക്തമാണ്. വിത്തുകൾ കർഷകരുടെ ജീവനാഡിയാണ്. തെറ്റായ നയങ്ങൾ കർഷകസ്വാതന്ത്ര്യത്തിനും വിത്തുവൈവിധ്യത്തിനും പ്രാദേശിക ഇനങ്ങളുടെ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കുംതന്നെ ഭീഷണിയാകും.
(ലേഖിക ആശാ കിസാൻ സ്വരാജിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയംഗമാണ്)
Content Highlights: Explore the implications of India`s proposed Seeds Bill 2025. Understand its impact on farmers` rights, food security, and the agricultural ecosystem. Learn more!